ഇംഗ്ലണ്ട്‌ ഇന്നുണരും; ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ് ഫുട്‌ബോൾ ഇന്ന്‌ പുനരാരംഭിക്കുന്നു, ഇന്ന് ആഴ്‌സണൽ സിറ്റി പോരാട്ടം

ലണ്ടൻ നൂറ്‌ ദിനങ്ങൾക്കുശേഷം‌ ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ് ഫുട്‌ബോൾ ഇന്ന്‌ പുനരാരംഭിക്കുന്നു. ജർമൻ, സ്‌പാനിഷ്‌ ലീഗുകൾക്കു പിന്നാലെയാണ്‌ ഇംഗ്ലണ്ടിലും കളി തുടങ്ങുന്നത്‌. ഇറ്റലിയിൽ 20ന്‌ പന്തുരുളും. ആസ്‌റ്റൺ വില്ല–-ഷെഫീൽഡ്‌ യുണൈറ്റഡ്‌ പോരോടെയാണ്‌ പ്രീമിയർ ലീഗ്‌ പോരാട്ടം വീണ്ടും ആരംഭിക്കുന്നത്‌. പിന്നാലെ വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റി–-അഴ്‌സണൽ മത്സരവും അരങ്ങേറും. രണ്ട്‌ ജയങ്ങൾക്കപ്പുറം കിരീടം ഉയർത്താവുന്ന ലിവർപൂൾ ഞായറാഴ്‌ച ഇറങ്ങും. 92 മത്സരങ്ങളാണ് ലീഗിൽ‌ ബാക്കിയുള്ളത്‌. മുപ്പത്‌ വർഷത്തിനുശേഷം കിരീടം നേടാനുള്ള ഒരുക്കത്തിലാണ്‌ ലിവർപൂൾ. 29 കളിയിൽ 82 പോയിന്റുണ്ട്‌. രണ്ടാമതുള്ള സിറ്റിക്ക്‌ 28 കളിയിൽ 57ഉം. 21ന്‌ എവർട്ടണുമായാണ് ലിവർപൂളിന്റെ കളി. ‌ഇന്ന്‌ സിറ്റി അഴ്‌സണലിനോട്‌ തോറ്റാൽ ലിവർപൂളിന്‌ കിരീടത്തിലേക്ക്‌ ഒറ്റ ജയം മതി. ലിവർപൂൾ ചാമ്പ്യൻ പട്ടം ഏകദേശം ഉറപ്പിച്ചെങ്കിലും ലീഗിലെ പോരാട്ടത്തിന്‌ അയവില്ല. ആദ്യ നാല്‌ സ്ഥാനങ്ങൾക്കായാണ്‌ മത്സരം. ഇതിനായി സിറ്റി, ലെസ്റ്റർ സിറ്റി, ചെൽസി, മാഞ്ചസ്റ്റർ യുണൈറ്റഡ്‌, വൂൾവറാംപ്‌ടൺ വാണ്ടറേഴ്‌സ്‌ എന്നിവയാണ്‌ യഥാക്രമം രണ്ടുമുതൽ ആറുവരെ സ്ഥാനങ്ങളിൽ. ടോട്ടനം ഹോട്‌സ്‌പർ എട്ടാമതും അഴ്‌സണൽ ഒമ്പതാമതുമാണ്‌. അടുത്തവർഷത്തെ ചാമ്പ്യൻസ്‌ ലീഗ്‌ കളിക്കണമെങ്കിൽ ആദ്യ നാലിൽ എത്തിയേ മതിയാകു.

Share this news

Leave a Reply

%d bloggers like this: