ഡബ്ലിൻ ജയിലിൽ മദ്യവും മയക്കുമരുന്നുമായി തടവുകാരുടെ ആഘോഷം; വീഡിയോ പുറത്ത്

ഡബ്ലിനിലെ ജയിലില്‍ മദ്യവും, മയക്കുമരുന്നുമായി തടവുകാര്‍ ആഘോഷം നടത്തുന്നതിന്റെ വീഡിയോ പുറത്തുവന്നതിനെത്തുടര്‍ന്ന് അന്വേഷണമാരംഭിച്ചു. ഡ്രോണ്‍ വഴി അകത്ത് കടത്തിയതാണ് ഇവയെന്നാണ് സംശയിക്കുന്നത്. ഡബ്ലിനിലെ വൈറ്റ്ഫീല്‍ഡ് ജയിലില്‍ നിന്നാണ് ദൃശ്യം പുറത്തുവന്നതെന്ന് വ്യക്തമായിട്ടുണ്ട്. ഇതെത്തുടര്‍ന്ന് അധികൃതര്‍ ആഭ്യന്തര അന്വേഷണം നടത്തിവരികയാണ്.

വീഡിയോയില്‍ മൂന്ന് തടവുകാര്‍ നിയമവിരുദ്ധമായ മൊബൈല്‍ ഫോണുകള്‍, മയക്കുമരുന്ന്, മദ്യക്കുപ്പികള്‍, കഞ്ചാവ് എന്ന് സംശയിക്കുന്ന വസ്തു മുതലായവയുമായി ഡാന്‍സ് കളിക്കുന്നത് കാണാം. ഒരു പ്ലേ സ്റ്റേഷന്‍ കണ്‍ട്രോളര്‍, ചെറിയ ടിവി, ബോബ് മാര്‍ലിയുടെ പോസ്റ്റര്‍ എന്നിവയും വീഡിയോയില്‍ ദൃശ്യമാണ്.

തടവുകാരില്‍ ആരോ തന്നെയാണ് വീഡിയോ ഓണ്‍ലൈനില്‍ അപ്ലോഡ് ചെയ്തതെന്നാണ് കരുതുന്നത്. തങ്ങള്‍ക്ക് ഇതെല്ലാം ജയിലിനകത്ത് ലഭിക്കുമെന്ന് കാണിക്കാനാണ് ഇങ്ങനെ ചെയ്തതെന്നും സംശയിക്കുന്നു.

അതേസമയം ജയിലിലേയ്ക്ക് ഡ്രോണ്‍ ഉപയോഗിച്ച് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചതിന് ഈയിടെയാണ് ഒരാള്‍ പിടിയിലായത്. ഇത് തുടര്‍ന്നാല്‍ വൈകാതെ തന്നെ ഡ്രോണുപയോഗിച്ച് തോക്കും മറ്റും ജയിലുകളിലേയ്ക്ക് കടത്തിയേക്കാമെന്നും ആശങ്കയുയരുന്നുണ്ട്. ഡ്രോണുകള്‍ പിടികൂടുക ബുദ്ധിമുട്ടേറിയതാണെന്നും ജയിലുമായി ബന്ധപ്പെട്ടവര്‍ പറയുന്നു.

അതേസമയം ഇത്തരം സംഭവങ്ങള്‍ തടയാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നാണ് ഐറിഷ് പ്രിസണ്‍ സര്‍വീസ് പ്രതികരിച്ചിരിക്കുന്നത്. ഗാര്‍ഡയുമായി ചേര്‍ന്ന് കൂടുതല്‍ കര്‍ശനമായ നടപടികള്‍ എടുത്തുവരികയാണെന്നും അധികൃതര്‍ പറയുന്നു.

Share this news

Leave a Reply

%d bloggers like this: