അയർലണ്ടിലെ മോർട്ട്ഗേജ് തിരിച്ചടവിൽ ചെറുതല്ലാത്ത തുക ലാഭിക്കാം! മോർട്ട്ഗേജ് സ്വിച്ചിങ്ങിനെ പറ്റി അറിയൂ…

അഡ്വ. ജിതിൻ റാം

നാട്ടിലായാലും, അയര്‍ലണ്ടിലായാലും സ്വന്തമായി ഒരു വീട് ഉണ്ടാകുക എന്നത് മിക്കവരുടെയും സ്വപ്‌നമാണ്. അയര്‍ലണ്ടിലെത്തി മോര്‍ട്ട്‌ഗേജ് എടുത്ത് വീട് വാങ്ങിയവരും ഏറെയാണ്. എന്നാല്‍ മോര്‍ട്ട്‌ഗേജ് തിരിച്ചടവ് വലിയൊരു സാമ്പത്തിക ഭാരം തന്നെയാണ് പലര്‍ക്കും ഉണ്ടാക്കുന്നത് എന്നതും കാര്യം സത്യമാണ്. പക്ഷേ ഒന്ന് മനസുവച്ചാൽ മോര്‍ട്ട്‌ഗേജ് സ്വിച്ചിങ് വഴി അത്യാവശ്യം പണം ലാഭിക്കാന്‍ നമുക്ക് കഴിയും.

എന്താണ് മോർട്ട്ഗേജ് സ്വിച്ചിങ്?

നിലവിലെ മോര്‍ട്ട്‌ഗേജ്, അത് എടുത്ത ബാങ്ക് അല്ലെങ്കില്‍ സാമ്പത്തിക സ്ഥാപനത്തില്‍ നിന്നും മറ്റൊരു സ്ഥാപനത്തിലേയ്ക്ക് മാറ്റുന്നതിനെയാണ് മോര്‍ട്ട്‌ഗേജ് സ്വിച്ചിങ് എന്ന് പറയുന്നത്. തിരിച്ചടവിൽ നിന്നും ചെറുതല്ലാത്ത തുക ഇങ്ങനെ ചെയ്യുന്നതിലൂടെ തീര്‍ച്ചയായും ലാഭിക്കാവുന്നതാണ് എന്നതിനാല്‍, ഏറെപ്പേര്‍ ഈയിടെയായി സ്വിച്ചിങ് തെരഞ്ഞെടുക്കുന്നുണ്ട്.

സ്വിച്ചിങ് വഴി എത്ര പണം ലാഭിക്കാം?

എടുത്ത മോര്‍ട്ട്‌ഗേജ് തുക, തിരിച്ചടവ് കാലയളവ്, പലിശ, സ്വിച്ച് ചെയ്യുന്ന സ്ഥാപനത്തിലെ പലിശ എന്നിങ്ങനെ വിവിധ മാനദണ്ഡങ്ങള്‍ അനുസരിച്ച് ഓരോരുത്തര്‍ക്കും ലാഭിക്കാവുന്ന തുകയില്‍ വ്യത്യാസം വരും.

ഉദാഹരണത്തിന് ഒരാള്‍ക്ക് മോര്‍ട്ട്‌ഗേജ് ഇനത്തില്‍ ഇനി അടയ്ക്കാന്‍ ബാക്കിയുള്ളത് 250,000 യൂറോയും, തിരിച്ചടവ് കാലാവധി ബാക്കിയുള്ളത് 20 വര്‍ഷമാണെന്നും കരുതുക. ഇദ്ദേഹം നിലവില്‍ നല്‍കുന്ന പലിശ 4.50 ശതമാനവും, വീടിന് മേലുള്ള ഇക്വിറ്റി 20 ശതമാനവും ആണെങ്കില്‍, വിപണിയില്‍ നിലവിലുള്ള ഏറ്റവും കുറഞ്ഞ പലിശനിരക്കുള്ള സ്ഥാപനം തെരഞ്ഞെടുത്ത് ഈ മോര്‍ട്ട്‌ഗേജ് അവിടേയ്ക്ക് സ്വിച്ച് ചെയ്യുന്നതിലൂടെ മാസം 100 യൂറോയിലധികം ഇദ്ദേഹത്തിന് ലാഭിക്കാന്‍ കഴിയും. അതായത് വര്‍ഷം 1,200 യൂറോയിലധികം. 20 വര്‍ഷമാണ് തിരിച്ചടവ് കാലാവധി എന്ന് കണക്കാക്കുമ്പോള്‍ എത്ര പണം ലാഭിക്കാം എന്ന് ചിന്തിച്ചുനോക്കൂ…

ഒന്നിലധികം തവണ സ്വിച്ച് ചെയ്യാമോ?

മോര്‍ട്ട്‌ഗേജ് ഒന്നിലധികം തവണ സ്വിച്ച് ചെയ്യാവുന്നതാണ്. പല ബാങ്കുകളും സ്വിച്ചിങ് ചാര്‍ജ്ജ് ഈടാക്കും എന്ന് മാത്രം. അതേസമയം പുതിയ ബാങ്ക് മിക്കപ്പോഴും ക്യാഷ് ബാക്ക് നല്‍കിയാവും നിങ്ങളെ സ്വീകരിക്കുന്നത് എന്നതിനാല്‍ വലിയ ബാധ്യതയാകില്ല ഈ തുക. മറ്റ് ഫീസുകളോ, പിഴയോ നല്‍കേണ്ടതില്ല.

എല്ലാവര്‍ക്കും സ്വിച്ച് ചെയ്യാമോ?

നിങ്ങള്‍ മോര്‍ട്ട്‌ഗേജ് സ്വിച്ച് ചെയ്യാന്‍ അപേക്ഷ നല്‍കിയാല്‍, നിങ്ങളുടെ നിലവിലെ സാമ്പത്തിക സ്ഥിതി അനുസരിച്ചാണ് പുതിയ ബാങ്ക് അക്കാര്യത്തില്‍ തീരുമാനമെടുക്കുക. ആദ്യം മോര്‍ട്ട്‌ഗേജ് ലഭിച്ച സമയത്തെക്കാള്‍ സ്ഥിതി വളരെ മോശമാണ് ഇപ്പോഴെങ്കില്‍ സ്വിച്ചിങ് അനുമതി ലഭിച്ചേക്കില്ല. അതേസമയം പുതിയ ബാങ്ക് സ്വിച്ചിങ് നിരസിച്ചു എന്നു കരുതി, നിലവിലെ ബാങ്ക് നിങ്ങളോട് യാതൊരു വിവേചനവും കാണിക്കില്ല. നിങ്ങളുടെ മോര്‍ട്ട്‌ഗേജ് നിലവിലെ പോലെ തന്നെ തുടരും.

സ്വിച്ച് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മോര്‍ട്ട്‌ഗേജ് സ്വിച്ച് ചെയ്യുമ്പോള്‍ മുഖവിലയ്ക്ക് എടുക്കേണ്ട പ്രധാന കാര്യങ്ങള്‍ ഇവയാണ്:

1. മോര്‍ട്ട്‌ഗേജ് ഇനത്തില്‍ ബാക്കിയടയ്ക്കാനുള്ള തുക എത്രയാണെന്ന് കണക്കാക്കുക. അയര്‍ലണ്ടിലെ മിക്ക ബാങ്കുകളും കുറഞ്ഞത് 40,000 യൂറോ എങ്കിലും തിരിച്ചടവ് ബാക്കിയുള്ള മോര്‍ട്ട്‌ഗേജുകള്‍ മാത്രമേ സ്വിച്ച് ചെയ്ത് സ്വീകരിക്കാന്‍ തയ്യാറാകാറുള്ളൂ. ഇതില്‍ കുറവാണെങ്കില്‍ തങ്ങള്‍ക്ക് ലാഭമുണ്ടാകില്ലെന്നാണ് ബാങ്കുകള്‍ ചിന്തിക്കുന്നത്.

2. ഫിക്‌സഡ് റേറ്റ് മോര്‍ട്ട്‌ഗേജ് ആണ് നിങ്ങള്‍ എടുത്തിരിക്കുന്നതെങ്കില്‍, സ്വിച്ച് ചെയ്യുമ്പോള്‍ നിലവിലെ ബാങ്കിന് ഒരു ഫീസ് നല്‍കേണ്ടതായി വരാം. അതേസമയം സ്വിച്ച് ചെയ്യുന്നത് വഴി ലാഭിക്കാവുന്നത് മിക്കപ്പോഴും ഈ ഫീസിനെക്കാള്‍ വലിയ തുകയായിരിക്കും എന്നതിനാല്‍ ഫീസ് അടയ്ക്കുന്നത് നഷ്ടമല്ല. അതിനാല്‍ ഇത് കൃത്യമായി കണക്കുകൂട്ടി നോക്കുക.

അഥവാ ഈ ഫീസ് അധികമാണെങ്കില്‍ നിലവിലെ ടേം തീരുന്നത് വരെ കാത്തിരിക്കുന്നതും ഉചിതമാണ്.

3. ക്രെഡിറ്റ് റേറ്റിങ്- സ്വിച്ച് ചെയ്യുന്നയാള്‍ക്ക് നല്ല ക്രെഡിറ്റ് റേറ്റിങ് ഉണ്ടെങ്കില്‍ സ്വിച്ചിങ് വളരെ എളുപ്പമാകും.

4. വീടിന് മേലുള്ള ഇക്വിറ്റി- നിങ്ങള്‍ക്ക് വീടിന് മേലുള്ള ഇക്വിറ്റി 20 ശതമാനത്തിന് താഴെയോ, അതോ നെഗറ്റീവ് ഇക്വിറ്റിയോ ആണെങ്കില്‍ സ്വിച്ചിങ് ബുദ്ധിമുട്ടാകും. എന്നിരുന്നാലും ചിലപ്പോള്‍ സ്വിച്ചിങ് സാധിച്ചേക്കാം എന്നതിനാല്‍ ഇക്കാര്യമറിയാന്‍ ബാങ്കുമായി നേരിട്ട് ബന്ധപ്പെടുന്നതാണ് നല്ലത്.

5. ബാക്കിയുള്ള തിരിച്ചടവ് കാലയളവ്- മോര്‍ട്ട്‌ഗേജ് തിരിച്ചടവ് കാലയളവ് കുറച്ച് വര്‍ഷത്തേയ്ക്ക് മാത്രമേ ബാക്കിയുള്ളൂ എങ്കിൽ അത് ലാഭകരമല്ലെന്ന് കണ്ട് ബാങ്കുകള്‍ സ്വിച്ചിങ് നിരസിച്ചേക്കാം.

6. വീടിന്റെ സ്ഥിതിയും, പ്രദേശവും- വളരെ വിരളമായി ഏത് തരം വീടാണ് നിങ്ങളുടേത് എന്നും, സ്ഥിതി ചെയ്യുന്നത് ഏത് പ്രദേശത്താണെന്നും നോക്കി പുതിയ ബാങ്ക് സ്വിച്ചിങ് നിരസിച്ചേക്കാം. ഉദാഹരണത്തിന് വലിയ സൗകര്യങ്ങളില്ലാത്ത, വാടകയ്ക്ക് നല്‍കപ്പെട്ട ഒരു വീടിന് സ്വിച്ചിങ് ലഭിച്ചേക്കണമെന്നില്ല.

മോര്‍ട്ട്‌ഗേജ് സ്വിച്ചിങ് എങ്ങനെ ചെയ്യാം?

1. നിലവിലെ മോര്‍ട്ട്‌ഗേജിന്റെ അവസ്ഥ- നിലവില്‍ എത്ര തുക ആകെ മോര്‍ട്ട്‌ഗേജ് തിരിച്ചടവായി ഉണ്ട്, എത്ര പലിശയാണ് നല്‍കുന്നത് എന്നിവ ഏറ്റവും പുതിയ മോര്‍ട്ട്‌ഗേജ് സ്‌റ്റേറ്റ്‌മെന്റില്‍ നിന്നും മനസിലാക്കുക. ഇത് സ്വിച്ച് ചെയ്യാന്‍ ഉദ്ദേശിക്കുന്ന ബാങ്കിന് നല്‍കേണ്ടതുണ്ട്. വീടിന് നിലവിലുള്ള ആകെ മൂല്യവും കണക്കാക്കുക.

2. താരതമ്യം ചെയ്യുക- സ്‌റ്റേറ്റ്‌മെന്റ് ലഭിച്ചു കഴിഞ്ഞാല്‍ നിലവില്‍ രാജ്യത്തുള്ള മറ്റ് ബാങ്കുകളുടെ സ്വിച്ചിങ് ഓഫറുകളുമായി താരതമ്യം ചെയ്യുക. https://www.bonkers.ie/compare-mortgages/ പോലുള്ള വെബ്‌സൈറ്റുകളില്‍ നിന്നും നിലവിലെ വിപണി ഓഫറുകള്‍, പലിശനിരക്കുകള്‍, ക്യാഷ്ബാക്ക്, ഇന്‍സന്റീവ് മുതലായവ മനസിലാക്കാവുന്നതാണ്. ശേഷം ഏറ്റവും ലാഭകരമായത് തെരഞ്ഞെടുക്കുക.

3. സ്വിച്ചിങ്- ബാങ്കില്‍ നേരിട്ട് പോയോ, അതുമല്ലെങ്കില്‍ സ്വിച്ചിങ് നടത്തുന്ന ബ്രോക്കര്‍മാര്‍ വഴിയോ സ്വിച്ചിങ്ങിന് അപേക്ഷിക്കാം. ബ്രോക്കര്‍മാര്‍ വഴിയാണെങ്കില്‍ അവര്‍ നിങ്ങള്‍ക്കായി ബാങ്കില്‍ പോയി സംസാരിക്കുന്നതാണ്.

4. രേഖകള്‍- സ്വിച്ചിങ് അപേക്ഷയ്‌ക്കൊപ്പം നല്‍കേണ്ട രേഖകളുടെ വിവരങ്ങളടക്കമുള്ള സ്വിച്ചിങ് പാക്ക് പുതിയ ബാങ്ക് നിങ്ങള്‍ക്ക് തരും. താഴെ പറയുന്ന രേഖകളാണ് പൊതുവായി നല്‍കേണ്ടിവരിക:

– ഐഡന്റിറ്റി തെളിയിക്കുന്ന രേഖ (ഉദാ: പാസ്‌പോര്‍ട്ട്)

– അഡ്രസ് തെളിയിക്കുന്ന രേഖ

– വരുമാനം വ്യക്തമാക്കുന്ന രേഖ

– കറന്റ് ബാങ്ക് അക്കൗണ്ട് സ്‌റ്റേറ്റ്‌മെന്റ് (കഴിഞ്ഞ 6 മാസത്തേത്).

-ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നുണ്ടെങ്കില്‍ അതിന്റെ സ്‌റ്റേറ്റ്‌മെന്റ്.

– സേവിങ്‌സ് വിവരങ്ങള്‍

– ജോലി വിവരങ്ങള്‍ (താല്‍ക്കാലിക ജോലിയാണോ, സ്ഥിര ജോലിയാണോ, പാര്‍ട്ട് ടൈം, ഫുള്‍ ടൈം ആണോ മുതലായവ)

രേഖകള്‍ സമര്‍പ്പിച്ചു കഴിഞ്ഞാല്‍ 10 പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ പ്രസ്തുത ബാങ്ക് നിങ്ങൾക്ക് മറുപടി നല്‍കണമെന്നാണ് സെന്‍ട്രല്‍ ബാങ്ക് ചട്ടം.

5. ഹൗസ് വാല്വേഷന്‍- സ്വിച്ചിങ് നടത്താനായി നിലവില്‍ നിങ്ങളുടെ വീടിനുള്ള മൂല്യം കണക്കാക്കേണ്ടതുണ്ട്. ഇത് ചെയ്യുന്ന വിദഗ്ദ്ധരുടെ വിവരങ്ങള്‍ പുതിയ ബാങ്ക് നിങ്ങള്‍ക്ക് തരുന്നതാണ്. 150 യൂറോ ആണ് സാധരണ ഇതിനുള്ള ഫീസ്.

6. സ്വിച്ചിങ് സമയത്തെ രേഖകളുടെ കൈമാറ്റം സംബന്ധിച്ച നിയമപരമായ കാര്യങ്ങള്‍ക്കായി നിങ്ങള്‍ ഒരു സൊളിസിറ്ററുടെ സഹായവും തേടേണ്ടതുണ്ട്.

7. മോര്‍ട്ട്‌ഗേജ് പ്രൊട്ടക്ഷന്‍- സ്വിച്ച് ചെയ്യുമ്പോള്‍ ലോണ്‍ തുകയും. തിരിച്ചടവ് കാലയളവും നിലവിലേത് തന്നെയാണെങ്കില്‍ പുതിയ മോര്‍ട്ട്‌ഗേജ് പ്രൊട്ടക്ഷന്‍ പോളിസി എടുക്കേണ്ടതില്ല. പകരം നിലവിലെ പോളിസി പുതിയ ബാങ്കുമായി ബന്ധിപ്പിക്കണം. അതേസമയം  നിങ്ങൾക്ക് നിലവിലുള്ളതിനെക്കാള്‍ കുറഞ്ഞ നിരക്കില്‍ വിപണിയില്‍ മോര്‍ട്ട്‌ഗേജ് പ്രൊട്ടക്ഷന്‍ പോളിസി ലഭിക്കുകയാണെങ്കില്‍ അതിലേയ്ക്ക് മാറാവുന്നതുമാണ്.

8. ഡയറക്ട് ഡെബിറ്റ്- സ്വിച്ചിങ് അപ്രൂവ് ചെയ്താല്‍ മാസത്തവണ ബാങ്ക് അക്കൗണ്ടില്‍ നിന്നും നേരിട്ട് ഡെബിറ്റ് ആകുന്നതിനായി ഡയറക്ട് ഡെബിറ്റ് ഫോം പുതിയ ബാങ്കിന് ഒപ്പിട്ട് നല്‍കേണ്ടതുണ്ട്. ഒപ്പം പഴയ ബാങ്കിലെ ഡയറക്ട് ഡെബിറ്റ് റദ്ദാക്കാനും ശ്രദ്ധിക്കുക. അല്ലെങ്കിൽ പഴയ ബാങ്കിലേയ്ക്ക് വീണ്ടും പണം ഡെബിറ്റ് ആയി പോകാൻ സാധ്യതയുണ്ട്.

മോര്‍ട്ട്‌ഗേജ് സ്വിച്ചിങ്ങിന് എത്ര കാലതമാസം ഉണ്ടാകും?

പൊതുവെ ആറ് മുതല്‍ എട്ട് ആഴ്ച വരെയാണ് സ്വിച്ചിങ്ങിന് എടുക്കുക.

സ്വിച്ച് ചെയ്യാനുള്ള ഏറ്റവും നല്ല സമയം എപ്പോള്‍?

സ്വിച്ചിങ്ങിന് പ്രത്യേക സമയമൊന്നും ഇല്ലെങ്കിലും, നിങ്ങളുടെ മോര്‍ട്ട്‌ഗേജ് തുക, വരുമാനത്തെക്കാള്‍ നാല് മടങ്ങോ അതിലധികമോ ആണെങ്കില്‍ സെന്‍ട്രല്‍ ബാങ്ക് എക്‌സംപ്ഷന്‍ ആവശ്യമായി വരും. ഇത്തരം സാഹചര്യങ്ങളില്‍ വര്‍ഷത്തിന്റെ തുടക്കത്തില്‍ സ്വിച്ചിങ് നടത്തുന്നതാണ് നല്ലത്. ഈ സമയത്താണ് കൂടുതല്‍ എക്‌സംപ്ഷനുകള്‍ ലഭിക്കുന്നത്.

ചില മാസങ്ങളില്‍ ബാങ്കുകളില്‍ പലവിധ തിരക്കുകളും ഉണ്ടാകുമെന്നതിനാല്‍ സ്വിച്ചിങ്ങിന് കൂടുതല്‍ കാലതാമസം ഉണ്ടായേക്കാം. ഇതും ശ്രദ്ധിക്കുക.

കടപ്പാട്: http://www.bonkers.ie

Adv. Jithin Ram

Mob: 089 211 3987

Louis Kennedy Solicitors

Email: info@louiskennedysolicitors.ie

കടപ്പാട്: അഡ്വ. ജയ തറയിൽ, ലൂയിസ് കെന്നഡി സോളിസിറ്റേഴ്സ്

Share this news

Leave a Reply

%d bloggers like this: