അന്താരാഷ്ട്ര ആണവ നിരോധന ഉടമ്പടി നിലവിൽ വരുമെന്ന് ഐക്യരാഷ്ട്രസഭ

അന്താരാഷ്ട്ര തലത്തില്‍ ഒരു ആണവായുധ നിരോധന ഉടമ്പടി നിലവില്‍ വരുന്നു. അന്‍പത്താമത്തെ രാജ്യമായി ഹോണ്ടുറാസ് ഉടമ്പടി അംഗീകരിച്ചു. ഇതൊരു ചരിത്ര മുഹൂര്‍ത്തമാണെന്ന് UN അറിയിച്ചു. സന്ധി മൂന്ന്‍ മാസങ്ങള്‍ക്ക് ശേഷം പ്രാബല്യത്തില്‍ വരും.

വന്‍ ആണവ ശക്തിയുള്ള രാജ്യങ്ങള്‍ സന്ധിയില്‍ ഒപ്പിടാത്തത്തില്‍, ആണവ നിരായുധീകരണത്തിന് വേണ്ടി യത്നിക്കുന്ന ആക്റ്റിവിസ്റ്റുകള്‍ ആശങ്ക രേഖപ്പെടുത്തി. ഇങ്ങനെയൊരു സാഹചര്യത്തില്‍ സന്ധിയുടെ ഫലപ്രാപ്തിയില്‍ തങ്ങള്‍ക്കു പ്രതീക്ഷയില്ലെന്ന് അവര്‍ അറിയിച്ചു. ഭൂരിപക്ഷം രാജ്യങ്ങള്‍ കാണിച്ച സഹകരണം പ്രതീക്ഷാവഹമാണെന്നും ആണവായുധമുക്തമായ ഒരു ലോകം സര്‍വരാജ്യങ്ങളും കാംക്ഷിക്കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രി Simon Coveney പറഞ്ഞു.

ആണവായുധ നിരോധനമെന്ന മര്‍മപ്രധാനമായ ലക്ഷ്യം ഇതാദ്യമായിട്ടാണ് ഇത്ര വ്യക്തമായി, സംശയമന്യേ ഒരു അന്താരാഷ്ട്ര സന്ധിയില്‍ അവതരിക്കപ്പെടുന്നത്. “ആണവായുധങ്ങള്‍ ലോകത്തിന് സൃഷ്ടിക്കുന്ന ഭീഷണിയെ കുറിച്ച് ഈ സന്ധി നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. ആണവായുധങ്ങള്‍ മനുഷ്യര്‍ക്ക് ആപത്താണ്. അത് വേണ്ടേ വേണ്ട”. Coveney പറഞ്ഞു.

UN സെക്രെട്ടറി ജനറല്‍ ആന്‍റോണീയോ ഗുട്ടെറസ്സ് സന്ധിയെ സ്വാഗതം ചെയ്തു. സമ്പൂര്‍ണ ആണവ നിരായുധീകരണമാണ് UN ലക്ഷ്യം വയ്ക്കുന്നത്. വിവിധ NGO കളും സന്ധിയെ സ്വാഗതം ചെയ്തു. സന്ധിയുടെ വിജയത്തിനു അക്ഷീണം യത്നിച്ചത്, International Campaign to Abolish Nuclear Weapons (ICAN) ആണ്. ഈ NGO യ്ക്കു 2017-ല്‍ സമാധാന നൊബേല്‍ ലഭിച്ചിരുന്നു.

“മാനവികതയുടെ വിജയമാണ് ഇന്ന്‍ നടന്നത്. സുരക്ഷിതമായ നല്ലൊരു നാളേയ്ക്കുള്ള ചുവടുവെപ്പാണിത്” ഇന്‍റര്‍നാഷണല്‍ റെഡ് ക്രോസിന്‍റെ പ്രസിഡണ്ട് Peter Maurer പ്രസ്താവിച്ചു.

ഹിരോഷിമാ-നാഗസാക്കി ദുരന്തത്തിന്‍റെ എഴുപത്തിയഞ്ചാം വാര്‍ഷികമായിരുന്ന, കഴിഞ്ഞ ഓഗസ്റ്റില്‍ ലോകമെമ്പാടും ആണവായുധ നീരോധനത്തിന്റെ ഒരു നവതരംഗം ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് നൈജീരിയ, മലേഷ്യ, അയര്‍ലണ്ട് എന്നീ രാജ്യങ്ങള്‍ സന്ധിയില്‍ ഒപ്പുവച്ചത്. 2021 ജനുവരി 22ന് സന്ധി പ്രാബല്യത്തില്‍ വരും.

ആണവായുധങ്ങളുടെ ഉപയോഗം, നിര്‍മാണം, സംഭരണം, പരീക്ഷണം, സംസ്ഥാപാനം, അത് വച്ചുള്ള ഭീഷണിപ്പെടുത്തല്‍ എന്നിവ നിരോധിച്ചുകൊണ്ടുള്ള 122 രാജ്യങ്ങള്‍ പങ്കെടുത്തുകൊണ്ടുള്ള സന്ധി 2017 ജൂലൈ ലാണ് UN അംഗീകരിച്ചത്.

84 രാജ്യങ്ങള്‍ ഇതിനകം സന്ധിയില്‍ ഒപ്പ് വച്ചുകഴിഞ്ഞുവെങ്കിലും മുഴുവന്‍ രാജ്യങ്ങളുടെ അംഗീകാരം നേടാന്‍ കഴിഞ്ഞിട്ടില്ല. വന്‍ ആണവ ശക്തികളായ USA, ബ്രിട്ടന്‍, ചൈന, ഫ്രാന്‍സ്, റഷ്യ എന്നിവര്‍ സന്ധിയ്ക്ക് പുറം തിരിഞ്ഞു നില്‍ക്കുകയാണ്.

ആണവായുധങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനികള്‍ നിര്‍മ്മാണം നിര്‍ത്തുമെന്നും ഫണ്ടിങ് ചെയ്തുകൊണ്ടിരിക്കുന്ന സ്ഥാപനങ്ങള്‍ അത് നിര്‍ത്തുമെന്നും തങ്ങള്‍ പ്രതീക്ഷിക്കുന്നു എന്ന്‍ ICAN പറഞ്ഞു.

കൂട്ടായ്മയുടെ Executive director, Beatrice Fihn പറഞ്ഞത് സന്ധി, ആണവ നിരായുധീകരണത്തില്‍ ഒരു പുതിയ അദ്ധ്യായം ആണെന്നാണ്. ഒരുകാലത്ത് അസാദ്ധ്യമെന്ന് കരുതിയ ഒരു കാര്യമാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്.

ആണവായുധരാഷ്ട്രങ്ങള്‍ പറയുന്നതു തങ്ങളുടെ ആയുധപ്പുരയില്‍ ആണവായുധങ്ങള്‍ ഉണ്ടെങ്കിലും തങ്ങള്‍ എന്നും ആണവ നിര്‍വ്യാപന കരാര്‍ അനുസരിക്കുമെന്നാണ്.

Share this news

Leave a Reply

%d bloggers like this: