അയര്‍ലണ്ടിലെ മതവിശ്വാസികളുടെ എണ്ണം കുറയുന്നു. Central Statistics Office (CSO) വ്യാഴാഴ്ച പുറത്തുവിട്ട 2022 സെന്‍സസ് റിപ്പോര്‍ട്ട് പ്രകാരം രാജ്യത്ത് കത്തോലിക്കാ വിശ്വാസികളുടെ എണ്ണം മുന്‍ സെന്‍സസിനെ അപേക്ഷിച്ച് 10% കുറഞ്ഞപ്പോള്‍, ഒരു മതത്തിലും വിശ്വസിക്കുന്നില്ലെന്ന് പറയുന്നവരുടെ എണ്ണം 63% വര്‍ദ്ധിച്ചു.
ഇതിനു മുമ്പ് 2016-ല്‍ നടത്തിയ സെന്‍സസില്‍, അയര്‍ലണ്ടിലെ ആകെ ജനസംഖ്യയുടെ 79% പേര്‍ കത്തോലിക്കാ വിശ്വാസികളാണെന്ന് ബോധ്യപ്പെട്ടിരുന്നു. എന്നാല്‍ 2022-ലേയ്ക്ക് എത്തുമ്പോള്‍ ഇത് 69% ആയി കുറഞ്ഞു. ആകെ 3,515,861 പേരാണ് രാജ്യത്ത് കത്തോലിക്കാ വിശ്വാസികളായി ഉള്ളത്.
അതേസമയം 2016-ലെക്കാള്‍ 280,000 പേര്‍ അധികമായി മതവിശ്വാസികളല്ലെന്ന് പ്രതികരിച്ചതോടെ, ആകെ ജനസംഖ്യയുടെ 14% പേരും ഏതെങ്കിലും മതത്തില്‍ വിശ്വസിക്കാത്തവരായി മാറിയിരിക്കുകയാണ്. ആകെ 736,210 പേരാണ് അയര്‍ലണ്ടില്‍ ഒരു മതത്തിലും വിശ്വസിക്കാത്തവരായി ഉള്ളത്.
റോമന്‍ കത്തോലിക്കാ വിശ്വാസികള്‍ കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവുമധികം പേര്‍ വിശ്വസിക്കുന്ന മതം ചര്‍ച്ച് ഓഫ് അയര്‍ലണ്ട് അല്ലെങ്കില്‍ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് ആണ്. 2022 സെന്‍സസ് പ്രകാരം 124,749 പേരാണ് ഈ വിശ്വാസം പിന്തുടരുന്നത്. 2016-നെക്കാള്‍ 2% അധികമാണിത്.
രാജ്യത്ത് ഏറ്റവുമധികം പേര്‍ പിന്തുടരുന്ന മൂന്നാമത്തെ വിശ്വാസരീതി ഓര്‍ത്തഡോക്‌സ് (ഗ്രീക്ക്, കോപ്റ്റിക്, റഷ്യന്‍) ആണ്. 1 ലക്ഷത്തിലധികം പേരാണ് ഈ വിശ്വാസം പിന്തുടരുന്നത്. മുന്‍ സെന്‍സസിനെക്കാള്‍ 65% അധികമാണിത്.
അതേസമയം തങ്ങള്‍ ഏത് മതത്തില്‍ വിശ്വസിക്കുന്നു എന്ന് പ്രതികരിക്കാന്‍ തയ്യാറാകാതിരുന്നത് 68,000 പേരാണ്.
രാജ്യത്ത് ഇസ്ലാം മത വിശ്വാസികളായി 81,930 പേരും, ഹിന്ദുമത വിശ്വാസികളായി 33,043 പേരും ഉണ്ടെന്നും സെന്‍സസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.