അയർലണ്ടിൽ 3 പേർക്ക് കൂടി മീസിൽസ്; ആകെ 16 രോഗികൾ

അയര്‍ലണ്ടില്‍ പുതുതായി മൂന്ന് പേര്‍ക്ക് കൂടി മീസില്‍സ് അഥവാ അഞ്ചാം പനി സ്ഥിരീകരിച്ചു. ഇതോടെ ഈ വര്‍ഷം രാജ്യത്ത് മീസില്‍സ് പിടിപെടുന്നവരുടെ എണ്ണം 16 ആയി. ഇതിന് പുറമെ 16 പേര്‍ കൂടി നിരീക്ഷണത്തിലുണ്ട്.

രാജ്യത്ത് രണ്ട് മീസില്‍സ് ഔട്ട്‌ബ്രേക്കുകള്‍ ഉണ്ടായതായും Health Protection Surveillance Centre (HPSC) അറിയിച്ചിട്ടുണ്ട്. ഇവ രണ്ടും സ്വകാര്യ വ്യക്തികളുടെ വീടുകളിലാണ് സംഭവിച്ചിട്ടുള്ളത്. ഒരിടത്ത് നാല് പേര്‍ക്കും, മറ്റൊരിടത്ത് മൂന്ന് പേര്‍ക്കും രോഗബാധയുണ്ടായി.

2023-ല്‍ രാജ്യത്ത് നാല് പേര്‍ക്കാണ് ആകെ മീസില്‍സ് ബാധിച്ചിരുന്നത് എന്നതിനാല്‍, ഇത്തവണ കൂടുതല്‍ ജാഗ്രത ആവശ്യമായി വന്നിരിക്കുകയാണ്. MMR (measles, mumps and rubella vaccine) വാക്‌സിന്‍ ആണ് മീസില്‍സിനെതിരായ ഏറ്റവും നല്ല പ്രതിരോധം. അയര്‍ലണ്ടില്‍ നിലവില്‍ ഈ വാക്‌സിനേഷന്‍ പദ്ധതി നടപ്പിലാക്കി വരികയാണ്. വാക്‌സിന്‍ എടുക്കാത്തവര്‍ എത്രയും വേഗം അതിന് തയ്യാറാകണമെന്ന് ആരോഗ്യവകുപ്പ് അഭ്യര്‍ത്ഥിച്ചു.

പനി, തുമ്മല്‍, കഫക്കെട്ട് എന്നിവയോടൊപ്പം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേയ്ക്കും, മരണത്തിലേയ്ക്കും നയിക്കാവുന്ന മീസില്‍സിനെതിരെ ശക്തമായ മുന്‍കരുതലുകള്‍ അത്യാവശ്യമാണ്. യൂറോപ്പില്‍ കഴിഞ്ഞ വര്‍ഷം 45 മടങ്ങ് വര്‍ദ്ധനയാണ് മീസില്‍സ് കേസുകളില്‍ ഉണ്ടായിരിക്കുന്നതെന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍.

Share this news

Leave a Reply

%d bloggers like this: