യൂറോപ്പിൽ മങ്കി പോക്സ് രോഗബാധ; അയർലണ്ടിലും ജാഗ്രത

പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ കണ്ടുവരുന്ന മങ്കി പോക്‌സ് എന്ന അസുഖം വൈകാതെ തന്നെ അയര്‍ലണ്ടിലും എത്തിയേക്കുമെന്ന് ആരോഗ്യവിദഗ്ദ്ധര്‍. അസുഖത്തെ പറ്റി വിശകലനം ചെയ്യാനും, തയ്യാറെടുപ്പുകള്‍ നടത്താനും വിദഗ്ദ്ധ സംഘത്തെ നിയോഗിച്ചതായി HSE-യും വ്യക്തമാക്കി.

വര്‍ഷങ്ങളായി പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ കണ്ടുവരുന്ന വൈറസാണ് മങ്കി പോക്‌സിന് കാരണമാകുന്നത്. പനിയും, ചിക്കന്‍ പോക്‌സ് പോലെ ദേഹത്ത് കുരുക്കള്‍ പ്രത്യക്ഷപ്പെടലുമാണ് രോഗലക്ഷണങ്ങള്‍. ഈ രോഗം വൈകാതെ തന്നെ അയര്‍ലണ്ടിലുമെത്തുമെന്നാണ് Tropical Medical Bureau, Travel Health Clinics-ലെ ഡയറക്ടറായ Dr Graham Fry പറയുന്നത്.

കാനഡ, സ്‌പെയിന്‍, പോര്‍ച്ചുഗല്‍, ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ രോഗം സ്ഥിരീകരിച്ചുകഴിഞ്ഞു. അന്താരാഷ്ട്രയാത്രകള്‍ നടക്കുന്ന സ്ഥിതിക്ക് രോഗം അയര്‍ലണ്ടിലുമെത്തുമെന്ന് അദ്ദേഹം പറയുന്നു.

സ്‌പെയിനില്‍ 21 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ജര്‍മ്മനിയില്‍ ആദ്യം കേസ് സ്ഥിരീകരിച്ചു. ഇറ്റലിയിലും രോഗബാധയുണ്ട്. ഇതാദ്യമായാണ് യൂറോപ്പില്‍ ഇത്രയും വലിയ രീതിയില്‍ മങ്കി പോക്‌സ് ബാധ ഉണ്ടാകുന്നത്.

1950-കളുടെ അവസാനത്തില്‍ ലബോറട്ടറിയിലെ കുരങ്ങന്മാരിലാണ് ഈ രോഗം ആദ്യമായി കണ്ടെത്തിയത്. എന്നാല്‍ കുരങ്ങന്മാര്‍ തന്നെയാണോ ഈ വൈറസിന്റെ വാഹകരെന്ന് ഉറപ്പിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല.

അതേസമയം കോവിഡ് പോലെ വളരെയെളുപ്പത്തില്‍ മനുഷ്യരില്‍ നിന്നും മനുഷ്യരിലേയ്ക്ക് മങ്കി പോക്‌സ് പകരില്ല. വളരെയടുത്ത് ഇടപഴകിയാല്‍ മാത്രമേ രോഗം പകരൂ. മൃഗങ്ങളുമായി ഇടപഴകിയാലും രോഗം വരാം.

സ്‌മോള്‍ പോക്‌സ് വൈറസിന്റെ അതേ വിഭാഗത്തിലാണ് മങ്കി പോക്‌സ് വൈറസും പെടുന്നത്. എന്നാല്‍ സ്‌മോള്‍ പോകിന്റെ അത്രയും വേഗത്തില്‍ പടരില്ല. ആഴ്ചകള്‍ക്കുള്ളില്‍ തന്നെ രോഗം ഭേദമാകുകയും ചെയ്യും. പൊതുവെ രോഗം ഗുരുതരമാകാറില്ലെങ്കിലും 1% മുതല്‍ 15% വരെ മരണനിരക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കുട്ടികളിലാണ് രോഗം ഗുരുതരമാകുന്നതും, മരണവും കൂടുതല്‍.

Share this news

Leave a Reply

%d bloggers like this: