24 മണിക്കൂറിലേറെ നിരന്തരമായ ഓവർടൈം ഡ്യൂട്ടി; അയർലണ്ടിലെ ജൂനിയർ ഡോക്ടർമാർ ദുരിതത്തിൽ

അയര്‍ലണ്ടില്‍ വിശ്രമമില്ലാതെ ഓവര്‍ ടൈം ഡ്യൂട്ടി ചെയ്യുന്ന ഡോക്ടര്‍മാര്‍ ദുരിതത്തില്‍. സാധാരണയിലും വളരെയേറെ നേരം ഡ്യൂട്ടി ചെയ്യുന്നത് കാരണം ഇവര്‍ വളരെയധികം സമ്മര്‍ദ്ദം അനുഭവിക്കുന്നതായും, സുരക്ഷിതത്വം ഇല്ലാതാകുന്നവെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

Non-consultant hospital doctors (NCHDs) അഥവാ ജൂനിയര്‍ ഡോക്ടര്‍മാരാണ് ഈ ഓവര്‍ടൈം പ്രശ്‌നത്തിന്റെ പ്രധാന ഇരകള്‍. ഇവര്‍ നേരിട്ട് രോഗികളെ കണ്‍സള്‍ട്ട് ചെയ്യുന്നില്ലെങ്കിലും, രോഗികള്‍ക്ക് വേണ്ട മറ്റ് കാര്യങ്ങളെല്ലാം ചെയ്യുകയും, ചികിത്സ നല്‍കുകയും ചെയ്യുന്നുണ്ട്. പൊതുവെ ഏതെങ്കിലും വിഭാഗത്തില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ട്രെയിനിങ് ചെയ്യുന്നവരുമാകും ഇവര്‍.

HSE പുറത്തുവിട്ട കണക്ക് പ്രകാരം 2021-ല്‍ 28 ലക്ഷം മണിക്കൂറുകള്‍ എന്ന റെക്കോര്‍ഡ് ഓവര്‍ടൈം ഡ്യൂട്ടിയാണ് അയര്‍ലണ്ടിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ ചെയ്തത്. ഇതില്‍ നിന്നു തന്നെ ഇവര്‍ അനുഭവിക്കുന്ന ദുരിതം വ്യക്തമാണ്. പറഞ്ഞുവച്ച ഡ്യൂട്ടി സമയത്തിലും അധികമായി ചെയ്യുന്നതാണ് ഈ ഡ്യൂട്ടിയെന്ന് ഓര്‍ക്കണം.

ഓവര്‍ടൈം ജോലിക്ക് നല്‍കുന്ന ശമ്പളം പലപ്പോഴും സാധാരണ ശമ്പളത്തിലും അധികമാകുന്നതും പതിവാണ്. ഡ്യൂട്ടി സമയത്തെക്കാള്‍ ഓവര്‍ടൈം ഡ്യൂട്ടി വരുന്നതിനിലാണ് ഇത്. 2021-ല്‍ ഏറ്റവുമധികം സമയം ജോലി ചെയ്ത 25 ഡോക്ടര്‍മാര്‍ക്ക് 91,213 യൂറോ മുതല്‍ 169,772 യൂറോ വരെ ഓവര്‍ടൈം സാലറിയായി നല്‍കിയിട്ടുണ്ട്. ഇവരില്‍ എട്ട് പേര്‍ ഗോള്‍വേയിലും, നാല് പേര്‍ കോര്‍ക്കിലും, മൂന്ന് പേര്‍ ലിമറിക്കിലുമാണ്. ലാവോയിസ്, സ്ലൈഗോ, വെക്‌സ്‌ഫോര്‍ഡ് എന്നിവിടങ്ങളില്‍ രണ്ട് പേര്‍ വീതവും, ഡോണഗല്‍, കില്‍ക്കെന്നി, കെറി, ലൂ എന്നിവിടങ്ങളില്‍ ഒരാള്‍ വീതവും ജോലി ചെയ്യുന്നു.

ഇത്രയുമധികം ഓവര്‍ടൈം എന്നത് നിയമവിരുദ്ധമാണെന്ന് മുതിര്‍ന്ന ഡോക്ടര്‍മാര്‍ പറയുന്നു. അതുപോലെ വിശ്രമില്ലാത്ത ജോലി അപകടകരവുമാണ്. തര്‍ത്തും വിവേകശൂന്യമായ ഡ്യൂട്ടി സമയമാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് നല്‍കുന്നതെന്നും Irish Medical Organisation’s NCHD committee ചെയര്‍മാനായ Dr John Cannon പറയുന്നു.

ആവശ്യത്തിന് വിശ്രമം ലഭിക്കാതെ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ പിഴവുകളുണ്ടാക്കാന്‍ സാധ്യത ഏറെയാണ്. അത് രോഗികള്‍ക്ക് അപകടം സൃഷ്ടിക്കുന്നതാണ്.

ഈ സാഹചര്യത്തില്‍ ജൂനിയര്‍ ഡോക്ടര്‍മാരുടെ ഡ്യൂട്ടി സമയം മെച്ചപ്പെടുത്തുന്നതിനായി #StandingUp4NCHDs എന്ന പേരില്‍ IMO ഒരു കാംപെയിന്‍ ആരംഭിച്ചിട്ടുണ്ട്. നിലവില്‍ 96% ജൂനിയര്‍ ഡോക്ടര്‍മാരും ആഴ്ചയില്‍ 48 മണിക്കൂറിലേറെ ജോലി ചെയ്യുന്നുണ്ട്. ഇതില്‍ 40% പേരാകട്ടെ ഒറ്റ ഷിഫ്റ്റില്‍ തന്നെ 24 മണിക്കൂറിലധികം ജോലി ചെയ്യേണ്ടിവരുന്നു. പലര്‍ക്കും കൃത്യമായി ഓവര്‍ടൈം ശമ്പളം നല്‍കുന്നില്ല എന്നും പരാതിയുണ്ട്. കോവിഡ് ബാധയാണ് സ്ഥിതി ഇത്രയധികം വഷളാക്കിയത്.

സ്റ്റഡി ലീവ് ലഭിക്കാനും ഈ ഡോക്ടര്‍മാര്‍ക്ക് പ്രയാസം അനഭവപ്പെടുന്നുണ്ട്. വാര്‍ഷിക ലീവും ലഭിക്കാറില്ല.

നീണ്ട ഡ്യൂട്ടി സമയത്തിന് ശേഷം തിരികെ പോകും വഴി തങ്ങളുടെ കാറുകള്‍ ആക്‌സിഡന്റില്‍ പെടുന്ന തരത്തില്‍ ശ്രദ്ധയില്ലായ്മ സംഭവിക്കുന്നതായും ഡോക്ടര്‍മാര്‍ പറയുന്നു.

European Working Time Directive നിയമപ്രകാരം തൊഴിലാളികള്‍ ആഴ്ചയില്‍ പരമാവധി 48 മണിക്കൂര്‍ മാത്രമേ ഡ്യൂട്ടി ചെയ്യാവൂ. ഓവര്‍ടൈം അടക്കമാണിത്. ഡോക്ടര്‍മാര്‍ക്കും ഇത് ബാധകമാണ്. കൂടാതെ ദിവസേന 11 മണിക്കൂര്‍ വിശ്രമം, ഏഴ് ദിവസത്തിനിടെ ഒരു ദിവസം (24 മണിക്കൂര്‍ ഒരുമിച്ച്) പൂര്‍ണ്ണ വിശ്രമം എന്നിവ നല്‍കുകയും വേണം.

Share this news

Leave a Reply

%d bloggers like this: