2023 അവസാനിക്കാനിരിക്കെ അയർലണ്ടിൽ കാലാവസ്ഥ പ്രക്ഷുബ്ധമാകുന്നു; 17 കൗണ്ടികളിൽ ജാഗ്രത

2023 അവസാന ആഴ്ചയിലേയ്‌ക്കെത്തുമ്പോള്‍ അയര്‍ലണ്ടില്‍ കാലാവസ്ഥ വീണ്ടും പ്രക്ഷുബ്ധമാകുന്നു. ശക്തമായ മഴ, അതിശക്തമായ കാറ്റ്, മഞ്ഞുവീഴ്ച, മഞ്ഞുറയല്‍ എന്നിവ ഈയാഴ്ചയും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.

ഡോണഗല്‍, ലെയിട്രിം, സ്ലൈഗോ എന്നിവിടങ്ങളില്‍ ശക്തമായ കാറ്റിനൊപ്പം മഞ്ഞുവീഴ്ചയുണ്ടാകുമെന്നത് മുന്നില്‍ക്കണ്ട് ശനിയാഴ്ച രാവിലെ 10 മണിവരെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ക്ലെയര്‍, കോര്‍ക്ക്, കെറി, ലിമറിക്ക്, വാട്ടര്‍ഫോര്‍ഡ്, ഗോള്‍വേ, മേയോ, വെക്‌സ്‌ഫോര്‍ഡ് എന്നീ കൗണ്ടികളില്‍ ഇന്ന് അതിശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. ഇതെത്തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ 2 മണി മുതല്‍ രാത്രി 11 മണി വരെ ഇവിടങ്ങളില്‍ യെല്ലോ വിന്‍ഡ് വാണിങ് നല്‍കിയിട്ടുണ്ട്. ശക്തമായ കാറ്റിനൊപ്പം മഴ കൂടി എത്തുന്നതോടെ റോഡ് യാത്ര ദുഷ്‌കരമാകും.

ഇതിന് പുറമെ ക്ലെയര്‍, കോര്‍ക്ക്, കെറി, ലിമറിക്ക് എന്നിവിടങ്ങളില്‍ ഇന്ന് രാത്രി 11 മണി മുതല്‍ നാളെ (ഞായര്‍) വൈകിട്ട് 5 മണി വരെ മറ്റൊരു വിന്‍ഡ് വാണിങ്ങും നല്‍കിയിട്ടുണ്ട്. ഞായറാഴ്ച രാത്രിയിലും തുടരുന്ന മഴ, ഓപ്പണ്‍ എയറില്‍ നടത്തപ്പെടുന്ന പുതുവര്‍ഷാഘോഷ പരിപാടികളെ ബാധിക്കാന്‍ സാധ്യതയുണ്ട്.

അതേസമയം പുതുവര്‍ഷാഘോഷത്തിന്റെ ഭാഗമായി ഡബ്ലിനില്‍ കടലില്‍ കുളിക്കാന്‍ ഇറങ്ങരുതെന്ന് അധികൃതര്‍ പ്രത്യേക മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ശക്തമായ മഴ പെയ്താല്‍ അടുത്ത 48 മണിക്കൂര്‍ നേരത്തേയ്ക്ക് കടലിലും, മറ്റ് ജലാശയങ്ങളിലും ഇറങ്ങരുതെന്നും, ഓടകളില്‍ നിന്നുള്ള മലിനജലം അവയില്‍ എത്തിപ്പെടുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

Share this news

Leave a Reply

%d bloggers like this: