പഴയ ഫോണുകളിൽ ബാങ്ക് ഓഫ് അയർലണ്ട് ആപ്പ് പ്രവർത്തിക്കില്ല? അപ്ഡേറ്റ് ചെയ്യാൻ സമയം നീട്ടിനൽകി ബാങ്ക്

പഴയ സ്മാര്‍ട്ട് ഫോണുകളിലും, ടാബ്ലറ്റുകളിലും ആപ്പ് അപ്‌ഡേറ്റുകള്‍ നിര്‍ത്തലാക്കുന്നതിനുള്ള സമയപരിധി നീട്ടി നല്‍കി ബാങ്ക് ഓഫ് അയര്‍ലണ്ട്. ഇന്നലെയായിരുന്നു ഇതിനുള്ള അവസാന ദിവസമായി നിശ്ചയിച്ചിരുന്നതെങ്കിലും, ഇത് ജൂലൈ 1 വരെ നീട്ടുന്നതായി ബാങ്ക് അറിയിച്ചു. ഇതോടെ ഉപഭോക്താക്കള്‍ക്ക് പുതിയ ഫോണ്‍ വാങ്ങാനോ, സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റ് ചെയ്യാനോ കൂടുതല്‍ സമയം ലഭിക്കും.

പഴയ വേര്‍ഷനുകള്‍ ഉപയോഗിക്കുന്ന ആപ്പിള്‍ ഒഎസ്, ആന്‍ഡ്രോയ്ഡ് എന്നിവയില്‍ നിര്‍മ്മാതാക്കളായ ആപ്പിളില്‍ നിന്നോ, ഗൂഗിളില്‍ നിന്നോ അപ്‌ഡേറ്റുകള്‍ ലഭിക്കില്ല എന്ന കാരണത്താലാണ് ബാങ്ക് ഓഫ് അയര്‍ലണ്ട് തങ്ങളുടെ ആപ്പ് അപ്‌ഡേറ്റ് നിര്‍ത്തലാക്കാന്‍ തീരുമാനമെടുത്തത്. അപ്‌ഡേറ്റുകള്‍ ലഭിക്കാതെ വന്നാല്‍ ഫോണുകളും, ടാബ്ലറ്റുകളും കൂടുതല്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ നേരിടും.

ജൂലൈ 1 മുതല്‍ ഐഒസ് 15 മുതല്‍ മുകളിലോട്ടുള്ള വേര്‍ഷന്‍ ഉപയോഗിക്കുന്ന ഫോണുകളില്‍ മാത്രമേ ബാങ്ക് ഓഫ് അയര്‍ലണ്ട് ആപ്പ് അപ്‌ഡേറ്റുകള്‍ ലഭിക്കുകയുള്ളൂ. ആന്‍ഡ്രോയ്ഡ് ആണെങ്കില്‍ വേര്‍ഷന്‍ 11 മുതല്‍ മുകളിലോട്ടും. ഫോണില്‍ ആപ്പ് ഉപയോഗിക്കാന്‍ സാധിക്കാത്തവര്‍ക്ക് ഓണ്‍ലൈന്‍ വഴി ഇടപാടുകള്‍ നടത്താമെന്ന് ബാങ്ക് ഓഫ് അയര്‍ലണ്ട് അറിയിച്ചിട്ടുണ്ട്.

മാര്‍ച്ച് 31-ന് ശേഷം തങ്ങളുടെ പഴയ ഫോണുകളില്‍ ആപ്പ് പ്രവര്‍ത്തിക്കില്ലെന്നാണ് പല ഉപഭോക്താക്കളും വിചാരിച്ചിരിക്കുന്നതും, എന്നാല്‍ അങ്ങനെയല്ല കാര്യങ്ങളെന്നും ബാങ്ക് വിശദീകരിച്ചു. അത്തരം ആശയക്കുഴപ്പം സംഭവിച്ചതില്‍ ക്ഷമ ചോദിക്കുന്നതായും ബാങ്ക് അറിയിച്ചു.

ആപ്പുകള്‍ അപ്‌ഡേറ്റ് ചെയ്യാത്തത് സ്വകാര്യ വിവരങ്ങളടക്കം ചോരുന്നതിലേയ്ക്ക് നയിച്ചേക്കാം.

Share this news

Leave a Reply

%d bloggers like this: