അയർലണ്ടിൽ ഇൻഷുറൻസ് പ്രീമിയം വർദ്ധിച്ചു; പാക്കേജ് പോളിസിക്ക് നൽകേണ്ടത് 2,781 യൂറോ

അയര്‍ലണ്ടില്‍ ലിയബിലിറ്റി കവര്‍ ഇന്‍ഷുറന്‍സ് പ്രീമിയം കുത്തനെ ഉയര്‍ന്നു. സെന്‍ട്രല്‍ ബാങ്ക് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 8% ആണ് 2022-ല്‍ പ്രീമിയം ഉയര്‍ന്നത്. അതേസമയം 2019-നെ അപേക്ഷിച്ച് സെറ്റില്‍മെന്റ് തുകകളുടെ കാര്യത്തില്‍ 14% കുറവ് സംഭവിച്ചെന്നും, ഇത് പ്രീമിയം തുക കുറയ്ക്കുന്നതിലേയ്ക്ക് നയിച്ചില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

2021-ല്‍ 9% അഥവാ 98 മില്യണ്‍ യൂറോയാണ് ഇന്‍ഷുറന്‍സ് കമ്പനികള്‍ ഓപ്പറേറ്റിങ് പ്രോഫിറ്റ് ഇനത്തില്‍ ലാഭമുണ്ടാക്കിയത്. 2022-ല്‍ ഇത് 14% അഥവാ 176 മില്യണ്‍ യൂറോ ആയി ഉയര്‍ന്നു. എംപ്ലോയേഴ്‌സ് ലിയബിലിറ്റി, പബ്ലിക് ലിയബിലിറ്റി, കൊമേഷ്യല്‍ പ്രോപ്പര്‍ട്ടി എന്നിവയുടെ ആകെ ലാഭമാണിത്.

2020-ല്‍ കോവിഡ് കാരണവും മറ്റും 14% നഷ്ടം നേരിട്ട ശേഷമാണ് അടുത്ത രണ്ട് വര്‍ഷങ്ങളില്‍ മേഖല ലാഭം വര്‍ദ്ധിപ്പിച്ചത്.

സെന്‍ട്രല്‍ ബാങ്ക് റിപ്പോര്‍ട്ട് പ്രകാരം 2022-ലെ ശരാശരി പാക്കേജ് പോളിസി പ്രീമീയം 8% വര്‍ദ്ധിച്ച് 2,781 യൂറോയിലെത്തിയിട്ടുണ്ട്. എംപ്ലോയേഴ്‌സ് ലിയബിലിറ്റി, പബ്ലിക് ലിയബിലിറ്റി, കൊമേഷ്യല്‍ പ്രോപ്പര്‍ട്ടി എന്നിവയിലെ 86% പോളിസികളും പാക്കേജ് പോളിസികളായാണ് എടുത്തത്. 14% മാത്രമാണ് സ്റ്റാന്‍ഡ് എലോണ്‍ പോളിസികളായി എടുത്തത്.

മറ്റ് മേഖലകളായ ഫുഡ് ആന്‍ഡ് സര്‍വീസിലെ ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ 24% (2020-2022 കാലയളവില്‍), അഡ്മിനിസ്‌ട്രേറ്റിവ് ആന്‍ഡ് സപ്പോര്‍ട്ടില്‍ 34% എന്നിങ്ങനെയും പ്രീമിയം തുക ഉയര്‍ന്നു.

പ്രീമിയം തുക വര്‍ദ്ധിച്ചത് കാരണം വലിയ രീതിയില്‍ കഷ്ടത അനുഭവിക്കുന്നതായി ബിസിനസ് സ്ഥാപനങ്ങള്‍ നടത്തുന്നവര്‍ പരാതിപ്പെടുന്നുണ്ട്. സര്‍ക്കാരിന്റെ ഇന്‍ഷുറന്‍സ് പരിഷ്‌കരണങ്ങള്‍ ഫലം കണ്ടില്ലെന്നും അവര്‍ പറയുന്നു.

2020 ഡിസംബറിലാണ് 66 നടപടി നിര്‍ദ്ദേശങ്ങളുമായി സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് പരിഷ്‌കരണ പദ്ധതി അവതരിപ്പിച്ചത്. പ്രീമിയം തുക കുറയ്ക്കുകയും, വിപണിയില്‍ ആരോഗ്യകരമായ മത്സരം പ്രോത്സാഹിപ്പിക്കുകയുമായിരുന്നു ഇതിന്റെ ലക്ഷ്യം.

Share this news

Leave a Reply

%d bloggers like this: