അയർലണ്ടിൽ വീടുകളുടെ പ്രാരംഭ വില വർദ്ധിച്ചു; വാടക നിരക്കിലും വർദ്ധന

അയര്‍ലണ്ടില്‍ വീടുകള്‍ക്ക് വിപണിയില്‍ ചോദിക്കുന്ന വില (asking price) 4% വര്‍ദ്ധിച്ചു. 2023-ന്റെ മൂന്നാം പാദത്തില്‍ (ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍) ആണ് ഈ വില വര്‍ദ്ധനയുണ്ടായതെന്ന് പ്രോപ്പര്‍ട്ടി വെബ്‌സൈറ്റായ MyHome.ie പറയുന്നു.

രണ്ടാം പാദത്തിന് തുടര്‍ച്ചയായി മൂന്നാം പാദത്തിലും വര്‍ദ്ധന സംഭവിച്ചതോടെ, സെപ്റ്റംബര്‍ മാസത്തില്‍ asking price-നെക്കാള്‍ 3% അധികം തുകയാണ് വീട് വാങ്ങാനായി ആളുകള്‍ക്ക് നല്‍കേണ്ടിവന്നത്.

ഒരു വര്‍ഷത്തിനിടെ വിപണിയിലെ asking price ഡബ്ലിനില്‍ 3% ഉയര്‍ന്നപ്പോള്‍, ഡബ്ലിന് പുറത്ത് ശരാശരി 4.9% ഉയര്‍ന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

വെബ്‌സൈറ്റുകളിലും മറ്റുമായി വീട് വില്‍പ്പനയ്ക്ക് വയ്ക്കുമ്പോള്‍ ഉടമകള്‍ ഇടുന്ന പ്രാരംഭവിലയാണ് asking price. ആവശ്യക്കാര്‍ വര്‍ദ്ധിച്ചാല്‍ പ്രാരംഭവിലയെക്കാള്‍ കൂടുതല്‍ നിരക്കില്‍ വീട് വില്‍ക്കാന്‍ സാധിക്കും.

അതേസമയം നിലവില്‍ രാജ്യത്ത് 13,400 വീടുകള്‍ മാത്രമാണ് വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത്. കോവിഡിന് മുമ്പ് ഇത് 20,000-ന് മുകളിലായിരുന്നു.

വീടുകളുടെ വിലയ്ക്ക് പുറമെ വാടകനിരക്കും ഉയര്‍ന്നിട്ടുണ്ട്. പുതുതായി വീട് വാടകയ്ക്ക് എടുക്കുന്നവര്‍ നിലവില്‍ ശരാശരി 1,533 യൂറോ മാസവാടകയാണ് രാജ്യത്ത് നല്‍കുന്നത്. 8.9% ആണ് ഒരു വര്‍ഷത്തിനിടെയുണ്ടായ വര്‍ദ്ധന.

രാജ്യത്തെ സമ്പദ്‌വ്യവസ്ഥ മികച്ച രീതിയില്‍ തുടരുന്നതും, തൊഴിലില്ലായ്മ കുറഞ്ഞതുമാണ് വീടുകള്‍ക്ക് ആവശ്യക്കാര്‍ വര്‍ദ്ധിക്കാന്‍ കാരണം.

Share this news

Leave a Reply

%d bloggers like this: