ട്രംപിനെ ഇംപീച്ച് ചെയ്ത് ജനപ്രതിനിധിസഭ

വാഷിംഗ്‌ടൺ: യുഎസ് കോണ്‍ഗ്രസിന്റെ അധോസഭയായ ജനപ്രതിനിധി സഭ (ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്‌സ്) പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ഇംപീച്ച് ചെയ്തു . ഇതോടെ യുഎസിൽ ഇംപീച്ച് ചെയ്യപ്പെടുന്ന മൂന്നാമത്തെ യുഎസ് പ്രസിഡണ്ട് ആണ് ട്രംപ്. അധികാര ദുർവിനിയോഗത്തിൻ്റെ പേരിലുള്ള വ്യവസ്ഥയിലും അന്വേഷണ നടപടികൾ തടസപ്പെടുത്താൻ ശ്രമിച്ചതിൻ്റ പേരിൽ മറ്റൊരു വ്യവസ്ഥയിലുമാണ് ട്രംപിനെ ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്തത്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സ്വാധീനം ചെലുത്താനായി ട്രംപ് ഉക്രൈന്റെ സഹായം തേടിയെന്നും അധികാര ദുര്‍വിനിയോഗം നടത്തിയെന്നും കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. 435 അംഗ ജനപ്രതിനിധി സഭയിൽ 197നെതിരെ 230 വോട്ടുകള്‍ക്കാണ് ഇംപീച്ച്‌മെന്റ് പ്രമേയം പാസായത്.

ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയും മുന്‍ വൈസ് പ്രസിഡന്റുമായ ജോ ബൈഡനും മകനുമെതിരെ അന്വേഷണം നടത്താന്‍ ഉക്രൈന്‍ പ്രസിഡന്റില്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന ആരോപണങ്ങളിലാണ് ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്‌സ് അന്വേഷണം നടത്തിയത്. ഇംപീച്ച്‌മെന്റ് വോട്ടെടുപ്പ് നടക്കുമ്പോള്‍ മിഷിഗനിലെ തിരഞ്ഞെടുപ്പ് റാലിയില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ബേണി സാന്‍ഡേഴ്‌സ് അടക്കമുള്ളവരുടെ ഇടതുപക്ഷ രാഷ്ട്രീയത്തെ രൂക്ഷമായി വിമര്‍ശിച്ച് പ്രസംഗിച്ചുകൊണ്ടിരിക്കുകയായിരുന്നു ഡോണള്‍ഡ് ട്രംപ്. ഡെമോക്രാറ്റുകള്‍ ജനവിധിയെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും രാജ്യത്തിന്റെ സുരക്ഷ അപകടത്തിലാണെന്നും ട്രംപ് ആരോപിച്ചു.

ഉപരിസഭയായ സെനറ്റ് ആണ് ഇനി ഇംപീച്ച്‌മെന്റ് നടപടിയില്‍ തുടർ നടപടികൾ തീരുമാനിക്കേണ്ടത്. സെനറ്റ് അംഗീകരിച്ചാല്‍ ട്രംപ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്താകും. അതേസമയം റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള സെനറ്റ് ഇത് തള്ളാനാണ് സാധ്യത. ജനപ്രതിനിധി സഭയിൽ ഡെമോക്രാറ്റുകള്‍ക്കാണ് ഭൂരിപക്ഷം. 10 മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്‌ക്കൊടുവിലാണ് വോട്ടെടുപ്പ് നടന്നത്.

Share this news

Leave a Reply

%d bloggers like this: