ഫ്രാൻസിൽ റഗ്ബി വേൾഡ് കപ്പ് കാണാനെത്തിയ ഐറിഷുകാരടക്കം 25-ഓളം പേർക്ക് ഭക്ഷ്യവിഷബാധ; ഫ്രഞ്ച് യുവതി മരിച്ചു

ഫ്രഞ്ച് നഗരമായ Bordeaux-ലെ വൈന്‍ ബാറില്‍ നിന്നും ഭക്ഷണം കഴിച്ചതിനെത്തുടര്‍ന്ന് ബോട്ടുലിസം പിടിപെട്ട യുവതി മരിച്ചു. 32-കാരിയായ ഇവരുടെ ഐറിഷുകാരനായ ഭര്‍ത്താവ് ഫ്രാന്‍സിലെ തന്നെ ഒരു ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്. റഗ്ബി വേള്‍ഡ് കപ്പ് കാണാനായി ഫ്രാന്‍സിലെത്തിയ ഐറിഷുകാര്‍ ഉള്‍പ്പെടെ 25-ഓളം പേര്‍ക്കാണ് ഭക്ഷണത്തില്‍ നിന്നും ബോട്ടുലിസം വിഷബാധയേറ്റത്. അയര്‍ലണ്ട്- റൊമാനിയ മത്സരം കാണാനായിരുന്നു ഐറിഷ് ആരാധകര്‍ എത്തിയത്.

ശരിയായി പാചകം ചെയ്യാത്തതും, പഴകിയതുമായ ഭക്ഷണത്തില്‍ കാണപ്പെടുന്ന ക്ലോസ്ട്രിഡിയം ബോട്ടുലിനം എന്ന ബാക്ടീരിയ ഉല്‍പ്പാദിപ്പിക്കുന്ന ബോട്ടുലിനം എന്ന വിഷപദാര്‍ത്ഥമാണ് വിരളമെങ്കിലും മാരകമായ ബോട്ടുലിസം (Botulism) രോഗമുണ്ടാക്കുന്നത്. ബോട്ടുലിനം അടങ്ങിയ ഭക്ഷണം കഴിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ രോലക്ഷണങ്ങള്‍ കാണപ്പെടും. ശരീരത്തിന് ബലമില്ലായ്മ, കാഴ്ച മങ്ങല്‍, ക്ഷീണം, സംസാരിക്കുന്നതില്‍ ബുദ്ധിമുട്ട്, കണ്ണുകള്‍ ക്ഷീണത്താല്‍ തൂങ്ങുക, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട്, ഛര്‍ദ്ദി, വയറിളക്കം എന്നിവയാണ് രോഗലക്ഷണങ്ങള്‍. നാഡിവ്യൂഹത്തെയാണ് രോഗം ബാധിക്കുക.

നഗരത്തിലെ പ്രശസ്തമായ Tchin Tchin Wine Bar-ല്‍ നിന്നും ഹോംമെയ്ഡ് സാര്‍ഡൈന്‍സ് (ഒരിനം ചാള) കഴിച്ചവര്‍ക്കാണ് ബോട്ടുലിസം ബാധിച്ചത്. ഫ്രഞ്ച് പൗരന്മാര്‍ക്ക് പുറമെ ഐറിഷ്, ബ്രിട്ടിഷ്, ജര്‍മ്മന്‍, കനേഡിയന്‍, അമേരിക്കന്‍ പൗരന്മാര്‍ക്കും രോഗബാധയുണ്ടായിട്ടുണ്ട്. ഇവരില്‍ ഭൂരിഭാഗം പേരും റഗ്ബി വേള്‍ഡ് കപ്പ് കാണുന്നതിനായി ഫ്രാന്‍സില്‍ എത്തിയവരാണ്.

പലര്‍ക്കും നാട്ടില്‍ മടങ്ങിയെത്തിയ ശേഷമാണ് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത് എന്നതിനാല്‍ അയര്‍ലണ്ടിലെ ആശുപത്രികളില്‍ ഇത്തരം ലക്ഷണങ്ങളുമായി ചികിത്സയ്ക്ക് വരുന്നവരുടെ വിവരങ്ങള്‍ കൈമാറാന്‍ HSE ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം നാറ്റം വന്ന ചില സാര്‍ഡൈന്‍ പാക്കറ്റുകള്‍ താന്‍ പുറത്ത് കളഞ്ഞിരുന്നതായി ബാര്‍ മാനേജര്‍ സമ്മതിച്ചു. ബാക്കിയുള്ളവയില്‍ നിന്നും രോഗം പടര്‍ന്നതാണെന്നാണ് നിഗമനം. ഇതെത്തുടര്‍ന്ന് ബാര്‍ അടച്ചൂപൂട്ടി. കൂടുതല്‍ അന്വേഷണം നടക്കുകയാണ്.

Share this news

Leave a Reply

%d bloggers like this: