അയർലണ്ടിലെ ശരാശരി വാടക മാസം 1,850 യൂറോ; നിരക്ക് വർദ്ധന കുറഞ്ഞെങ്കിലും വാടക മേൽപ്പോട്ട് തന്നെ

അയര്‍ലണ്ടിലെ വാടകനിരക്ക് വര്‍ദ്ധനയില്‍ കാര്യമായ കുറവ്. പ്രോപ്പര്‍ട്ടി വെബ്‌സൈറ്റായ Daft.ie പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 2023-ലെ വാടക നിരക്ക് വര്‍ദ്ധന 6.8% ആണ്. 2022-ല്‍ ഇത് 13.7 ശതമാനവും, 2021-ല്‍ 10.3 ശതമാനവും ആയിരുന്നു നിരക്ക് വര്‍ദ്ധന. ഡബ്ലിനില്‍ കൂടുതല്‍ വീടുകള്‍ ലഭ്യമായതോടെയാണ് നിരക്ക് വര്‍ദ്ധനയില്‍ കുറവ് സംഭവിച്ചിരിക്കുന്നതെന്നാണ് വിലയിരുത്തല്‍.

അതേസമയം രാജ്യമെങ്ങും വാടക നിരക്ക് ഉയരുന്നത് തന്നെയാണ് ഇപ്പോഴുമുള്ള പ്രതിഭാസം. ഡബ്ലിനില്‍ വാടക നിരക്ക് വര്‍ദ്ധന പൊതുവെ കുറവാണെങ്കിലും ഡബ്ലിന് പുറത്ത് വാടക കുത്തനെ ഉയരുകയാണ്. ഡബ്ലിനിലെക്കാള്‍ നാലിരട്ടിയോളമാണ് മറ്റ് പലയിടങ്ങളിലെയും വാടക വര്‍ദ്ധന. ഇവിടങ്ങളില്‍ താമസിക്കാനുള്ള കെട്ടിടങ്ങളുടെ ലഭ്യതയും കുറവാണ്.

കോവിഡിന് ശേഷമുള്ള മാറ്റമായാണ് ഈ പ്രതിഭാസം വിലയിരുത്തപ്പെടുന്നത്. ജോലിക്കായി ഡബ്ലിന്‍ നഗരത്തെ മാത്രം ആശ്രയിക്കുന്നത് കാര്യമായി കുറഞ്ഞു. പലരും വര്‍ക്ക് ഫ്രം ഹോം രീതിയിലും ജോലി ചെയ്യുന്നു.

ഡബ്ലിനില്‍ മാത്രമുള്ള വാടക നിരക്ക് വര്‍ദ്ധന കഴിഞ്ഞ വര്‍ഷം 2.6% ആണെങ്കില്‍, ഡബ്ലിന് പുറത്തെ ശരാശരി നിരക്ക് വര്‍ദ്ധന 10.6% ആണ്. ഗോള്‍വേ സിറ്റി, കോര്‍ക്ക് സിറ്റി, ലിമറിക്ക് സിറ്റി, വാട്ടര്‍ഫോര്‍ഡ് സിറ്റി എന്നിവിടങ്ങളില്‍ ഡബ്ലിനിലെക്കാള്‍ ഇരട്ടിയാണ് വാടക നിരക്ക് വര്‍ദ്ധന.

അയര്‍ലണ്ടിലെ ദേശീയ ശരാശരി വാടക നിരക്ക് 2023-ലെ അവസാന മൂന്ന് മാസങ്ങളില്‍ 1,850 യൂറോ എന്ന നിലയിലാണ് എത്തി നില്‍ക്കുന്നത്. അതിന് മുമ്പുള്ള മൂന്ന് മാസങ്ങളിലെക്കാള്‍ 25 യൂറോ അധികമാണിത്. കോവിഡ് ആരംഭിച്ച 2020-ന്റെ തുടക്കത്തില്‍ ഇത് 1,365 യൂറോ ആയിരുന്നു.

Share this news

Leave a Reply

%d bloggers like this: