ട്രോളിയിലെ രോഗികളുടെ എണ്ണം റെക്കോര്‍ഡിലേക്ക്,നാണക്കേടെന്ന് INMO

 

ഡബ്ലിന്‍: അയര്‍ലന്‍ഡിലെ വിവിധ ഹോസ്പിറ്റലുകളിലെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ ട്രോളിയില്‍ ചികിത്സയ്ക്കായി കാത്തിരിക്കുന്നവരുടെ എണ്ണത്തില്‍ കഴിഞ്ഞമാസം റെക്കോര്‍ഡ് വര്‍ധനയുണ്ടായതായി ഐറിഷ് നഴ്‌സസ് ആന്‍ഡ് മിഡ്‌വൈഫ്‌സ് ഓര്‍ഗനൈസേഷന്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. മെയില്‍ ഇന്‍ പേഷ്യന്റ് ബെഡിനായി 7,713 പേരാണ് ട്രോളിയില്‍ കാത്തിരുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 31 ശതമാനം വര്‍ധനയാണിതെന്ന് ഐഎന്‍എംഒ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തില്‍ ഹോസ്പിറ്റലിലെ രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് തടയാന്‍ കൂടുതല്‍ റിസേഴ്‌സുകളും നഴ്‌സ് റിക്രൂട്ട്‌മെന്റുകളും വേണമെന്ന് ഐഎന്‍എംഒ ആവശ്യപ്പെട്ടു.

എല്ലാദിവസവും എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റിലെ ഇടനാഴികളില്‍ ട്രോളികള്‍ നിരനിരയായി കിടക്കുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. വളരെ ചെറിയ ഇടനാഴിയില്‍ രോഗികളെ പരിചരിക്കാന്‍ ആവശ്യത്തിന് നഴ്‌സുമാര്‍ പോലും ഉണ്ടാവാറില്ല. അയര്‍ലന്‍ഡിലെ ആരോഗ്യരംഗത്തിന്റെ ശോചനീയാവസ്ഥ പ്രകടമാകുന്ന ഈ സാഹചര്യങ്ങളില്‍ രോഗികളെയും അവരുടെ കുടുംബാംഗങ്ങളെയും അഭിമുഖീകരിക്കാന്‍ ഐഎന്‍എംഒ അംഗങ്ങള്‍ക്ക് നാണക്കേട് തോന്നാറുണ്ടെന്നും ഐഎന്‍എംഒ പറയുന്നു.

എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റിലെ തിരക്ക് കുറയ്ക്കാന്‍ ഒക്ടോബര്‍ 1 മുതല്‍ ലക്ഷ്യമിടുന്നുണ്ടെങ്കിലും ആവശ്യത്തിന് ബെഡിനായി ഫണ്ട് ഇന്‍വെസ്റ്റ് ചെയ്യാതെ, കമ്മ്യൂണിറ്റി സര്‍വ്വീസുകള്‍ക്ക് പ്രോത്സാഹനം നല്‍കാതെ ആവശ്യത്തിന് നഴ്‌സുമാരെയും മറ്റ് ജിവനക്കാരെയും റിക്രൂട്ട് ചെയ്യാതെ ഫലം കാണില്ലെന്ന് ഐഎന്‍എംഒ ജനറല്‍ സെക്രട്ടറി ലിയാം ഡോറന്‍ പറഞ്ഞു. കഴിഞ്ഞമാസത്തെ കണക്കുകളില്‍ 2006 നേക്കാള്‍ 86 ശതമാനം വര്‍ധനയാണുള്ളതെന്നും യൂണിയന്‍ വ്യക്തമാക്കി.

ട്രോളിയില്‍ ചികിത്സയ്ക്കായി കാത്തിരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതിനിടെ 102 വയസുള്ള സ്ത്രീ താലഗട്ട് ഹോസ്പിറ്റലില്‍ ട്രോളിയില്‍ 26 മണിക്കൂര്‍ കാത്തിരുന്ന സംഭവം കഴിഞ്ഞദിവസം വലിയ വിവാദമായിരുന്നു. ഇതിനു ശേഷം പിറ്റേദിവസം തന്നെ 101 വയസുള്ള മറ്റൊരു സ്ത്രീയ്ക്കും 25 മണിക്കൂറോളം ലിമെറിക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ ട്രോളിയില്‍ കഴിയേണ്ടി വന്നു. സംഭവത്തില്‍ ആരോഗ്യവകുപ്പ് വ്യക്തമായ മറുപടി നല്‍കാന്‍ തയാറായതുമില്ല. ട്രോളിയിലെ രോഗികളുടെ റെക്കോര്‍ഡ് വര്‍ധന സമൂഹത്തിന് തന്നെ നാണക്കേടാണെന്ന് ഐഎന്‍എംഒ വ്യക്തമാക്കി.

വിവിധ ഹോസ്പിറ്റലില്‍ ട്രോളിയില്‍ ചികിത്സയ്ക്കായി കാത്തിരുന്ന രോഗികളുടെ എണ്ണം

ഡബ്ലിന്‍ ബ്യൂമണ്ട് ഹോസ്പിറ്റല്‍-782

ദോഗ്രഡ ഔവര്‍ ലേഡി ഹോസ്പിറ്റല്‍-718

ലിമെറിക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍-538

ഗാല്‍വേ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍-524

ഡബ്ലിന്‍ മാറ്റര്‍ ഹോസ്പിറ്റല്‍-497

കോര്‍ക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍-454

മുല്ലിനഗര്‍ മിഡ്‌ലാന്‍ഡ് റിജിയണല്‍ ഹോസ്പിറ്റല്‍-435

ഡബ്ലിന്‍ സെന്റ് വിന്‍സെന്റ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍-427
-എജെ-

Share this news

Leave a Reply

%d bloggers like this: