അയർലണ്ടിൽ മരുന്നുകൾ കിട്ടാനില്ല; ഈ ആന്റിബയോട്ടിക് ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക

അയര്‍ലണ്ടില്‍ മരുന്നുകളുടെ ദൗര്‍ലഭ്യം തുടരുന്നു. പ്രഷറിന് അടക്കമുള്ള മരുന്നുകളുടെ സ്റ്റോക്ക് കുറയുന്നുവെന്ന റിപ്പോര്‍ട്ട് വന്ന് ആഴ്ചകള്‍ക്കുള്ളിലാണ് ചെവിയിലെ അണുബാധ, സൈനസൈറ്റിസ് എന്നിവയുടെ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ആന്റിബയോട്ടിക് ടാബ്ലറ്റും ലഭിക്കാനില്ലെന്ന റിപ്പോര്‍ട്ട് The Health Products Regulatory Authority (HPRA) പുറത്തുവിട്ടിരിക്കുന്നത്. അയര്‍ലണ്ടിന് പുറമെ യൂറോപ്യന്‍ യൂണിയനിലും വിവിധ മരുന്നുകള്‍ക്ക് ദൗര്‍ലഭ്യം അനുഭവപ്പെടുന്നുണ്ട്.

അണുബാധ ചികിത്സയ്ക്കായി സാധാരണയായി കുറിച്ചുനൽകുന്ന Augmentin എന്ന ബ്രാന്‍ഡില്‍ വില്‍ക്കപ്പെടുന്ന ടാബ്ലറ്റിന്റെ ജനറിക് വേര്‍ഷനുകളാണ് (ഇതേ കണ്ടന്റ് ഉള്ള ഒറിജിനല്‍ ബ്രാന്‍ഡ് അല്ലാത്ത മരുന്ന്) അടുത്ത മാസം വരെ ഇവിടെ ലഭിക്കില്ലെന്ന് വ്യക്തമായിരിക്കുന്നത്. ഇത് നിലവിലെ Augmentin ടാബ്ലറ്റുകളുടെ സ്‌റ്റോക്ക് കുറയാനും, ദൗര്‍ലഭ്യം അനുഭവപ്പെടാനും കാരണമാകും. അതിനാല്‍ ഇവ ഉപയോഗിക്കുന്ന രോഗികള്‍ പകരം ഏത് മരുന്ന് ഉപയോഗിക്കാമെന്ന് ഡോക്ടറുമായി ചര്‍ച്ച ചെയ്യണം.

അതേസമയം ഒരു മരുന്നിന്റെ സ്റ്റോക്ക് ഇല്ലെങ്കില്‍ വീണ്ടും ഡോക്ടറെ കാണാതെ തന്നെ പകരം മരുന്ന് കുറിച്ചു നല്‍കാന്‍ ഫാര്‍മസിസ്റ്റുകള്‍ക്ക് അധികാരം നല്‍കണമെന്ന് ഫാര്‍മസി യൂണിയന്‍ ഏതാനും കാലമായി ആവശ്യപ്പെട്ടുവരികയാണ്. ഇക്കാര്യത്തില്‍ വൈകാതെ തന്നെ അനുകൂല തീരുമാനമുണ്ടാകുമെന്നാണ് യൂണിയന്റെ പ്രതീക്ഷ.

ഡോക്ടറുടെ സ്ഥിരമായ മേല്‍നോട്ടം ഇല്ലാതെ തന്നെ കഴിക്കാവുന്ന ചില മരുന്നുകള്‍, ഡോക്ടറുടെ കുറിപ്പടിയുടെ കാലാവധി കഴിഞ്ഞും അടുത്ത 12 മാസത്തേയ്ക്ക് കൂടി നല്‍കാന്‍ ഫാര്‍മസിസ്റ്റുകള്‍ക്ക് അധികാരം നല്‍കാന്‍ സര്‍ക്കാര്‍ ഈയിടെ തീരുമാനമെടുത്തിരുന്നു.

Share this news

Leave a Reply

%d bloggers like this: