ഫുട്പാത്തിൽ തെന്നിവീണ് പരിക്കേറ്റു; കൗൺസിലിനെതിരെ 88-കാരി നൽകിയ പരാതി 160,000 യൂറോയ്ക്ക് ഒത്തുതീർപ്പായി

കില്‍ക്കെന്നിയില്‍ നടപ്പാതയില്‍ തെന്നിവീണ് പരിക്കേറ്റതിനെത്തുടര്‍ന്ന് 88-കാരി കൗണ്‍സില്‍ അധികൃതര്‍ക്കെതിരെ നല്‍കിയ പരാതി 160,000 യൂറോയ്ക്ക് ഒത്തുതീര്‍പ്പായി. കില്‍ക്കെന്നിയിലെ പിയേഴ്‌സ് സ്ട്രീറ്റ് സ്വദേശിയായ സാറ മഹോണിയാണ് കില്‍ക്കെന്നി കൗണ്ടി കൗണ്‍സിലിനെതിരെ ഹൈക്കോടതിയില്‍ പരാതി നല്‍കിയിരുന്നത്.

2020 സെപ്റ്റംബര്‍ 19-നാണ് വീടിനടുത്ത McDonagh Street-ല്‍ വച്ച് നടപ്പാതയില്‍ മഹോണി തെന്നിവീഴുന്നത്. നടപ്പാതയിലെ പൊട്ടിക്കിടന്ന ഭാഗത്ത് അറിയാതെ കാല്‍ വച്ചതോടെയായിരുന്നു അപകടമെന്ന് പരാതിയില്‍ മഹോണി പറഞ്ഞിരുന്നു.

മുഖമടിച്ച് വീണ മഹോണിക്ക് മുഖത്തും, കൈക്കും പരിക്കേറ്റു. മൂക്കില്‍ നിന്നും രക്തം വന്ന ഇവരെ ആംബുലന്‍സിലായിരുന്നു ആശുപത്രിയില്‍ എത്തിച്ചത്. അഞ്ച് ദിവസത്തെ ആശുപത്രി വാസവും വേണ്ടിവന്നു.

അപകടം നടന്ന ഫുട്പാത്തില്‍ വാഹനം കയറിയതിനെത്തുടര്‍ന്നാണ് ഒരുഭാഗം അടര്‍ന്നുമാറിയതെന്നാണ് കരുതപ്പെടുന്നത്. വാഹനം കയറിയാല്‍ തകരാത്ത വിധം നിലവാരത്തില്‍ ഫുട്പാത്ത് നിര്‍മ്മിക്കാന്‍ കൗണ്ടി കൗണ്‍സില്‍ ശ്രമിച്ചില്ലെന്ന് കാട്ടിയായിരുന്നു മഹോണി പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചത്.

പരാതിയിലെ ആരോപണങ്ങളെല്ലാം കൗണ്‍സില്‍ നിഷേധിച്ചുവെങ്കിലും, കേസില്‍ ന്യായമുണ്ടെന്ന് കണ്ടെത്തിയാണ് ജഡ്ജ് ഒത്തുതീര്‍പ്പ് ശരിവച്ചത്.

Share this news

Leave a Reply

%d bloggers like this: