14 വയസുള്ള കുട്ടികളെ ഉപയോഗിച്ച് കുറ്റവാളികൾ കള്ളപ്പണം കടത്തുന്നു: ഗാർഡ

14 വയസുള്ള കുട്ടികളെ പോലും കള്ളപ്പണം കടത്താനായി (money mule) അന്താരാഷ്ട്ര കുറ്റകൃത്യസംഘങ്ങള്‍ ഉപയോഗിക്കുന്നുവെന്ന് ഗാര്‍ഡ. തട്ടിപ്പുകളും, മറ്റ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും നടത്തി ലഭിക്കുന്ന പണം ഇത്തരത്തില്‍ അനധികൃതമായി പലിശയ്ക്ക് നല്‍കുകയാണ് ക്രിമിനലുകള്‍ ചെയ്യുന്നത്.

സോഷ്യല്‍ മീഡിയ ആപ്പുകളായ ഇന്‍സ്റ്റാഗ്രാം, സ്‌നാപ്ചാറ്റ് മുതലായവ വഴിയാണ് ക്രിമിനലുകള്‍ ഇതിനുള്ള കുട്ടികളെ കണ്ടെത്തുന്നത്. ശേഷം ഈ കുട്ടികളുടെ കൂട്ടുകാരും പണം കടത്തുന്നതില്‍ ഏര്‍പ്പെടുന്നു. പ്രതിഫലമായി മികച്ച പണം ലഭിക്കുമെന്നതിനാലാണ് കുട്ടികളടക്കം ഇതിന് തയ്യാറാകുന്നത്.

പണം അനധികൃതമായി പലിശയ്ക്ക് കൊടുക്കുന്ന കേസില്‍ തന്നെ പണം കടത്തുന്നവരെ ശിക്ഷിക്കാവുന്നതാണെന്ന് ഗാര്‍ഡ എക്കണോമിക് ക്രൈം ബ്യൂറോ സൂപ്രണ്ടായ മൈക്കല്‍ ക്രയാന്‍ വ്യക്തമാക്കി. 14 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്. ഇതിന് പുറമെ പ്രതിയുടെ വീട് ഗാര്‍ഡ പരിശോധിക്കുകയും, പ്രതിയുടെ ഫോട്ടോ, ഫിംഗര്‍പ്രിന്റ്, ഡിഎന്‍എ എന്നീ വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യും.

പ്രതിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുന്നതിനാല്‍ ഭാവിയില്‍ മറ്റ് ബാങ്കുകളില്‍ ഇടപാട് നടത്തുന്നതിനും ഈ കേസ് തടസമാകും. എല്ലാത്തിനും പുറമെ ഇത്തരം പ്രതികളെ ഭീകരവാദപ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ സദാസമയവും നിരീക്ഷിക്കുകയും ചെയ്യും.

നിയമപരമായ പ്രശ്‌നങ്ങളല്ലാതെ, പണവുമായി പിടിക്കപ്പെട്ടാല്‍ ഈ പണം മാഫിയ സംഘങ്ങള്‍ക്ക് തിരികെ നല്‍കാന്‍ പ്രതികള്‍ ബാധ്യസ്ഥരാകുകയും ചെയ്യും. ഒരുപക്ഷേ ജീവന് വരെ ഭീഷണിയേയാക്കാം ഇത്.

14 വയസ് പ്രായമുള്ള കുട്ടികള്‍ മുതല്‍ എല്ലാ പ്രായക്കാരും ഇത്തരത്തില്‍ കള്ളപ്പണം കടത്തലിന്റെ ഭാഗമാകുന്നുണ്ടെന്ന് ഗാര്‍ഡ പറയുന്നു. അതിനാല്‍ കുട്ടികളെ പ്രത്യേകമായും ശ്രദ്ധിക്കണമെന്നും, അവര്‍ വിലകൂടിയ സാധനം വാങ്ങുക, ഏറെ നേരം ഓണ്‍ലൈനില്‍ ചെലവഴിക്കുക, പലപ്പോഴും ആശങ്കാകുലരായി കാണപ്പെടുക എന്നിവ ചെയ്താല്‍ അവരോട് കാര്യങ്ങള്‍ ചോദിച്ച് മനസിലാക്കുകയും, ശേഷം ഗാര്‍ഡയെ വിവരമറിയിക്കുകയും വേണം. കുട്ടികള്‍ ക്രിമിനല്‍ ഗ്യാങ്ങുകളില്‍ പെട്ടുപോകാതിരിക്കാന്‍ ഇത് സഹായിക്കും.

Share this news

Leave a Reply

%d bloggers like this: