ഹമാസ് ബന്ദിയാക്കിയ ഐറിഷ്-ഇസ്രായേലി ദമ്പതികളുടെ മകൾ എമിലിയെ (9) മോചിപ്പിച്ചു

ഗാസയില്‍ ഹമാസ് ബന്ദിയാക്കിയ ഐറിഷ്- ഇസ്രായേലി ദമ്പതികളുടെ 9 വയസുകാരിയായ മകളെ വിട്ടയച്ചു. ഒക്ടോബര്‍ 7-ന് ഇസ്രായേലില്‍ ഹമാസ് നടത്തിയ റെയ്ഡിനിടെ എമിലി ഹാന്‍ഡ് എന്ന പെണ്‍കുട്ടിയെ കാണാതാകുകയായിരുന്നു.

കുട്ടി കൊല്ലപ്പെട്ടെന്നായിരുന്നു ആദ്യം കരുതിയിരുന്നതെങ്കിലും, കുട്ടിയെ ഹമാസ് ബന്ദിയാക്കിയിരിക്കാമെന്ന് പിന്നീട് സംശയം ബലപ്പെടുകയായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ ഐറിഷുകാരനായ പിതാവ് ടോം ഹാന്‍ഡ് അടക്കമുള്ള ബന്ധുക്കള്‍, എമിലിയെ മോചിപ്പിക്കണമെന്ന് ഹമാസിനോട് അപേക്ഷിക്കുകയും, എമിലിയുടെ മോചനത്തിനായി വേണ്ടതെല്ലാം ചെയ്യുമെന്ന് ഐറിഷ് സര്‍ക്കാര്‍ പറയുകയും ചെയ്തിരുന്നു.

അതേസമയം ഇസ്രായേലുമായി ഹമാസ് അംഗീകരിച്ച നാല് ദിവസത്തെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി മോചിപ്പിക്കപ്പെട്ട ബന്ദികള്‍ക്കൊപ്പമാണ് എമിലിയും പുറത്തെത്തിയത്. വിദേശികളടക്കമുള്ള 241 പേരെയാണ് ഹമാസ് ബന്ദികളാക്കി വച്ചിരിക്കുന്നത്. ഇതില്‍ 50 പേരെയാണ് വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി മോചിപ്പിക്കാന്‍ ധാരണയായിട്ടുള്ളത്.

എമിലി അടക്കം 20 പേരെ റെഡ്‌ക്രോസിന് കൈമാറിയെന്ന് ഇന്നലെ വൈകുന്നേരമാണ് ഹമാസ് അറിയിച്ചത്. 50 ദിവസത്തോളം ബന്ദിയായി കഴിഞ്ഞ ശേഷം എമിലി, ഇസ്രായേലിലെത്തി തന്റെ പിതാവിനൊപ്പം ചേര്‍ന്നു.

‘നമ്മുടെ രാജ്യം ആശ്വാസത്തിന്റെ വലിയൊരു ദീര്‍ഘശ്വാസമെടുത്തിരിക്കുകയാണ്’ എന്ന് ഈ വാര്‍ത്തയോടെ പ്രതികരിച്ച ഐറിഷ് പ്രധാനമന്ത്രി ലിയോ വരദ്കര്‍, ‘നമ്മുടെ പ്രാര്‍ത്ഥനകള്‍ക്ക് മറുപടി ലഭിച്ചു’ എന്നും കൂട്ടിച്ചേര്‍ത്തു.

Share this news

Leave a Reply

%d bloggers like this: