അയര്‍ലണ്ടില്‍ അമിതവണ്ണം, പ്രമേഹം എന്നിവയുടെ ചികിത്സയ്‌ക്കെന്ന പേരില്‍ ഓണ്‍ലൈനില്‍ വില്‍ക്കപ്പെടുന്ന വ്യാജ മരുന്നുകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന. ഭാരം കുറയ്ക്കല്‍, പ്രമേഹം നിയന്ത്രിക്കല്‍ എന്നിവയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകളിലെ ചേരുവയായ Semaglutide അടങ്ങിയിട്ടുണ്ട് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് പൗഡര്‍ രൂപത്തിലും, കുത്തി വയ്ക്കാവുന്ന ദ്രാവകം അടങ്ങിയ പെന്‍ രൂപത്തിലും ഇവ ഓണ്‍ലൈന്‍ വഴി വ്യാപകമായി വില്‍ക്കപ്പെടുന്നത്. ഈ വര്‍ഷം ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ ഇത്തരം 254 വ്യാജ മരുന്നുകളാണ് Health Products Regulatory Authority (HPRA) പിടിച്ചെടുത്തത്. 2022-ല്‍ വെറും 32 എണ്ണമായിരുന്നു ഇത്തരത്തില്‍ പിടിച്ചെടുത്തത്.
ഇവയില്‍ അടങ്ങിയിരിക്കുന്നത് എന്തെല്ലാമാണെന്നും, എത്ര ഡോസാണ് നല്‍കുന്നത് എന്നും വ്യക്തമല്ലെന്നും, അതിനാല്‍ത്തന്നെ ഇവ ഉപയോഗിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്നും HPRA പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഈ വ്യാജമരുന്നുകള്‍ ഉപയോഗിക്കുന്നവര്‍ എത്രയും പെട്ടെന്ന് അത് നിര്‍ത്തുകയും, ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് ഉറപ്പാക്കാന്‍ വൈദ്യസഹായം തേടുകയും ചെയ്യണം.
അമിതവണ്ണം, പ്രമേഹം എന്നിവയുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന അംഗീകൃത മരുന്നുകളായ Ozempic, Wegovy, Rybelsus എന്നിവയ്ക്ക് പകരം എന്ന പേരിലാണ് ഇവ ഓണ്‍ലൈന്‍ വഴി വില്‍ക്കപ്പെടുന്നത്.
ഓണ്‍ലൈന്‍ വഴി വാങ്ങുന്ന മരുന്നുകളുടെ വിശ്വാസ്യത ഉറപ്പിക്കാന്‍ സാധിക്കാത്തതിനാല്‍, ഡോക്ടറെ കണ്ടതിന് ശേഷം, പ്രിസ്‌ക്രിപ്ഷന്‍ വാങ്ങി, മെഡിക്കല്‍ സ്റ്റോറുകള്‍ വഴി തന്നെ മരുന്നുകള്‍ വാങ്ങണമെന്ന് HPRA ഓര്‍മ്മിപ്പിക്കുന്നു.
അതേസമയം Semaglutide അടങ്ങിയ Ozempic ആണെന്ന പേരില്‍ ശരീരത്തില്‍ കുത്തിവയ്ക്കാവുന്ന ഒരു വ്യാജമരുന്ന് യൂറോപ്പില്‍ വ്യാപിക്കുന്നതായി European Medicines Agency (EMA) മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജര്‍മ്മന്‍ ഭാഷയില്‍ ലേബലുകള്‍ നല്‍കിയിട്ടുള്ള ഇവ ഓസ്ട്രിയ, ജര്‍മ്മനി എന്നിവിടങ്ങളിലാണ് നിര്‍മ്മിക്കപ്പെടുന്നതെന്ന് കരുതുന്നു. എന്നാല്‍ ഇവ ഇതുവരെ അയര്‍ലണ്ടില്‍ എത്തിയതായി കണ്ടെത്തിയിട്ടില്ല.
വ്യാജമരുന്നുകള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ അറിയിക്കുന്നതിന്:
Email: reportacase@hpra.ie
Phone: 01 634 3871 or 01 634 3431.