സ്ഥിരം പല്ലവി കേട്ടു മടുത്തു; ഈ ശീതകാലവും അയർലണ്ടിലെ നഴ്‌സുമാർക്ക് ദുരിതകാലം

അയര്‍ലണ്ടിലെ നഴ്‌സുമാരും, മിഡ്‌വൈഫുമാരും ഈ വരുന്ന ശീതകാലത്തും അപകടകരമായ സാഹചര്യത്തില്‍ ജോലി ചെയ്യേണ്ടിവരുമെന്ന ആശങ്ക പങ്കുവച്ച് Irish Nurses and Midwives Organisation (INMO). World Patient Safety Day-മായി ബന്ധപ്പെട്ട് യൂണിയന്‍ നടത്തിയ പ്രസ്താവനയില്‍, സെപ്റ്റംബര്‍ ഇതുവരെ 100 കുട്ടികളടക്കം 5,210 പേര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലായി കിടക്കാന്‍ ബെഡ്ഡ് ലഭിക്കാതെ ബുദ്ധിമുട്ടുകയാണെന്നും ചൂണ്ടിക്കാട്ടി.

ആശുപത്രിയിലെ അമിതമായ തിരക്ക് രോഗികള്‍ക്ക് മികച്ച ചികിത്സ നല്‍കുന്നതിന് തടസം സൃഷ്ടിക്കുമെന്ന കാര്യം കാലങ്ങളായി തങ്ങള്‍ പറയുന്നതാണെന്നും, എന്നാല്‍ പരിഹാരാമാകാതെ എല്ലാ വര്‍ഷവും വീണ്ടും വീണ്ടും ഇത് ചര്‍ച്ച ചെയ്യേണ്ടിവരുന്ന സ്ഥിതിയാണെന്നും INMO വ്യക്തമാക്കി.

ഇന്ന് നടക്കുന്ന Emergency Department taskforce meeting-ല്‍ HSE-യും, ഒപ്പം എല്ലാ ആശുപത്രികളും രോഗികളുടെ അമിത തിരക്ക് എത്തരത്തില്‍ കുറയ്ക്കാമെന്നതിന് പരിഹാരനിര്‍ദ്ദേശങ്ങളുമായി വേണം വരാനെന്ന് INMO ജനറല്‍ സെക്രട്ടറി Phil Ní Sheaghdha പറഞ്ഞു. ആറ് മണിക്കൂറിലധികം ഒരു രോഗി ബെഡ്ഡ് ലഭിക്കാതെ ട്രോളിയില്‍ കഴിയേണ്ടിവന്നാല്‍ അത് ദൂരവ്യാപകമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്ന കാര്യവും അവര്‍ ഓര്‍മ്മപ്പെടുത്തി. ആവശ്യത്തിന് ആരോഗ്യപ്രവര്‍ത്തകരെ റിക്രൂട്ട് ചെയ്യാന്‍ കഴിയാത്തതും, നിലവിലുള്ളവര്‍ക്ക് മികച്ച ആനുകൂല്യങ്ങള്‍ നല്‍കാന്‍ സാധിക്കാത്തതും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

Share this news

Leave a Reply

%d bloggers like this: