അയർലണ്ടിലെ സർക്കാർ വകുപ്പുകളിൽ ഇനി 70 വയസ് വരെ ജോലി ചെയ്യാം; പകരം ലഭിക്കുക ഉയർന്ന പെൻഷൻ

അയര്‍ലണ്ടിലെ സര്‍ക്കാര്‍ ജോലികളില്‍ 70 വയസ് വരെ ജോലി ചെയ്യാവുന്ന തരത്തില്‍ പെന്‍ഷന്‍ പദ്ധതിയില്‍ വരുത്തിയ മാറ്റം ജനുവരി 1 മുതല്‍ നിലവില്‍ വരുമെന്ന് സാമൂഹികസുരക്ഷാ വകുപ്പ് മന്ത്രി ഹെതര്‍ ഹംഫ്രിസ്. പെന്‍ഷന്‍ പ്രായം 66 വയസായി തന്നെ തുടരും. അതേസമയം കൂടുതല്‍ പെന്‍ഷന്‍ തുക ലഭിക്കുന്ന തരത്തില്‍ 66 വയസിന് ശേഷം നാല് വര്‍ഷം കൂടി ജോലിയില്‍ തുടരാന്‍ ഉദ്യോഗസ്ഥരെ അനുവദിക്കുന്ന തരത്തിലുള്ളതാണ് പുതിയ പദ്ധതി.

66 വയസിന് ശേഷം ജോലി ചെയ്യുന്ന ഓരോ വര്‍ഷവും ശരാശരി 5% അധികമായി പെന്‍ഷന്‍ ഇനത്തില്‍ പിന്നീട് ലഭിക്കും. ഈ പദ്ധതിയില്‍ പങ്കാളികളാകണോ എന്ന് തീരുമാനിക്കാന്‍ ഓരോരുത്തര്‍ക്കും അവകാശമുണ്ട്.

സോഷ്യല്‍ ഇന്‍ഷുറന്‍സ് റെക്കോര്‍ഡ് മെച്ചപ്പെടുത്തുക, വൈകി ജോലി ലഭിച്ചവര്‍ക്ക് കൂടുതല്‍ സര്‍വീസ് കാലവും പെന്‍ഷനും ലഭിക്കുക എന്നിവയ്ക്ക് ഈ പദ്ധതി സഹായകമാകുമെന്ന് മന്ത്രി ഹംഫ്രിസ് പറഞ്ഞു. പെന്‍ഷനിലേയ്ക്ക് കൂടുതല്‍ കോണ്‍ട്രിബ്യൂഷന്‍ നല്‍കാനും ഇത് സഹായിക്കും.

ജനുവരി 1 മുതല്‍ ആഴ്ചയിലെ ബേസിക് കോണ്‍ട്രിബ്യൂട്ടറി സ്‌റ്റേറ്റ് പെന്‍ഷന്‍ തുക 277.30 യൂറോ ആകും. പുതിയ പദ്ധതി പ്രകാരം 67 വയസ് വരെ ജോലി ചെയ്യുന്ന ഒരാളുടെ പെന്‍ഷന്‍ തുക ആഴ്ചയില്‍ 290.3 യൂറോ ആയും, 68 വയസ് വരെയാണെങ്കില്‍ 304.80 യൂറോ ആയും, 69 ആണെങ്കില്‍ 320.30 യൂറോ ആയും, 70 വയസ് വരെ ജോലി ചെയ്താല്‍ 337.20 യൂറോ ആയും ഉയരും.

2024 ജനുവരി മുതല്‍ 66 വയസ് തികയുന്നവര്‍ക്ക് പദ്ധതിയുടെ ഭാഗമാകാം.

Share this news

Leave a Reply

%d bloggers like this: