വടക്കൻ അയർലണ്ടിൽ പങ്കാളിത്ത ഭരണം പുന:സ്ഥാപിച്ചു; Sinn Fein-ന്റെ Michelle O’Neill ഫസ്റ്റ് മിനിസ്റ്റർ

വടക്കന്‍ അയര്‍ലണ്ടില്‍ അധികാരം പങ്കുവയ്ക്കല്‍ (Stormont Assembly) പുനഃസ്ഥാപിച്ചതോടെ ഫസ്റ്റ് മിനിസ്റ്ററായി Sinn Fein പാര്‍ട്ടിയുടെ Michelle O’Neill സ്ഥാനമേല്‍ക്കും. Democratic Unionist Party-യുടെ നേതാവ് Jeffrey Donaldson, Stormont Assembly പുനഃസ്ഥാപിക്കാന്‍ അനുകൂല നീക്കം നടത്തിയതോടെയാണ് രണ്ട് വര്‍ഷത്തിന് ശേഷം വടക്കന്‍ അയര്‍ലണ്ടില്‍ പങ്കാളിത്ത ഭരണം തിരികെയെത്തുന്നത്. DUP-ക്ക് പിന്നാലെ Ulster Unionist Party (UUP)-യും Stormont Assembly എക്‌സിക്യുട്ടീവില്‍ പങ്കാളികളാകുമെന്ന് അറിയിച്ചു.

പങ്കാളിത്ത ഭരണം പുനഃസ്ഥാപിച്ചതില്‍ ഐറിഷ് പ്രധാനമന്ത്രി ലിയോ വരദ്കര്‍ ആഹ്ലാദം പ്രകടിപ്പിച്ചു.

എന്താണ് Stormont Assembly?

സാങ്കേതികമായി യു.കെയുടെ ഭാഗമാണെങ്കിലും, യു.കെയുടെ ഒപ്പം തുടരണമോ, റിപ്പബ്ലിക് ഓഫ് അയര്‍ലണ്ടിന്റെ ഭാഗമാകണണോ എന്നത് സംബന്ധിച്ചുള്ള തര്‍ക്കങ്ങള്‍ തുടരുന്നതിനാല്‍ വടക്കന്‍ അയര്‍ലണ്ടില്‍ ഭരണം നിയന്ത്രിക്കുന്നത് നാഷണലിസ്റ്റ്, യൂണിയനിസ്റ്റ് രാഷ്ട്രീയ പാര്‍ട്ടികളിലെ ജനപ്രതിനിധികള്‍ ചേര്‍ന്നുള്ള സര്‍ക്കാരാണ്. ഐക്യ അയര്‍ലണ്ടിനായാണ് നാഷണലിസ്റ്റ് പാര്‍ട്ടി (വടക്കന്‍ അയര്‍ലണ്ടിലെ Sinn Fein) വാദിക്കുന്നതെങ്കില്‍, യു.കെയുടെയൊപ്പം തുടരാനാണ് യൂണിയനിസ്റ്റ് പാര്‍ട്ടി (Democratic Unionist Party) ആഗ്രഹിക്കുന്നത്.

പങ്കാളിത്ത ഭരണസംവിധാനം എന്ത്?

ഈ തര്‍ക്കം 1960-കളില്‍ അക്രമത്തിലേയ്ക്ക് കടക്കുകയും, അത് തുടരുകയും ചെയ്തപ്പോള്‍ 1998-ലെ Good Friday Agreement (അല്ലെങ്കില്‍ Belfast Agreement) പ്രകാരമാണ് പങ്കാളിത്ത ഭരണ സംവിധാനം വടക്കന്‍ അയര്‍ലണ്ടില്‍ നടപ്പിലാക്കിയത്. സര്‍ക്കാര്‍ കെട്ടിടങ്ങള്‍ Stormont എന്നാണ് അറിയപ്പെടുന്നത് എന്നതിനാല്‍ ഈ സര്‍ക്കാര്‍ സംവിധാനം Stormont Assembly എന്നും പറയപ്പെടുന്നു. ജനങ്ങള്‍ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന ജനപ്രതിനിധികള്‍ ചേര്‍ന്നതാണ് Stormont Assembly Executive. ഈ ജനപ്രതിനിധികള്‍ തെരഞ്ഞെടുക്കുന്ന ഫസ്റ്റ് മിനിസ്റ്ററും, ഡെപ്യൂട്ടി ഫസ്റ്റ് മിനിസ്റ്ററുമാണ് Stormont Assembly നേതാക്കള്‍. ഒപ്പം ഫസ്റ്റ് മിനിസ്റ്ററുടെ അതേ അധികാരം തന്നെയാണ് ഡെപ്യൂട്ടി ഫസ്റ്റ് മിനിസ്റ്റര്‍ക്കും ഉണ്ടാകുക. ഇവരില്‍ ഒരാള്‍ നാഷണലിസ്റ്റ് പാര്‍ട്ടിയുടെയും, മറ്റേയാള്‍ യൂണിയനിസ്റ്റ് പാര്‍ട്ടിയുടെയും അംഗമാകും.

Stormont Assembly പിരിച്ചുവിടപ്പെട്ടതിന് കാരണം എന്ത്?

ബ്രെക്‌സിറ്റ് ശേഷമുള്ള വാണിജ്യനയങ്ങളില്‍ സര്‍ക്കമുണ്ടായതിനെത്തുടര്‍ന്ന് Stormont Assembly-യില്‍ പങ്കുചേരാന്‍ DUP വിസമ്മതിച്ചതോടെയാണ് രണ്ട് വര്‍ഷമായി ഈ ഭരണസംവിധാനം പ്രവര്‍ത്തനരഹിതമായത്. ഇത് വടക്കന്‍ അയര്‍ലണ്ടിലെ പൊതുമേഖലാ പ്രവര്‍ത്തനത്തെ ആകെ താളം തെറ്റിച്ചിരുന്നു.

അധികാരം പുനഃസ്ഥാപിക്കപ്പെടുമ്പോള്‍

ഇന്ന് ഉച്ചയ്ക്ക് 1 മണിക്കാണ് Stormont Assembly വീണ്ടും ചേരുന്നത്. പൊതുവെ ഭൂരിപക്ഷമായ യൂണിയനിസ്റ്റ് പാര്‍ട്ടിയുടെ പ്രതിനിധിയാണ് ഫസ്റ്റ് മിനിസ്റ്ററായി തെരഞ്ഞെടുക്കപ്പെടാറ്. എന്നാല്‍ ഇത്തവണ നാഷണലിസ്റ്റ് പാര്‍ട്ടിയായ Sinn Fein-ന്റെ Michelle O’Neill ഫസ്റ്റ് മിനിസ്റ്ററായി ചരിത്രം കുറിച്ചിരിക്കുകയാണ്.

Share this news

Leave a Reply

%d bloggers like this: