അയർലണ്ടിൽ മഞ്ഞുവീഴ്ച തുടങ്ങുന്നു; 4 കൗണ്ടികളിൽ മുന്നറിയിപ്പ്

അയര്‍ലണ്ടില്‍ അതിശൈത്യം തുടരുന്ന സാഹചര്യത്തില്‍ ഡോണഗല്‍, ലെയ്ട്രിം, മേയോ, സ്ലൈഗോ എന്നിവിടങ്ങളില്‍ യെല്ലോ സ്‌നോ- ഐസ് വാണിങ് നല്‍കി കാലാവസ്ഥാ വകുപ്പ്. ഈ പ്രദേശങ്ങളില്‍ മഞ്ഞുവീഴ്ചയുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് നടപടി.

റോഡിലും മറ്റുമായി മഞ്ഞുറയുന്നത് യാത്ര ദുര്‍ഘടമാക്കും. ഡ്രൈവര്‍മാര്‍ ഫോഗ് ലൈറ്റ് ഓണ്‍ ചെയ്ത്, വളരെ കുറഞ്ഞ വേഗതയില്‍ മാത്രം വാഹനമോടിക്കുക. ഇന്ന് (ബുധന്‍) രാവിലെ 7 മണി മുതല്‍ വ്യാഴാഴ്ച രാവിലെ 11 മണി വരെയാണ് മുന്നറിയിപ്പ് നിലനില്‍ക്കുക.

അതേസമയം രാജ്യവ്യാപകമായി നല്‍കിയിട്ടുള്ള കുറഞ്ഞ താപനില, ഐസ് വാണിങ് ഇന്ന് രാവിലെ 11 മണിയോടെ അവസാനിക്കും. ഇന്നലെ വൈകിട്ട് 6 മണിക്കാണ് മുന്നറിയിപ്പ് നിലവില്‍ വന്നത്.

ഇന്ന് പകല്‍ 0 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ മാത്രമേ പരമാവധി അന്തരീക്ഷതാപനില ഉയരുകയുള്ളൂ എന്നാണ് പ്രവചനം. ചെറിയ രീതിയില്‍ വെയിലും ലഭിക്കും. പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ട്. രാത്രിയോടെ താപനില മൈനസ് 5 ഡിഗ്രി വരെ താഴും.

നാളെയും അതിശൈത്യം തുടരുമെന്നും, പകല്‍ 5 ഡിഗ്രി വരെ പരമാവധി താപനില ഉയരുമെന്നും കാലാവസ്ഥാ നിരീക്ഷണവകുപ്പ് വ്യക്തമാക്കി. രാത്രിയോടെ താപനില വീണ്ടും മൈനസ് 5 ഡിഗ്രിയിലേയ്ക്ക് താഴും.

Share this news

Leave a Reply

%d bloggers like this: