അയർലണ്ടിലേക്ക് വീണ്ടും ശക്തമായ മഴയെത്തുന്നു; ഡബ്ലിൻ അടക്കം അഞ്ച് കൗണ്ടികളിൽ ജാഗ്രതാ മുന്നറിയിപ്പ്

അയര്‍ലണ്ടില്‍ വീണ്ടും ശക്തമായ മഴ എത്തുന്നു. ബാബേറ്റ് കൊടുങ്കാറ്റിനൊപ്പം എത്തിയ അതിശക്തമായ മഴ കോര്‍ക്ക് അടക്കം നിരവധി പ്രദേശങ്ങളെ വെള്ളപ്പൊക്കത്തിലാക്കിയതിന് പിന്നാലെയാണ് ഈ വാരാന്ത്യം രാജ്യത്ത് മഴ വീണ്ടും ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് (Met Eireann) അറിയിച്ചിരിക്കുന്നത്.

ഇതെത്തുടര്‍ന്ന് കാര്‍ലോ, ഡബ്ലിന്‍, കില്‍ക്കെന്നി, വെക്‌സ്‌ഫോര്‍ഡ്, വിക്ക്‌ലോ എന്നിവിടങ്ങളില്‍ യെല്ലോ വാണിങ് നല്‍കി. ഇന്ന് (ശനി) വൈകിട്ട് 5 മണിമുതല്‍ നാളെ പുലര്‍ച്ചെ 4 മണി വരെയാണ് വാണിങ്. ശക്തമായ മഴയ്‌ക്കൊപ്പം ഇടിമിന്നലും വെള്ളപ്പൊക്കവും ഉണ്ടാകും. യാത്രയും ദുഷ്‌കരമാകും.

അതേസമയം വടക്കന്‍ അയര്‍ലണ്ടിലെ Antrim, Down കൗണ്ടികളില്‍ യു.കെ കാലാവസ്ഥാ വകുപ്പ് ഇന്നലെ രാത്രി 12 മണിക്ക് നല്‍കിയ മഴ മുന്നറിയിപ്പ്, ഇന്ന് വൈകിട്ട് 6 വരെ തുടരും.

രാജ്യത്ത് ഇന്ന് പകലും പലയിടത്തായി മഴ പെയ്യും. പ്രാദേശികമായ വെള്ളപ്പൊക്കത്തിനും ഇത് കാരണമാകും. വൈകുന്നേരത്തോടെ വടക്ക്, പടിഞ്ഞാറന്‍ ഭാഗങ്ങളിലേയ്ക്ക് എത്തുന്ന മഴ ശക്തമാകുകയും, ഇവിടങ്ങളില്‍ വെള്ളം പൊങ്ങുകയും ചെയ്യും.

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയടിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍, കടലില്‍ പോകുന്നത് ഒഴിവാക്കുന്നതാണ് ഉചിതം. തീരപ്രദേശങ്ങളിലും വെള്ളം കയറിയേക്കാം.

രാത്രിയിലും വടക്കന്‍ പ്രദേശങ്ങളില്‍ ശക്തമായമഴ തുടരും.

തെക്ക്-പടിഞ്ഞാറന്‍ പ്രദേശത്തെ ഇന്ന് മഴ കാര്യമായി ബാധിക്കില്ലെന്നും, പൊതുവെ വരണ്ട കാലാവസ്ഥയായിരിക്കുമെന്നും കാലാവസ്ഥാ വിദഗ്ദ്ധര്‍ പറയുന്നു. പക്ഷേ തെക്കന്‍ തീരപ്രദേശങ്ങളില്‍ മഞ്ഞ് രൂപപ്പെട്ടേക്കാം.

Share this news

Leave a Reply

%d bloggers like this: