അയർലണ്ടിലേക്ക് ഇരമ്പിയെത്തി ഇഷ കൊടുങ്കാറ്റ്; കൗണ്ടികളിൽ ഉടനീളം ഓറഞ്ച് വാണിങ്

അയര്‍ലണ്ടിലേയ്ക്ക് ഇരമ്പിയെത്തി ഇഷ കൊടുങ്കാറ്റ്. വടക്കുപടിഞ്ഞാറന്‍ തീരം വഴി വീശിയടിക്കുന്ന കൊടുങ്കാറ്റിനെത്തുടര്‍ന്ന് രാജ്യമെങ്ങും കാലാവസ്ഥാ വകുപ്പ് ഓറഞ്ച് വാണിങ് നല്‍കിയിരിക്കുകയാണ്. ഇന്ന് (ഞായര്‍) വൈകിട്ട് 5 മണി മുതല്‍ നാളെ പുലര്‍ച്ചെ 2 മണി വരെയാണ് മുന്നറിയിപ്പ് നിലനില്‍ക്കുക.

അതിശക്തമായ കാറ്റ് വീശുകയും, അതുമായി ബന്ധപ്പെട്ടുള്ള അപകടങ്ങള്‍ സംഭവിക്കുകയും ചെയ്യുമെന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കടലില്‍ അപകടകരമായ ഉയരത്തില്‍ തിരമാലകളുയരുകയും ചെയ്യും. ശക്തമായ കാറ്റില്‍ വസ്തുക്കള്‍ പറന്നുവരാനുള്ള സാധ്യത മുന്നില്‍ക്കണ്ടുകൊണ്ട് ജനങ്ങള്‍ അതീവജാഗ്രത പാലിക്കണം.

മുന്നറിയിപ്പ് നിലനില്‍ക്കുന്ന സമയങ്ങളില്‍ റോഡ് യാത്ര ഒഴിവാക്കുന്നതാണ് നല്ലത്. വെള്ളക്കെട്ടുള്ള റോഡുകളിലൂടെ വാഹനമോടിക്കാനും പാടില്ല.

അതേസമയം ഡോണഗല്‍ കൗണ്ടിയില്‍ ഈ മുന്നറിയിപ്പ് തിങ്കളാഴ്ച രാവിലെ 5 മണി വരെ നീളും.

കാറ്റില്‍ മരങ്ങള്‍ കടപുഴകി അപകടങ്ങളുണ്ടായേക്കാമെന്നും, വ്യാപകമായി വൈദ്യുതിവിതരണം നിലച്ചേക്കാമെന്നും അധികൃതര്‍ അറിയിച്ചു.

ഓറഞ്ച് വാണിങ്ങിന് പുറമെ ഞായറാഴ്ച മുതല്‍ തിങ്കളാഴ്ച രാവിലെ 4 മണി വരെ രാജ്യവ്യാപകമായി യെല്ലോ വാണിങ്ങും നിലവിലുണ്ട്.

തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണി വരെ വടക്കന്‍ അയര്‍ലണ്ടിലെ എല്ലാ കൗണ്ടികളിലും യെല്ലോ വാണിങ്ങും നല്‍കിയിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: