യുഎസിലെ ബാൾട്ടിമോർ പാലത്തിൽ കപ്പൽ ഇടിച്ചുണ്ടായ അപകടം; കാണാതായ 6 പേരും മരിച്ചെന്ന് നിഗമനം

ബാള്‍ട്ടിമോറിലെ തുറമുഖത്ത് പാലത്തില്‍ കപ്പല്‍ ഇടിച്ചതിനെത്തുടര്‍ന്നുണ്ടായ അപകടത്തില്‍ നദിയില്‍ കാണാതായ ആറ് പേരും മരിച്ചതായി നിഗമനം. ഇവരെ ജീവനോടെ കണ്ടെത്താമെന്ന പ്രതീക്ഷ ഇല്ലാതയോടെ യുഎസ് കോസ്റ്റ് ഗാര്‍ഡ് തിരച്ചില്‍ അവസാനിപ്പിച്ചതായി അറിയിച്ചു. യുഎസിലെ മേരിലാന്‍ഡിലുള്ള നഗരമാണ് ബാള്‍ട്ടിമോര്‍.

ഫ്രാന്‍സിസ് സ്‌കോട്ട് കീ ബ്രിഡ്ജ് എന്ന പാലത്തിലെ കേടുപാടുകള്‍ തീര്‍ക്കുകയായിരുന്നു അപകടത്തില്‍ കാണാതായ ആറ് പേരും. വെള്ളത്തില്‍ വീണ വേറെ രണ്ട് തൊഴിലാളികളെ രക്ഷപ്പെടുത്തിയിരുന്നു.

അന്തരീക്ഷ താപനിലയും, ഓളവും ഡൈവര്‍മാരെ പ്രതികൂലമായി ബാധിക്കുന്നതായി മേരിലാന്‍ഡ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് പൊലീസ് റൊളാന്‍ഡ് ബട്ട്‌ലര്‍ പറഞ്ഞു.

1977-ല്‍ നിര്‍മ്മിക്കപ്പെട്ട പാലത്തിലേയ്ക്കാണ് സിംഗപ്പൂര്‍ ചരക്കു കപ്പലായ ദാലി, ഇടിച്ചുകയറിയത്. തുടര്‍ന്ന് ഉടന്‍ തന്നെ പാലത്തിലേയ്ക്കുള്ള ഗതാഗതം നിര്‍ത്തിവച്ചത് ഏറെപ്പേരുടെ ജീവന്‍ രക്ഷിക്കാന്‍ കാരണമായി. അപകടസമയത്ത് പാലത്തിലുള്ള ഏതാനും വാഹനങ്ങള്‍ നദിയില്‍ വീണിരുന്നു.

2.6 കിലോമീറ്ററിലധികം നീളമുണ്ട് ഈ പാലത്തിന്. കപ്പലിലെ തകരാര്‍ കാരണമാണ് അപകടമുണ്ടായത് എന്നാണ് കരുതുന്നത്. അപകടത്തിന് മുമ്പ് കപ്പല്‍ പാലത്തിലേയ്ക്ക് ഇടിച്ചുകയറിയേക്കാമെന്ന് കപ്പലിലെ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Share this news

Leave a Reply

%d bloggers like this: