ഫേസ്ബുക്കില്‍ ഇനി രക്തബന്ധവും സ്ഥാപിക്കാം

 

സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് പ്ലാറ്റ്ഫോമായ ഫേസ്ബുക്ക് ഇന്നലെ മുതല്‍ (2017 ഒക്ടോബര്‍ ഒന്ന്) ഒരു പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ്. ബ്ലഡ് ബാങ്കുകള്‍, ആശുപത്രികള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും ആവശ്യമുള്ള സമയത്ത് രക്തദാതാക്കളുമായി ബന്ധപ്പെടാന്‍ അവസരമൊരുക്കുന്ന സംവിധാനമാണു ഫേസ്ബുക്ക് ഒരുക്കിയിരിക്കുന്നത്. ഫേസ്ബുക്കിന് ഏറ്റവുമധികം യൂസര്‍മാരുള്ള രണ്ടാമത്തെ വലിയ രാജ്യമായ ഇന്ത്യയില്‍ മാത്രമാണ് ഈ സംവിധാനമൊരുക്കിയിരിക്കുന്നത്. 1975 മുതല്‍ എല്ലാ വര്‍ഷവും ഒക്ടോബര്‍ ഒന്നിനാണു ഇന്ത്യയില്‍ ദേശീയ രക്തദാനദിനമായി (നാഷണല്‍ വൊളന്ററി ബ്ലഡ് ഡൊണേഷന്‍ ഡേ) ഇന്ത്യയില്‍ ആചരിക്കുന്നത്. ഈ ദിനത്തില്‍ തന്നെയാണു ഫേസ്ബുക്ക് രക്തദാനവുമായി ബന്ധപ്പെട്ട ആശയവും അവതരിപ്പിച്ചത്.

ഫേസ്ബുക്ക് ഉപയോഗിക്കുന്നവരെ രക്തദാതാക്കളാക്കാന്‍ പ്രേരിപ്പിക്കുന്നതിനു വേണ്ടി സൈന്‍ അപ്പ് ചെയ്യാന്‍ ന്യൂസ്ഫീഡില്‍ ഫേസ്ബുക്ക് ഇനി മുതല്‍ സന്ദേശം നല്‍കും. ഈ സന്ദേശം തികച്ചും സ്വകാര്യപരമായിട്ടായിരിക്കും യൂസര്‍മാര്‍ക്കു നല്‍കുക. എന്നിരുന്നാല്‍ പോലും യൂസര്‍മാര്‍ക്ക്, അവര്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അവരുടെ പ്രൊഫൈലില്‍ രക്തദാനവുമായി ബന്ധപ്പെട്ട ചരിത്രം അഥവാ സ്റ്റാറ്റസ് ഷെയര്‍ ചെയ്യാന്‍ സൗകര്യമുണ്ടായിരിക്കും. ഫേസ്ബുക്കിന്റെ ഈ പുതിയ ഫീച്ചര്‍ ആന്‍ഡ്രോയ്ഡ്, മൊബൈല്‍ വെബ് തുടങ്ങിയ പ്ലാറ്റ്ഫോമുകളിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ക്ലിനിക്കുകള്‍ക്കോ, മറ്റ് വ്യക്തികള്‍ക്കോ രക്തം ആവശ്യമുണ്ടെങ്കില്‍ അവര്‍ക്ക് ഒരു പ്രത്യേക പോസ്റ്റ് രൂപീകരിക്കാവുന്നതാണ്.

ഈ പോസ്റ്റില്‍ രക്തം ആവശ്യമുള്ളത് എവിടെയാണെന്നും, ബന്ധപ്പെടേണ്ടത് ആരെയാണെന്നും, രോഗിയുടെ അവസ്ഥയും, ബ്ലഡ് ഗ്രൂപ്പ് ഏതാണെന്നുമൊക്കെയുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കണം. ഈ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചതിനു ശേഷം പോസ്റ്റ് ചെയ്തു കഴിയുമ്പോള്‍ ആവശ്യക്കാരന്റെ സമീപപ്രദേശത്തുള്ള, രക്തംദാനം ചെയ്യാന്‍ തയാറായവര്‍ ഫേസ്ബുക്ക് നോട്ടിഫിക്കേഷനിലൂടെ പ്രതികരിക്കും. ഫേസ്ബുക്ക് മെസഞ്ചര്‍, വാട്ട്സ് ആപ്പ്, ഫോണ്‍ കോള്‍ തുടങ്ങിയ വഴികളിലൂടെ പ്രതികരണം അറിയിക്കണമെന്നും നോട്ടിഫിക്കേഷനില്‍ സൂചിപ്പിച്ചിരിക്കും. രക്തദാതാവിന്റെ വിവരങ്ങള്‍ പൂര്‍ണമായും സ്വകാര്യമായിരിക്കും. അയാള്‍ക്കു താത്പര്യമുണ്ടെങ്കില്‍ മാത്രമായിരിക്കും വിവരങ്ങള്‍ പുറത്തുവിടുന്നത്.

പല രാജ്യങ്ങളെയും പോലെ, ഇന്ത്യയിലും സുരക്ഷിതമായ രീതിയില്‍ രക്തം ലഭ്യമാകുന്നതിനു കുറവ് നേരിടുന്നുണ്ട്. ദാനം ചെയ്യുന്നതിനേക്കാള്‍ ഇരട്ടിയാണ് രക്തം ആവശ്യമുള്ളവരുടെ എണ്ണം. ഈ കുറവ് പലപ്പോഴും രോഗികളെയും അവരുടെ കുടുംബത്തെയും വിഷമാവസ്ഥയിലാക്കുന്നു. ഈ സാഹചര്യത്തിലാണു പുതിയ ആശയം തങ്ങളുടെ മനസിലേക്ക് ഓടിയെത്തിയതെന്നു ഫേസ്ബുക്കിന്റെ ആരോഗ്യവിഭാഗം കൈകാര്യം ചെയ്യുന്ന പ്രൊഡക്ട് മാനേജര്‍ ഹേമ ബുദരാജു പറഞ്ഞു. രക്തദാതാക്കളെയും രക്തം ആവശ്യമുള്ളവരെയും ഒരു കുടക്കീഴില്‍ കൊണ്ടുവരിക എന്ന ആശയം ഫലപ്രദമായി നടപ്പിലാക്കാന്‍ ഫേസ്ബുക്കിന് ഈ ഉദ്യമത്തിലൂടെ സാധിക്കുമെന്നാണു വിശ്വാസമെന്നും ഹേമ പറഞ്ഞു.

ജനങ്ങള്‍ക്കു മികച്ച രീതിയിലുള്ള വിവരങ്ങളും സംവിധാനങ്ങളുമുണ്ടെങ്കില്‍ കൂടുതല്‍ പേര്‍ രക്തം ദാനം ചെയ്യാന്‍ മുന്നോട്ടുവരുമെന്നാണു ഫേസ്ബുക്ക് നടത്തിയ ഗവേഷണത്തില്‍ കണ്ടെത്തിയത്. ഇതിന്റെയടിസ്ഥാനത്തിലാണു നവീന ആശയം ഫേസ്ബുക്ക് അവതരിപ്പിച്ചതും. സന്നദ്ധ സംഘടനകള്‍, ആരോഗ്യരംഗത്തെ വിദഗ്ധര്‍, സാധ്യതയുള്ള രക്തദാതാക്കള്‍, ഫേസ്ബുക്കിലൂടെ രക്തം ആവശ്യപ്പെട്ടവരും നല്‍കാന്‍ തയാറായവരുമൊക്കെയായി ചര്‍ച്ചകള്‍ ചെയ്തതിനു ശേഷമാണു ഫേസ്ബുക്ക് ഈ ആശയം ഇപ്പോള്‍ നടപ്പിലാക്കിയിരിക്കുന്നത്.

അതേസമയം ഫേസ്ബുക്കിന്റെ ഈ ആശയത്തെ എതിര്‍ത്തു കൊണ്ട് ഒരു വിഭാഗം രംഗത്തുവന്നിരിക്കുകയാണ്. രക്തദാനത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ഫേസ്ബുക്ക് ഇപ്പോള്‍ അവലംബിച്ചിരിക്കുന്നതു തെറ്റായ സമീപനമാണെന്നാണ് ഇക്കൂട്ടര്‍ വാദിക്കുന്നത്. സ്വമേധയാ രക്തം ദാനം ചെയ്യാന്‍ മുന്നോട്ടുവരുന്നവരുടെ പട്ടിക തയാറാക്കുന്നത് ഒട്ടും ശരിയായ രീതിയല്ലെന്നും ഇവര്‍ പറയുന്നു. രക്തദാനം ചെയ്യാന്‍ തയാറായവരുടെ രജിസ്റ്റര്‍ രൂപീകരിക്കുകയല്ല ചെയ്യേണ്ടത്, പകരം രോഗികള്‍ക്കു വേണ്ടിയോ അല്ലാതെയോ ഓരോ മൂന്നു മാസം കൂടുമ്പോഴും രക്തദാനം നടത്താന്‍ തയാറായവരെയാണു വേണ്ടതെന്നു മുംബൈയിലെ തിങ്ക് ഫൗണ്ടേഷനിലെ വിനയ് ഷെട്ടി പറയുന്നു. അടിയന്തര സാഹചര്യത്തില്‍ ആവശ്യമുള്ളവര്‍ക്ക് രക്തമെത്തിക്കാനുള്ള സംവിധാനം വേണം. അതിനായിരിക്കണം സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തേണ്ടത്. അതോടൊപ്പം രക്തദാനം നടത്തുന്നവരെ ഓരോ മൂന്നു മാസം കൂടുമ്പോഴും ഓര്‍മപ്പെടുത്താനുള്ള സംവിധാനവും സാങ്കേതികവിദ്യയിലൂടെ സാധിക്കണമെന്നും വിനയ് ഷെട്ടി പറയുന്നു.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: