അഡലൈഡ് ഓര്‍ത്തഡോക്‌സ് ദേവാലയം ദശവര്‍ഷ ജൂബിലി നിറവില്‍

ഓസ്‌ട്രേലിയ: അഡലൈഡ് സെന്റ്. ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ദേവാലയം രൂപീകൃതമായിട്ട് പത്തു വര്‍ഷം പൂര്‍ത്തിയാകുന്നു. ഇടവകയുടെ ദശവര്‍ഷ ജൂബിലിക്ക് തുടക്കം കുറിച്ചു കൊണ്ട് സെപ്റ്റംബര്‍ 27 ബുധനാഴ്ച വിശുദ്ധ കുര്‍ബാനക്ക് ശേഷം നടന്ന പൊതുസമ്മേളനം ഇടവക മെത്രാപ്പോലിത്ത അഭിവന്ദ്യ ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ് തിരുമനസ്സ് കൊണ്ട് ഉദ്ഘാടനം ചെയ്തു. ജൂബിലി ആഘോഷം ദൈവത്തോടും സഭയോടും സമൂഹത്തോടുമുള്ള ഇടവക ജനങ്ങളുടെ സമര്‍പ്പണവും നന്ദിപ്രകടനവും ആയി രൂപപെടുത്തണമെന്ന് അഭിവന്ദ്യ തിരുമേനി പറഞ്ഞു. ജൂബിലി സമ്മാനമായി എല്ലാ ഭവനങ്ങള്‍ക്കും ഇടവകയുടെ കാവല്‍ പിതാവായ പരിശുദ്ധ പരുമല തിരുമേനിയുടെ ചിത്രം അഭിവന്ദ്യ തിരുമേനി നല്‍കി. ജൂബിലിയോട് അനുബന്ധിച്ച് ഇടവക ജനങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ അഭിവന്ദ്യ തിരുമേനി പ്രകാശനം ചെയ്തു. ഇതിന് വേണ്ടി അധ്വാനിച്ച ഇടവകാംഗം ശ്രീ.ആശിഷ് പുന്നൂസിനെ തിരുമേനി അഭിനന്ദിച്ചു. ഇടവക വികാരി ഫാ.അനിഷ് കെ. സാം, കൈക്കാരന്‍ ശ്രീ.ബിജു കുര്യാക്കോസ്, ജൂബിലി കണ്‍വീനര്‍ ശ്രീ.സജി വര്‍ഗീസ് ചിറ്റിലപ്പിള്ളി എന്നിവര്‍ പ്രസംഗിച്ചു. സണ്‍ഡേസ്‌ക്കൂള്‍ കുട്ടികളുടെ സംഗീത ആലാപനം സമ്മേളത്തിന് മിഴിവേകി.

ഇടവകയുടെ മുന്‍ വികാരിമാരായ ഫാ.പ്രദീപ് പൊന്നച്ചന്‍, ഫാ.സജു ഉണ്ണൂണ്ണി എന്നിവര്‍ക്ക് ഈ സമ്മേളനത്തില്‍ വച്ച് ഹൃദ്യമായ യാത്രയയപ്പ് നല്‍കി. ആദ്യകാലം മുതല്‍ ഇതുവരെയും ഇടവകയില്‍ ശുശ്രൂഷക്കായി വൈദീകരെ നല്‍കി സഹായിച്ച മെല്‍ബണ്‍ ഇടവകയോടുള്ള ആദരവ് സമ്മേളനത്തില്‍ രേഖപ്പെടുത്തി. ഇടവകയുടെ സ്‌നേഹോപഹാരങ്ങള്‍ അഭിവന്ദ്യ തിരുമനസു കൊണ്ട് വൈദീകര്‍ക്ക് നല്‍കി. സ്‌നേഹവിരുന്നോടു കൂടി പരിപാടികള്‍ സമാപിച്ചു.

 

Share this news

Leave a Reply

%d bloggers like this: