വേദപാഠം നിഷേധിക്കപ്പെട്ടതിനെതിരെ കോർക്ക് സീറോ മലബാർ സമൂഹത്തിന്റെ പ്രതിഷേധം

ട്രസ്റ്റിൽ ചേരാത്തതിനാൽ വേദപഠനം നിഷേധിക്കപ്പെട്ടെന്ന പരാതിയുമായി കുട്ടികൾ ഉൾപ്പെടെയുള്ള സീറോമലബാർ വിശ്വാസികൾ കോർക്കിൽ പ്രതിഷേധം സംഘടിപ്പിച്ചു.

അയർലണ്ടിലെ സീറോ മലബാർ കമ്മ്യൂണിറ്റിയുടെ ചരിത്രത്തിൽ ആദ്യമായി വിശ്വാസികൾ നേതൃത്വത്തിനെതിരെ പരസ്യമായി പള്ളി അങ്കണത്തിൽ പ്രതിഷേധിച്ചു. കോർക്കിൽ സീറോ മലബാർ സഭയുടെ പേരിൽ സ്വകാര്യ ട്രസ്റ്റുണ്ടാക്കി  പുരോഹിതർ വിശ്വാസത്തിന്റെ പേരിൽ അനീതി നടത്തുന്നുവെന്നുള്ള  ആരോപണത്തോടെയാണ്  ഒരു കൂട്ടം പ്രവാസി കത്തോലിക്കർ ബാനറുകളുമായി കോർക്കിൽ പ്രതിഷേധിച്ചത്. കുർബാന നടക്കുന്നതിന് തൊട്ടുമുൻപായി കോർക്കിലെ വിൽട്ടൻ സെന്റ് ജോസഫ് പള്ളിക്ക് മുൻപിലാണ് ഞായറാഴ്ച വൈകുന്നേരം 4:30 മുതൽ കോവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ ഒത്തുകൂടിയത്.


കഴിഞ്ഞ നാലാഴ്ചയായി അൻപതിൽപരം കുട്ടികൾക്ക് വേദപാഠം നിഷേധിക്കപ്പെട്ട സാഹചര്യത്തിൽ ആണ് ഈ പ്രതിഷേധം സംഘടിപ്പിച്ചതെന്ന് സംഘാടകർ അറിയിച്ചു. ഇതിനെ തുടർന്ന്  പള്ളി വികാരി ബഹു. ഫാ. മൈക്കൾ ഒലേരിയുടെ മധ്യസ്ഥതയിൽ പ്രതിഷേധക്കാരും സീറോ മലബാർ ചാപ്ലൈൻ ബഹു. ഫാ. ജിൻസൺ കൊക്കണ്ടത്തിലുമായി ചർച്ച നടത്താൻ തീരുമാനമായി.


സീറോ മലബാർ വിശ്വാസികൾക്കായി കോർക്ക് രൂപത അനുവദിച്ചിരിക്കുന്ന കുർബാനയും വേദപാഠവുമടക്കമുള്ള സേവനങ്ങൾ പ്രസ്‌തുത ട്രസ്റ്റിൽ ചേർന്നു പണം കൊടുക്കാത്തവർക്ക് നൽകില്ലെന്ന് പറഞ്ഞു കുറച്ചു വിശ്വാസികളെ മാറ്റിനിർത്തിയെന്നതാണ് പ്രധാന ആരോപണം. അധികാരികളുടെ അനുവാദമില്ലാതെ  തുടങ്ങിയ  ട്രസ്റ്റിനെതിരെ അതിലുൾപ്പെട്ട പുരോഹിതർക്കുമെതിരെ കോർക്കിലെ മെത്രാനും സീറോ മലബാർ സഭാധികാരികൾക്കും പരാതികൾ സമർപ്പിച്ചിട്ടുണ്ടെന്ന് കോർക്കിലെ സീറോ മലബാർ കമ്മ്യൂണിറ്റി വക്താവ്‌ അറിയിച്ചു.


 “സീറോ മലബാർ കാത്തലിക്ക് ചർച്ച് ഓഫ് കോർക്ക്” എന്ന പേരിൽ പുതിയതായി ഉണ്ടാക്കിയ ട്രസ്റ്റിനെ പറ്റി സീറോ മലബാർ മേജർ ആർച്ച്ബിഷപ്പിന്റെ അഭിപ്രായവും സഭയുടെ നിലപാടും ആരാഞ്ഞിരുന്നു. പ്രസ്തുത ട്രസ്റ്റിന്റെ ഉത്തരവാദിത്വം സീറോ മലബാർ സഭ ഏറ്റെടുക്കാതിരുന്ന സാഹചര്യത്തിൽ കൂടിയാണ് പ്രതിഷേധവുമായി മുന്നോട്ടുപോകാൻ വിശ്വാസികൾ തീരുമാനിച്ചതെന്ന് അറിയിച്ചു.

അയർലണ്ടിലെ സീറോ മലബാർ പുരോഹിതരുടെ ഇത്തരം നടപടികൾ സഭയുടെ അന്തസ്സിനു ക്ഷതം ഏല്പിക്കുന്നതാണ്. ഈ പ്രശ്നത്തിന് ഉടനടി പരിഹാരം ഉണ്ടായില്ലെങ്കിൽ വരും ദിവസങ്ങളിൽ പ്രതിഷേധം സിറോമലബാർ കമ്മ്യൂണിറ്റിയുടെ ആസ്ഥാനമായ ഡബ്ലിനിലെ “റിയാൾട്ടോ”യിലേക്കും വ്യാപിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് വ്യക്താക്കൾ അറിയിച്ചു. 
വിശ്വാസികളെ പണത്തിന്റെ പേരിൽ രണ്ടായി തിരിക്കുന്ന സഭയുടെ നടപടികളോട് ഒരുതരത്തിലും വിട്ടുവീഴ്ചയില്ലെന്ന്  സമരത്തിൻറെ പ്രതിനിധികൾ അറിയിച്ചു.

comments

Share this news

Leave a Reply

%d bloggers like this: