റൂറൽ റോഡുകളിലെ വാഹനാപകട മരണങ്ങൾ: ഇയുവിൽ അയർലണ്ടിന് മൂന്നാം സ്ഥാനം; ആളുകൾ വേഗപരിധി പാലിക്കുന്നില്ലെന്നും റിപ്പോർട്ട്

റൂറല്‍ റോഡുകളിലുണ്ടാകുന്ന വാഹനാപകട മരണങ്ങളുടെ കാര്യത്തില്‍ യൂറോപ്യന്‍ യൂണിയനില്‍ അയര്‍ലണ്ടിന് മൂന്നാം സ്ഥാനം. രാജ്യത്ത് ഉണ്ടാകുന്ന മൂന്നില്‍ രണ്ടിലധികം റോഡപകട മരണങ്ങളും ഇത്തരത്തില്‍ ഉള്‍പ്രദേശത്തെ റോഡുകളിലാണ് സംഭവിക്കുന്നത് എന്നും European Transport Safety Council (ETSC) വ്യക്തമാക്കി.

രാജ്യത്ത് 2020-2022 കാലയളവിലുണ്ടായ ആകെ റോഡപകട മരണങ്ങളില്‍ 67 ശതമാനവും ഉള്‍നാടന്‍ പ്രദേശങ്ങളിലാണ്. ഇക്കാര്യത്തില്‍ അയര്‍ലണ്ടിന് മുന്നിലുള്ള രാജ്യങ്ങള്‍ ഫിന്‍ലന്‍ഡ്, സ്വീഡന്‍ എന്നിവയാണ്. ഇയു ശരാശരിയാകട്ടെ 52% ആണ്.

ഇതിന് പുറമെ ഫ്രാന്‍സ്, ഓസ്ട്രിയ പോലെ നിരവധി ഇയു രാജ്യങ്ങളില്‍ റൂറല്‍ റോഡുകളിലെ ശരാശരി വേഗത കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കുറഞ്ഞു വരുമ്പോള്‍, അയര്‍ലണ്ടില്‍ വേഗത കൂടിവരുന്നതായാണ് കാണാന്‍ സാധിക്കുന്നത്. ഇതും അപകടം വര്‍ദ്ധിക്കാന്‍ കാരണമാകുന്നു.

അയര്‍ലണ്ടിലെ വെറും 22% ആളുകള്‍ മാത്രമേ റൂറല്‍ റോഡുകളില്‍ 50 കി.മീ അനുവദനീയ വേഗമുള്ള സ്ഥലങ്ങളില്‍ അത് പാലിച്ച് യാത്ര ചെയ്യുന്നുള്ളൂ എന്നും റിപ്പോര്‍ട്ട് കണ്ടെത്തി. 100 കി.മീ പരിധിയുള്ള സ്ഥലങ്ങളില്‍ 75% പേരും ഇത് പാലിക്കുന്നുണ്ട്. 2022-ലെ കണക്കാണിത്.

അയര്‍ലണ്ടില്‍ ഈയിടെയായി റോഡപകടങ്ങളും, ഇതെത്തുടര്‍ന്നുള്ള മരണങ്ങളും വര്‍ദ്ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് പ്രധാനപ്പെട്ട കാര്യങ്ങള്‍ വെളിവാക്കുന്ന ഈ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. അയര്‍ലണ്ടില്‍ ഈ വര്‍ഷം ഇതുവരെ 55 പേരുടെ ജീവനാണ് റോഡുകളില്‍ പൊലിഞ്ഞത്. റൂറല്‍ റോഡുകളിലെ അപകടങ്ങള്‍ കുറയ്ക്കാനായി സര്‍ക്കാരിന്റെ അടിയന്തരവും, കാര്യക്ഷമവുമായ ഇടപെടലും ETSC നിര്‍ദ്ദേശിക്കുന്നുണ്ട്.

മോട്ടോര്‍വേകള്‍ മാറ്റി നിര്‍ത്തി, റൂറല്‍ റോഡുകളുടെ മാത്രം കാര്യമെടുത്താല്‍ 2022-ല്‍ ഇയുവിലാകെയുണ്ടായ അപകട മരണങ്ങള്‍ 10,000-ഓളമാണ്.

Share this news

Leave a Reply

%d bloggers like this: