‘മറ്റ് യൂറോപ്യൻ നഗരങ്ങളെ അപേക്ഷിച്ച് ഡബ്ലിൻ സുരക്ഷിതം’: വരദ്കർ

പടിഞ്ഞാറന്‍ രാജ്യങ്ങളിലെ മറ്റ് പല നഗരങ്ങളെയും അപേക്ഷിച്ച് നോക്കുമ്പോള്‍ ഡബ്ലിന്‍ സുരക്ഷിതമാണെന്ന് പ്രധാനമന്ത്രി ലിയോ വരദ്കര്‍. തലസ്ഥാനത്ത് നടന്ന ആക്രമണങ്ങളില്‍ പരിക്കേറ്റവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കേണ്ടതുണ്ടെന്നും, പക്ഷേ ഡബ്ലിനിലെ പൊതുവായ അന്തരീക്ഷം അതക്രമത്തിന്റേത് അല്ലെന്നും വരദ്കര്‍ അഭിപ്രായപ്പെട്ടു.

ഡബ്ലിനില്‍ ഈയിടെയായി അക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ സുരക്ഷയ്ക്ക് കൂടുതല്‍ പരിഗണന നല്‍കിവരുന്നുണ്ട്. നവംബര്‍ 23-ന് ഡബ്ലിനിലെ ഒരു സ്‌കൂളിന് മുന്നില്‍ വച്ച് കുട്ടികളടക്കം നാല് പേര്‍ക്ക് കത്തിക്കുത്തേറ്റതിന് ശേഷം പൊട്ടിപ്പുറപ്പെട്ട കലാപം, സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുകയും ചെയ്തു. ക്രിസ്മസ് സീസണിലും നഗരം ഗാര്‍ഡയുടെ ശക്തമായ നിരീക്ഷണത്തിലാണ്.

അതേസമയം ഗാര്‍ഡയുടെ എണ്ണക്കുറവാണ് അക്രമസംഭവങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമായിരിക്കുന്നതെന്നാണ് പ്രതിപക്ഷം ഉയര്‍ത്തുന്ന വിമര്‍ശനം. സര്‍ക്കാര്‍ ഈ വിമര്‍ശനത്തെ തള്ളിക്കളഞ്ഞിട്ടുണ്ട്.

100% സുരക്ഷിതമായ ഒരു നഗരവും ഇല്ല എന്നാണ് ഡബ്ലിനിലെ സുരക്ഷയുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് വരദ്കര്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. കൊലപാതകനിരക്ക് പോലുള്ള കാര്യങ്ങള്‍ പരിഗണിക്കുമ്പോള്‍, മറ്റ് പല യൂറോപ്യന്‍ നഗരങ്ങളെക്കാള്‍ കുറവാണ് ഡബ്ലിനിലും, അയര്‍ലണ്ടിലും എന്നും വരദ്കര്‍ പറഞ്ഞു. എന്നിരുന്നാലും നഗരത്തില്‍ ഗാര്‍ഡ നിരീക്ഷണം ശക്തമാക്കാന്‍ നടപടിയെടുത്തിട്ടുണ്ടെന്നും, നിയമം കര്‍ശനമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സുരക്ഷയ്ക്കായി തെരുവുകളില്‍ കൂടുതല്‍ വിളക്കുകള്‍ സ്ഥാപിക്കുക, കൂടുതല്‍ ക്യാമറകള്‍ സ്ഥാപിക്കുക എന്നിവയ്‌ക്കൊപ്പം അക്രമം കുറയ്ക്കുന്നതിന്റെ ഭാഗമായി മയക്കുമരുന്നിന് അടിമപ്പെട്ടവരെ പുനരധിവസിപ്പിക്കുക, മാനസികാരോഗ്യരംഗം മെച്ചപ്പെടുത്തുക എന്നിവയും ചെയ്തുവരുന്നതായി വരദ്കര്‍ വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: