ChatGPT നിർമ്മാതാക്കളായ OpenAI ഡബ്ലിനിൽ പുതിയ ഓഫിസ് തുറക്കുന്നു

നിര്‍മ്മിതബുദ്ധി (Artificial intelligence- AI) മേഖലയിലെ മുന്‍നിര കമ്പനിയായ OpenAI, ഡബ്ലിനില്‍ പുതിയ ഓഫിസ് തുറക്കുന്നു. മൈക്രോസോഫ്റ്റിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ കമ്പനിയായ OpenAI, മനുഷ്യര്‍ക്ക് ഉപകാരപ്രദമാകുന്ന രീതിയില്‍ AI സാങ്കേതികവിദ്യ എത്തരത്തില്‍ ഉപയോഗിക്കാമെന്നതില്‍ ഗവേഷണം നടത്തിവരുന്ന സ്ഥാപമാണ്.

യുഎസിലെ സാന്‍ഫ്രാന്‍സിസ്‌കോ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ മൂന്നാമത്തെ ഓഫിസാണ് ഡബ്ലിനില്‍ പ്രവര്‍ത്തനമാരംഭിക്കുക. ലണ്ടനിലും ഓഫിസ് തുറക്കുമെന്ന് കമ്പനി നേരത്തെ പ്രഖ്യാപിച്ചിരുന്നു.

അതേസമയം അയര്‍ലണ്ടില്‍ ചെറിയ രീതിയില്‍ പ്രവര്‍ത്തനമാരംഭിക്കാനാണ് OpenAI-യുടെ പദ്ധതി. പ്രാരംഭഘട്ടത്തില്‍ international payroll specialist, business role, Ireland policy and partnerships lead എന്നിങ്ങനെ മൂന്ന് തസ്തികളില്‍ ഓരോ ഒഴിവ് മാത്രമേ ഉണ്ടാകൂ. ഭാവിയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

ഒപ്പം OpenAI-യുടെ യൂറോപ്യന്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സാകില്ല ഡബ്ലിനിലേതെന്നും, ഇവിടെ നിലവില്‍ ഒരു മേധാവി ഉണ്ടാകില്ലെന്നും കമ്പനിയുടെ ചീഫ് സ്ട്രാറ്റജി ഓഫിസറായ Jason Kwon പറഞ്ഞു.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന OpenAI-യുടെ ChatGPT എന്ന ആപ്പ് ജനകീയമാണ്. മെറ്റായുടെ ത്രെഡ്‌സിന് ശേഷം ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ വളര്‍ച്ച നേടുന്ന ആപ്പാണ് ChatGPT.

Share this news

Leave a Reply

%d bloggers like this: