കോവിഡിനെ പേടിയില്ല, നിയമത്തിനും പുല്ലു വില; 200 പേരെ പങ്കെടുപ്പിച്ച് മരണപ്പെട്ടയാൾക്ക് വേണ്ടി ലിമറിക്കിലെ സെമിത്തേരിയിൽ ബർത്ത്ഡേ പാർട്ടി

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് മരണപ്പെട്ടയാളുടെ ജന്മദിനം ആഘോഷിക്കാനായി സെമിത്തേരിയില്‍ ഒത്തുകൂടിയവര്‍ക്കെതിരെ കടുത്ത നടപടിയുമായി ഗാര്‍ഡ. ലിമറിക്കിലെ Rathkeale-ല്‍ ഉള്ള St Josephs സെമിത്തേരിയിലാണ് ഇന്നലെ (ഫെബ്രുവരി 28 ഞായറാഴ്ച) ഉച്ചതിരിഞ്ഞ് 200-ഓളം പേര്‍ ഒത്തുചേര്‍ന്നത്. സ്റ്റീരിയോ ഉപയോഗിച്ച് വലിയ ശബ്ദത്തില്‍ പാട്ട് വച്ച ഇവര്‍, ടേബിളുകളും കസേരകളും കൊണ്ടുവരികയും, കഴിക്കാനായി ഭക്ഷണവും പാനീയങ്ങളും എത്തിക്കുകയും ചെയ്തിരുന്നു. പലരും മാസ്‌ക് ധരിക്കുകയോ, സാമൂഹിക അകലം പാലിക്കുകയോ ചെയ്തിരുന്നില്ല. സംഭവമറിഞ്ഞ് 3 മണിയോടെ സ്ഥലത്തെത്തിയ ഗാര്‍ഡ ഇവരെ സമാധാനപരമായി പിരിച്ചുവിടുകയായിരുന്നു.

ഒത്തുകൂടിയ 200 പേര്‍ക്കെതിരെയും Director of Public Prosecutions-ന് റിപ്പോര്‍ട്ട് നല്‍കുമെന്ന് ഗാര്‍ഡ അധികൃതര്‍ വ്യക്തമാക്കി. ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. The Health Act 1947 (Section 31A-Temporary Restrictions) (Covid-19) (No.10) Regulations 2020 എന്നീ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

അതേസമയം ഇതൊരു ചെറിയ ഉദാഹരണം മാത്രമാണെന്നും, Rathkeale-ല്‍ നിയമം ലംഘിച്ച് നിരവധി പേരെ കൂട്ടി വിവാഹങ്ങള്‍, സംസ്‌കാരച്ചടങ്ങുകള്‍ എന്നിവ നടത്താറുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. Travelling വിഭാഗത്തില്‍ പെട്ട ഒരാളുടെ സംസ്‌കാരച്ചടങ്ങിനായി 150 പേര്‍ കഴിഞ്ഞ മാസം Rathkeale-ലെ ഒരു സെമിത്തേരിയില്‍ ഒത്തുചേര്‍ന്ന സംഭവം ഗാര്‍ഡ അന്വേഷിച്ചുവരികയാണ്. പ്രദേശത്ത് ക്രിസ്മസ് കാലത്ത് വമ്പന്‍ ഹൗസ് പാര്‍ട്ടി നടത്തിയവര്‍ക്കെതിരെ ഗാര്‍ഡ നേരത്തെ നടപടിയെടുത്തിരുന്നു. സമീപപ്രദേശമായ Newcastle West-ലെ ഇടവകയില്‍ 200-ലേറെ പേര്‍ ഒരു സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്ത സംഭവത്തില്‍ 30-ലേറെ പേരില്‍ നിന്നും ഗാര്‍ഡ പിഴ ഈടാക്കിയത് ഇക്കഴിഞ്ഞ ഫെബ്രുവരി 24-നാണ്.

Share this news

Leave a Reply

%d bloggers like this: