അയർലണ്ടിൽ നമ്പർ പ്ലേറ്റ് മോഷണം പതിവാകുന്നു; ലക്ഷ്യം പുതിയ തട്ടിപ്പ് രീതിയോ?

അയര്‍ലണ്ടിലെ ഡോണഗല്‍ കൗണ്ടിയില്‍ നിര്‍ത്തിയിട്ട വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകള്‍ മോഷ്ടിക്കപ്പെടുന്നത് പതിവാകുന്നു. ഇവയുപയോഗിച്ച് ഗുരുതര കുറ്റകൃത്യങ്ങള്‍ മോഷ്ടാക്കള്‍ നടത്തിയേക്കുമെന്ന ആശങ്ക പങ്കുവയ്ക്കുകയാണ് പ്രദേശത്തെ ഗാര്‍ഡ ഉദ്യോഗസ്ഥര്‍. ഈ സാഹചര്യത്തില്‍ തങ്ങളുടെ വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് നഷ്ടപ്പെട്ടതായി ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ തന്നെ തൊട്ടടുത്ത് ഗാര്‍ഡ സ്റ്റേഷനിലെത്തി വിവരമറിയിക്കണമെന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്.

ഇക്കഴിഞ്ഞ ശനി, ഞായര്‍ ദിവസങ്ങളിലായി Muff ഗ്രാമത്തിലെ ഒരു ഹൗസിങ് എസ്റ്റേറ്റിലാണ് അവസാനമായി നമ്പര്‍ പ്ലേറ്റുകള്‍ കാണാതെ പോയതായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇവിടെ പാര്‍ക്ക് ചെയ്ത ഒരു കാറിന്റെ മുന്നിലെയും, പിന്നിലെയും നമ്പര്‍ പ്ലേറ്റുകള്‍ മോഷ്ടാക്കള്‍ കൈക്കലാക്കി.

മോഷ്ടിച്ച നമ്പര്‍ പ്ലേറ്റുകള്‍ തങ്ങളുടെ വാഹനങ്ങളില്‍ ഘടിപ്പിച്ച ശേഷം തട്ടിപ്പുകാര്‍ ഈയിടെ പല കുറ്റകൃത്യങ്ങളും നടത്തിയിട്ടുള്ളതായി ഗാര്‍ഡ പറയുന്നു. കൂടുതല്‍ ഗുരുതര കുറ്റകൃത്യങ്ങള്‍ ഈ രീതിയില്‍ നടത്താനും സാധ്യതയുണ്ട്.

ഈയിടെയായി Inishowen Peninsula-യില്‍ കൊള്ളയും, മോഷണവും വര്‍ദ്ധിച്ചിരിക്കുന്നതും, നമ്പര്‍ പ്ലേറ്റ് മോഷണവും തമ്മില്‍ ബന്ധമുണ്ടോ എന്നും ഗാര്‍ഡ സംശയിക്കുന്നുണ്ട്. മോഷ്ടിച്ച നമ്പര്‍ പ്ലേറ്റുകള്‍ ഘടിപ്പിച്ച വാഹനങ്ങളുപയോഗിച്ചാണ് കൊള്ള നടത്തുന്നതെന്നാണ് സംശയം.

Share this news

Leave a Reply

%d bloggers like this: