അയർലണ്ടിലെ രാഷ്ട്രീയ പാർട്ടികളിൽ Sinn Fein-ന്റെ ജനപ്രീതി കുറഞ്ഞു; പിന്തുണയിൽ മുന്നേറി Aontu

രാജ്യത്തെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ Sinn Fein-ന്റെ ജനപ്രീതി കുറഞ്ഞതായി ഏറ്റവും പുതിയ സര്‍വേ ഫലം. Business Post-നായി The Red C നടത്തിയ സര്‍വേ പ്രകാരം നിലവില്‍ 25% പേരുടെ പിന്തുണയാണ് മേരി ലൂ മക്‌ഡൊണാള്‍ഡ് നയിക്കുന്ന പാര്‍ട്ടിക്കുള്ളത്. കഴിഞ്ഞ മാസത്തെ സര്‍വേയില്‍ 28% പേരുടെ പിന്തുണയാണ് പാര്‍ട്ടിക്ക് ഉണ്ടായിരുന്നത്. എങ്കിലും രാജ്യത്ത് ഇപ്പോള്‍ ഏറ്റവും ജനപ്രീതിയുള്ള പാര്‍ട്ടിയായി Sinn Fein തന്നെ തുടരുകയാണ്.

സര്‍ക്കാര്‍ കക്ഷിയായ Fine Gael-ന്റെ പിന്തുണ 1 പോയിന്റ് കുറഞ്ഞ് 19% ആയിട്ടുണ്ട്. അതേസമയം വരദ്കര്‍ പാര്‍ട്ടി നേതൃസ്ഥാനം രാജിവയ്ക്കുന്നതിന് മുമ്പാണ് സര്‍വേ നടന്നത് എന്നത് പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്.

സര്‍ക്കാര്‍ കൂട്ടുകക്ഷിയായ Fianna Fail-ന്റെ ജനപിന്തുണ 16% ആയി തന്നെ തുടരുകയാണ്. സര്‍ക്കാരിലെ മൂന്നാമത്തെ കക്ഷിയായ ഗ്രീന്‍ പാര്‍ട്ടിയുടെ പിന്തുണ 1 പോയിന്റ് വര്‍ദ്ധിച്ച് 4% ആയിട്ടുണ്ട്.

ഭരണഘടനാഭേദഗതിയുമായി ബന്ധപ്പെട്ട് നടന്ന അഭിപ്രായവോട്ടെടുപ്പിന് ശേഷമാണ് ഈ സര്‍വേ നടത്തിയത്. ഭേദഗതിയെ എതിര്‍ക്കുന്ന വിഭാഗം വോട്ടെടുപ്പില്‍ വിജയിക്കുകയും ചെയ്തിരുന്നു. ഭേദഗതിയെ ശക്തമായി എതിര്‍ത്ത പാര്‍ട്ടിയായ Aontu-വിന്റെ ജനപിന്തുണ ഇതിന് ശേഷം 5% ആയി ഉയര്‍ന്നു. പാര്‍ട്ടിക്ക് ഇത്രയും പിന്തുണ ലഭിക്കുന്നത് ഇതാദ്യമായാണ്.

ഏറ്റവും കൂടുതല്‍ ജനപിന്തുണയുള്ള മറ്റൊരു കൂട്ടര്‍ സ്വതന്ത്രരാണ്. 17% പേരാണ് സ്വതന്ത്രരെ പിന്തുണയ്ക്കുന്നത്.

സോഷ്യല്‍ ഡെമോക്രാറ്റ്‌സ് 6% (1% കുറഞ്ഞു), ലേബര്‍ പാര്‍ട്ടി 3% (1% കുറഞ്ഞു), പീപ്പിള്‍ ബിഫോര്‍ പ്രോഫിറ്റ്- സോളിഡാരിറ്റി 3% (മാറ്റമില്ല) എന്നിങ്ങനെയാണ് മറ്റ് പാര്‍ട്ടികളുടെ ജനപിന്തുണ.

Share this news

Leave a Reply

%d bloggers like this: