അയർലണ്ടിൽ ഭവനവില വീണ്ടും ഉയർന്നു; ഏറ്റവും കുറഞ്ഞ വിലയ്ക്ക് വീട് വാങ്ങാവുന്ന പ്രദേശം ഇത്…

അയര്‍ലണ്ടില്‍ 2024 ഫെബ്രുവരി വരെയുള്ള ഒരു വര്‍ഷത്തിനിടെ വീടുകള്‍ക്ക് 6.1% വില വര്‍ദ്ധിച്ചതായി സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫിസ് (CSO) റിപ്പോര്‍ട്ട്. ഡബ്ലിനിലെ മാത്രം കണക്കെടുത്താല്‍ 5.6 ശതമാനവും, ഡബ്ലിന് പുറത്ത് 6.5 ശതമാനവുമാണ് ഒരു വര്‍ഷത്തിനിടെ വില വര്‍ദ്ധിച്ചത്.

ഡബ്ലിന് പുറത്ത് ഏറ്റവുമധികം ഭവനവില വര്‍ദ്ധിച്ചത് ക്ലെയര്‍, ലിമറിക്ക്, ടിപ്പററി എന്നിവ ഉള്‍പ്പെടുന്ന മദ്ധ്യ-പടിഞ്ഞാറന്‍ പ്രദേശത്താണ്. ഇവിടെ 10.8% ആണ് വില കുതിച്ചുയര്‍ന്നത്.

ഡബ്ലിനില്‍ വില ഏറ്റവുമധികം ഉയര്‍ന്നത് ഡബ്ലിന്‍ സിറ്റിയിലാണ്- 7.7%. ഫിന്‍ഗാളില്‍ ഭവനവില ഉയര്‍ന്നത് 4.5% ആണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2024 ഫെബ്രുവരി മാസത്തില്‍ രാജ്യത്ത് 3,327 വീടുകളുടെ കച്ചവടമാണ് നടന്നത്. ദേശീയ ശരാശരി ഭവനവിലയാകട്ടെ 330,000 യൂറോ ആയിട്ടുണ്ട്.

ഫെബ്രുവരിയില്‍ ഏറ്റവും കൂടിയ വിലയ്ക്ക് വീട് വിറ്റുപോയ പ്രദേശം ഡബ്ലിനിലെ Dún Laoghaire-Rathdown ആണ്. 620,000 യൂറോയ്ക്കാണ് ഇവിടെ വീട് വില്‍പ്പന നടന്നത്. മറുവശത്ത് ഏറ്റവും ചെറിയ വിലയ്ക്ക് വീട് വിറ്റുപോയത് ലെയ്ട്രിമിലാണ്- 165,000 യൂറോ.

അയര്‍ലണ്ടിലെ ഭവനവില 2013 ആദ്യത്തെ അപേക്ഷിച്ച് നിലവില്‍ 142% ഉയര്‍ന്ന നിലയിലാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Share this news

Leave a Reply

%d bloggers like this: