ഉക്രെയിൻ അഭയാർത്ഥികൾക്ക് അയർലണ്ടിൽ വാഗ്ദാനം ചെയ്ത പകുതിയിലേറെ വീടുകളും ലഭ്യമായില്ല; പുനഃരധിവസിപ്പിക്കുന്നതിൽ പ്രതിസന്ധി

അയര്‍ലണ്ടിലെത്തുന്ന ഉക്രെയിന്‍ അഭയാര്‍ത്ഥികള്‍ക്ക് വാഗ്ദാനം ചെയ്ത താമസസ്ഥലങ്ങളില്‍ പകുതി എണ്ണവും ലഭ്യമായില്ലെന്ന് റിപ്പോര്‍ട്ട്. യുദ്ധം തുടങ്ങിയ ശേഷം ഇതുവരെ 24,500 അഭയാര്‍ത്ഥികളെയാണ് അയര്‍ലണ്ട് സ്വീകരിച്ചത്. മെയ് അവസാനത്തോടെ ഇത് 33,000 ആയി ഉയരുമെന്നാണ് കരുതുന്നത്.

എല്ലാവരെയും പുനഃരധിവസിപ്പിക്കുമെന്നായിരുന്നു വാഗ്ദാനമെങ്കിലും, ഇത്തരത്തില്‍ വാഗ്ദാനം ചെയ്ത 54% വീടുകളും ഇതുവരെ ലഭ്യമായിട്ടില്ല. ഇതോടെ അഭയാര്‍ത്ഥികളെ താമസിപ്പിക്കാന്‍ സര്‍ക്കാര്‍ ബുദ്ധിമുട്ടുകയാണ്.

ഐറിഷ് റെഡ്‌ക്രോസിന്റെ കണക്ക് പ്രകാരം, ഇവിടെ താമസം വാഗ്ദാനം ചെയ്ത 24,000 പേരെ സംഘടന ബന്ധപ്പെടുകയും, എന്നാല്‍ വീടുകള്‍ നല്‍കാമെന്ന് പറഞ്ഞ 16% പേര്‍ പിന്നീട് നിലപാട് മാറ്റുകയും ചെയ്തു. 38% വീട്ടുടമകളെ ഇതുവരെ ബന്ധപ്പെടാനും സാധിച്ചില്ല.

അതേസമയം ഒഴിഞ്ഞുകിടക്കുന്ന നിരവധി വീടുകള്‍ രാജ്യത്തുണ്ടെന്നും, അവ അഭയാര്‍ത്ഥികളെ പാര്‍പ്പിക്കാന്‍ ഉപയോഗിക്കാമെന്നുമാണ് റെഡ് ക്രോസ് പറയുന്നത്. ഇത്തരം 2,200-ഓളം വീടുകള്‍ താമസയോഗ്യമാക്കാനായി സര്‍ക്കാരുമായി ചര്‍ച്ച നടത്തിവരികയാണ്.

ഇതുവരെ അടിയന്തര പാര്‍പ്പിട പദ്ധതി പ്രകാരം 1,300 അഭയാര്‍ത്ഥികള്‍ക്ക് വീടുകള്‍ നല്‍കിയിട്ടുണ്ട്. പല പ്രദേശങ്ങളിലെയും ജനങ്ങള്‍ അഭയാര്‍ത്ഥികളെ ഇരു കൈയും നീട്ടി സ്വീകരിക്കുന്നുമുണ്ട്.

Share this news

Leave a Reply

%d bloggers like this: