ഡബ്ലിന്‍: കംപ്യൂട്ടര്‍ സയന്‍സ് ബിരുദധാരിയും അവാര്‍ഡ് ജേതാവുമായ ഐറിഷ് സ്വദേശി അമേരിക്കയില്‍ നീണ്ട ഒന്‍പതു വര്‍ഷത്തെ ജയില്‍വാസത്തിനു ശേഷം ജന്മനാട്ടിലേക്ക് മടങ്ങാന്‍ തയാറെടുക്കുന്നു. ബാങ്ക് മോഷണത്തിനു ശ്രമിച്ചതിനെ തുടര്‍ന്നായിരുന്നു ജയില്‍ ശിക്ഷ. ട്രിനിറ്റി കോളേജിലെ മിടുക്കനായ വിദ്യാര്‍ഥിയായിരുന്നു നിയാല്‍ ക്ലാര്‍ക്ക്. 2006 ല്‍ അമേരിക്കയിലെ മെയ്‌നിലെ ബാങ്കില്‍ നിന്ന് 11,125 ഡോളര്‍ മോഷ്ടിച്ചതിനെ തുടര്‍ന്നാണ് ക്ലാര്‍ക്ക് പിടിയിലാകുന്നത്. കില്‍റഷിലെ ക്ലെയര്‍ സ്വദേശിയായ ക്ലാര്‍ക്കിനെ മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ പോലീസ് പിടികൂടി. പിന്നീട് ക്ലാര്‍ക്ക് കുറ്റം സമ്മതിക്കുകയും 33 മാസത്തെ തടവിനു ശിക്ഷിക്കുകയുമായിരുന്നു.
മിനിസോട്ടയിലെ ജയിലില്‍ കഴിയുന്ന ക്ലാര്‍ക്ക് ജൂണ്‍ 22ന് മോചിതനാകും. പുറത്തിറങ്ങിയാലുടന്‍ തന്നെ ക്ലാര്‍ക്കിനെ അയര്‍ലന്‍ഡിലേക്കു തിരിച്ചയക്കുകയും ചെയ്യും. അമേരിക്കയില്‍ താത്ക്കാലിക വിസയില്‍ താമസിക്കുന്നതിനിടെയായിരുന്നു ബാങ്ക് മോഷണവും അറസ്റ്റും. കേസിന്റെ വിചാരണയ്ക്കിടെ ക്ലാര്‍ക്ക് ഒരു മാനസിക രോഗിയായിരുന്നുവെന്ന സത്യം വെളിപ്പെട്ടു. അയര്‍ലന്‍ഡില്‍ ചികിത്സയ്ക്കു വിധേയനാകാന്‍ കൂട്ടാക്കാതെയാണ് ക്ലാര്‍ക്ക് അമേരിക്കയിലെത്തിയത്. തന്റെ മകന്റെ മാനസികാസ്വാസ്ഥ്യമാണിതെല്ലാം ചെയ്യിച്ചതെന്ന് പിതാവ് മൈക്കല്‍ ക്ലാര്‍ക്കും കോടതിയില്‍ ബോധിപ്പിച്ചു. ക്ലാര്‍ക്കിന്റെ അഭിഭാഷകന്‍ വെളിപ്പെടുത്തിയത് ബാങ്ക് കൊള്ളയടിക്കണമെന്ന ശബ്ദം ക്ലാര്‍ക്കിന്റെ ചെവിയില്‍ മുഴങ്ങിയിരുന്നുവെന്നാണ്. യാതൊരു വിധ ക്രിമിനല്‍ വൈദഗ്ധ്യവുമില്ലാതെയാണ് ക്ലാര്‍ക്ക് മോഷണം നടത്തിയത്. കൊച്ചുകുട്ടികള്‍ പോലും ഇതിനേക്കാള്‍ മികച്ചതായി ചെയ്യുമായിരുന്നുവത്രേ. മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ ജീവനക്കാരന്റെ സഹായത്തോടെയാണ് ക്ലാര്‍ക്ക് ഒരു തോക്ക് സംഘടിപ്പിച്ചത്.
ബോസ്റ്റണിലെ ഒരു ബാറില്‍ സെന്റ് പാട്രിക് ദിനത്തിലാണ് ക്ലാര്‍ക്ക് ഇയാളെ പരിചയപ്പെട്ടത്. ബാന്‍ഗറിലെ ഒരു ബാങ്കില്‍ മുഖം മറച്ച് തോക്കുമായെത്തിയ ക്ലാര്‍ക്ക് ജീവനക്കാരെ ഭീഷണിപ്പെടുത്തി പണം മുഴുവന്‍ ബാഗില്‍ നിറയ്ക്കാനാവശ്യപ്പെട്ടു. ഫോണ്‍ വിളിക്കാനൊരുങ്ങിയ മാനേജരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് പണവുമായി കടന്ന ക്ലാര്‍ക്കിന് അധികം മുന്നോട്ടു പോകാനായില്ല. കാരണം ക്ലാര്‍ക്കിന്റെ കാര്‍ നമ്പര്‍ ബാങ്ക് ജീവനക്കാര്‍ നോക്കിവെക്കുകയും പോലീസിനെ വിവരമറിയിക്കുകയും ചെയ്തിരുന്നു. മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ക്ലാര്‍ക്കിന്റെ കാര്‍ പോലീസ് പിടികൂടി.
ഈ സംഭവത്തിനു നാലു വര്‍ഷങ്ങള്‍ക്കു മുന്‍പ് ലോകം തന്റെ കാല്‍ച്ചുവട്ടിലാക്കിയ സമര്‍ഥനായ വ്യക്തിയായിരുന്നു ക്ലാര്‍ക്ക്. മികച്ച സംരംഭകനുള്ള അവാര്‍ഡ് നേടുകയും അന്താരാഷ്ട്ര ഗണിത ഒളിംപ്യാഡില്‍ പങ്കെടുക്കാനായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു ക്ലാര്‍ക്ക്. കൂടാതെ സ്വന്തമായി ഒരു സോഫ്റ്റ് വെയര്‍ എന്‍ജിനീയറിംഗ് കമ്പനിയും ക്ലാര്‍ക്കിനുണ്ടായിരുന്നു. എന്നാല്‍ പിന്നീട് മാനസിക നില തെറ്റിയ ക്ലാര്‍ക്ക് ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും ഒഴിഞ്ഞുമാറി ജീവിക്കുകയായിരുന്നു. ചികിത്സ നല്‍കാനുള്ള അവരുടെ ശ്രമങ്ങളെയും ക്ലാര്‍ക്ക് തള്ളിക്കളയുകയായിരുന്നു.
-എജെ-