അയർലണ്ടിലെ ശരാശരി മാസവാടക 1,300 യൂറോ ആയി ഉയർന്നു; ഡെപ്പോസിറ്റ് തുക 1,000 യൂറോ

അയര്‍ലണ്ടിലെ ദേശീയ വാടകനിരക്ക് ശരാശരി 1,300 യൂറോ ആയി ഉയര്‍ന്നുവെന്ന് Residential Tenancies Board (RTB)-ന്റെ പഠന റിപ്പോര്‍ട്ട്. ഒപ്പം നിലവില്‍ ഡെപ്പോസിറ്റായി നല്‍കേണ്ടത് ശരാശരി 1,000 യൂറോയുമാണ്.

2019-20 കാലഘട്ടത്തെ അപേക്ഷിച്ച് വാടകനിരക്കില്‍ 300 യൂറോയുടെ വര്‍ദ്ധനയുണ്ടായതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ കാലയളവിലാണ് ഇത് സംബന്ധിച്ച് നേരത്തെ RTB-യുടെ പഠനം നടന്നിട്ടുള്ളത്.

പഠനം സംബന്ധിച്ച് നടത്തിയ സര്‍വേയില്‍, തങ്ങള്‍ വാടകയ്ക്ക് താമസം ആരംഭിച്ച ശേഷം നിരക്ക് വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നാണ് 31% വാടകക്കാരും പറഞ്ഞത്. കഴിഞ്ഞ 12 മാസത്തിനിടെയാണ് വര്‍ദ്ധനയുണ്ടായതെന്നും ഇവര്‍ പറഞ്ഞു. അതേസമയം വാടകനിരക്ക് വര്‍ദ്ധിച്ചെങ്കിലും, തങ്ങളെ കൊണ്ട് ഈ തുക നല്‍കാന്‍ സാധിക്കുന്നുണ്ടെന്നാണ് ഇവരില്‍ 93% പേരും പറയുന്നത്.

വാടകക്കാരില്‍ 66% പേരായിരുന്നു 2019-20 കാലത്ത് ജോലിയുള്ളവരായി ഉണ്ടായിരുന്നതെന്നും, എന്നാല്‍ പുതിയ സര്‍വേയില്‍ ഇത് 78% ആയി ഉയര്‍ന്നെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

വീടുണ്ടാക്കാനോ, വാങ്ങാനോ മോര്‍ട്ട്‌ഗേജ് ലഭിക്കാത്തതിനാലാണ് തങ്ങള്‍ വാടക വീട്ടില്‍ താമസിക്കുന്നതെന്നാണ് സര്‍വേയില്‍ പങ്കെടുത്തവരില്‍ 30% പേര്‍ പ്രതികരിച്ചത്. തങ്ങള്‍ക്ക് ഇഷ്ടമുള്ള സ്ഥലത്ത് വീട് വാങ്ങാന്‍ കഴിയാത്തിനാലാണ് അവിടെ തന്നെ ജീവിക്കാന്‍ വാടക വീടുകള്‍ തെരഞ്ഞെടുത്തതെന്ന് 13% പേര്‍ പറയുന്നു. മോര്‍ട്ട്‌ഗേജ് ലഭിക്കാനായി സമ്പാദ്യം സ്വരുക്കൂട്ടാനാണ് വാടക വീട്ടില്‍ താമസിക്കുന്നതെന്ന് 8% പേര്‍ പ്രതികരിച്ചു.

വാടകക്കാരില്‍ 18% പേര്‍ക്ക് സര്‍ക്കാരിന്റെ ഏതെങ്കിലും തരത്തിലുള്ള വാടക സഹായധനം ലഭിക്കുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Share this news

Leave a Reply

%d bloggers like this: