പൗരത്വ ഭേദഗതി: തലസ്ഥാനം ഉൾപ്പെടെ10 നഗരങ്ങളിൽ പ്രതിഷേധം ആളിക്കത്തുന്നു; ഡൽഹിയിൽ നിരോധനാജ്ഞ

ഡൽഹി: പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച് ഡൽഹി ഉൾപ്പെടെ 10 നഗരങ്ങളിൽ ഇന്ന് വൻ പ്രധിഷേധം. ഡൽ‌ഹിയിൽ മാത്രം രണ്ട് മഹാറാലികളാണ് ഇന്ന് നടക്കാനിക്കുന്നത്. ജാമിയ മിലിയ സർവകലാശാല വിദ്യാർഥികളുടെയും ഇടത് പാർട്ടികളുമാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. പ്രഖ്യാപിക്കപ്പെട്ട രണ്ട് റാലികൾക്കും ഡൽഹി പോലീസ് അനുമതി നൽകിയിട്ടില്ല. ഡല്‍ഹി പൊലീസ് കമ്മിഷണറാണ് മാര്‍ച്ചിന് അനുമതി നല്‍കിയിട്ടില്ലെന്ന് വ്യക്തമാക്കിയത്. പ്രതിഷേധ മാർച്ച് അവസാനിക്കുന്ന ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം നിരോധനാജ്ഞയും പ്രഖ്യാപിച്ചു.

ഇതിനോടൊപ്പം ഡല്‍ഹിയിലെ എട്ട് മെട്രോ സ്റ്റേഷനുകളും അടച്ചു. പ്രതിഷേധക്കാരെ തടയുന്നതിനാണ് നടപടി. ലാൽ ക്വില, ജുമാ മസ്ജിദ്, ചാന്ദ്‌നി ചൗക്ക്, വിശ്വവിദ്യാലയം, ജാമിയ മില്ലിയ ഇസ്ലാമിയ, ജസോള വിഹാർ, ഷഹീൻ ബാഗ്, മുനിർക്ക എന്നീ സ്റ്റേഷനുകളാണ് അടച്ചിട്ടിട്ടുള്ളതെന്ന് ഡൽഹി മെട്രോ അറിയിച്ചു. ഡൽഹിയിലെ ചില ഭാഗങ്ങളിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. നഗത്തിലേക്കുള്ള വാഹനഗതാഗതം പോലീസ് ബാരിക്കേഡ് വച്ച് തടഞ്ഞതോടെ ഗുഡ്ഗാവ് അതിർത്തിയിൽ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.

ഡൽഹിക്ക് പുറമെ ബെംഗളൂരു മുംബൈ, ചെന്നൈ, പൂനെ, ഹൈദരാബാദ്, നാഗ്പൂർ, ഭുവനേശ്വർ, കൊൽക്കത്ത, ഭോപ്പാൽ എന്നിവിടങ്ങളിലും ഇന്ന് പ്രതിഷേധങ്ങൾ അരങ്ങേറും.60 സംഘടനകളുടെ കൂട്ടായ്മയായ നാഷണല്‍ ആക്ഷന്‍ എഗൈന്‍സ്റ്റ് സിറ്റിസണ്‍ഷിപ്പ് അമെന്‍ഡ്‌മെന്റ് (എന്‍എഎസിഎ) രാവിലെ 11.30ന് ഡല്‍ഹിയില്‍ ചെങ്കോട്ടയില്‍ നിന്ന് ഷഹീദി പാര്‍ക്കിലേയ്ക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും. ഇടത് പാര്‍ട്ടികള്‍ മാണ്ഡി ഹൗസില്‍ നിന്ന് പാര്‍ലമെന്റിലേയ്ക്ക് ഉച്ചയ്ക്ക് 12 മണിക്ക് മാര്‍ച്ച് നടത്തും.

അതേസമയം സിപിഐയുടെ സാംസ്‌കാരിക സംഘടനയായ ഇന്ത്യന്‍ പീപ്പിള്‍സ് തീയറ്റര്‍ അസോസിയേഷന്‍ (ഇപ്റ്റ) എന്‍എഎസിഎയവുടെ സമരത്തിനാണ് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. സിപിഐ (എംഎല്‍) നേതാക്കൾ ഇരു മാർച്ചുകളിലും പങ്കെടുക്കുമ്പോള്‍ അവരുടെ വിദ്യാര്‍ത്ഥി സംഘടനയായ എഐഎസ്എ (ഓള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍) എന്‍എഎസിഎ മാര്‍ച്ചിനൊപ്പമാണ്.

ദേശീയ സ്വാതന്ത്ര്യസമര പോരാളികളായ അഷ്ഫഖുള്ള ഖാന്റേയും രാം പ്രസാദ് ബിസ്മിലിന്റേയും രക്തസാക്ഷി ദിനവും (1927), 70,000 മിയോ മുസ്ലീങ്ങളെ പാകിസ്താനിലേയ്ക്ക് പോകുന്നതില്‍ നിന്ന് മഹാത്മ ഗാന്ധി പിന്തിരിപ്പിച്ച ദിനവുമാണിന്ന് (1947) എന്നതും പ്രക്ഷോഭങ്ങൾ കൂടുതൽ ശക്തമാക്കുമെന്നാണ് റിപ്പോർട്ടുകൾ.

Share this news

Leave a Reply

%d bloggers like this: