അയർലണ്ടിലേക്ക് കിയാറൻ കൊടുങ്കാറ്റ് എത്തുന്നു; ശക്തമായ മഴയ്‌ക്കൊപ്പം വെള്ളപ്പൊക്കത്തിനും സാധ്യത

ബാബേറ്റ് കൊടുങ്കാറ്റിന് ശേഷം അയര്‍ലണ്ടിലേയ്ക്ക് അടുത്തതായി കിയാറൻ കൊടുങ്കാറ്റ് (Storm Ciaran) എത്തുന്നു. ഈയാഴ്ചയോടെ ഐറിഷ് ദ്വീപിലെത്തുന്ന കാറ്റ്, ശക്തമായ മഴയ്ക്കും, വെള്ളപ്പൊക്കത്തിനും കാരണമാകുമെന്ന് കാലാവസ്ഥാ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കി.

ഇതെത്തുടര്‍ന്ന് വടക്കന്‍ അയര്‍ലണ്ടിലെ Antrim, Armagh, Down, Fermanagh, Tyrone, Derry എന്നീ കൗണ്ടികളില്‍ യു.കെ കാലാവസ്ഥാനിരീക്ഷണ വകുപ്പ് ഇന്ന് മുതല്‍ ബുധനാഴ്ച വരെ യെല്ലോ വാണിങ് നല്‍കിയിട്ടുണ്ട്.

ബാബേറ്റ് പോലെ അയര്‍ലണ്ടില്‍ ഈയാഴ്ച ശക്തമായ മഴയാണ് കിയാറനും കൊണ്ടുവരിക. നീണ്ടുനില്‍ക്കുന്ന ശക്തമായ മഴ, നദികളിലെ വെള്ളം ഉയരാനും കാരണമാകും. പലയിടത്തും വെള്ളപ്പൊക്ക സാധ്യതയും നിലനില്‍ക്കുന്നു. ശക്തമായ കാറ്റും സ്ഥിതി വഷളാക്കും.

Munster, Leinster പ്രദേശങ്ങളെയാണ് മോശം കാലാവസ്ഥ പ്രധാനമായും ബാധിക്കുക. ചൊവ്വാഴ്ചയോടെ മഴ ശക്തിപ്രാപിക്കുമെന്നാണ് നിഗമനം. ഈയാഴ്ച മുഴുവന്‍ ഇത് തുടര്‍ന്നേക്കും.

അതേസമയം കിയാറൻ കൊടുങ്കാറ്റ് വരുന്ന വഴി കൃത്യമായി പ്രവചിക്കാന്‍ സാധിച്ചിട്ടില്ലെന്നും, എന്നിരുന്നാലും അയര്‍ലണ്ടിന്റെ തെക്കന്‍ തീരപ്രദേശത്തുകൂടിയാകും കൊടുങ്കാറ്റ് എത്താന്‍ സാധ്യതയെന്നും കാലാവസ്ഥാ വിദഗ്ദ്ധര്‍ വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: