ഡബ്ലിന്‍: രാജ്യം സാമ്പത്തികമായി തിരിച്ച് വരുമ്പോഴും വേതനകാര്യത്തില്‍ പുരോഗതിയൊന്നുമില്ലെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തെ ശരാശരി ദേശീയ വേതനം €35,768 ആണ്. ഇതാകട്ടെ തൊട്ട് മുന്‍വര്‍ഷത്തില്‍ നിന്ന് 0.2% കുറവാണ്. അതേ സമയം തന്നെ ദേശീയവരുമാനം കുറയുന്നതിലെ നിരക്കില്‍ ഇടിവുണ്ട്. 2013ല്‍ 0.7% ആയിരുന്നു ദേശീയ വരുമാനത്തിലുണ്ടായ കുറവെങ്കില്‍ കഴിഞ്ഞ വര്‍ഷം 0.2%മാത്രമായി കുറഞ്ഞു. മാത്രമല്ല എല്ലാ മേഖലയും മോശം പ്രകടനമാണ് കാഴ്ച്ചവെയ്ക്കുന്നതെന്ന് പറയാനും സാധിക്കില്ല.
ശരാശരി വേതനത്തിന്‍റെ കാര്യത്തില്‍ മുന്നോട്ട് പോയിട്ടുള്ള മേഖലയും ഉണ്ട്. പതിമൂന്ന് മേഖലയില്‍ അഞ്ച് എണ്ണത്തില്‍ വാര്‍ഷിക വേതനം വര്‍ധിച്ചിട്ടുണ്ട്. നിര്‍മ്മാണ മേഖലയിലാണ് ഏറ്റവും വലിയ വര്‍ധനയുള്ളത്. €36,230ആയിരുന്നത് €37,884 ലേക്കെത്തി. ഏറ്റവും വലിയ ഇടിവ് വിദ്യാഭ്യാസ മേഖലയിലും വിനോദ മേഖലയിലുമാണ്. 2.9% കുറവുണ്ട്.. €42,554 ആയിരുന്ന വാര്‍ഷിക വേതനം വിദ്യാഭ്യാസമേഖലയില്‍ €41,332ലേയ്ക്കും €25,158ആയിരുന്നു വേതനം വിനോദ മേഖലയില്‍ €24,438ലേയ്ക്കും താഴ്ന്നു. അതേ സമയം തന്നെ തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള ചെലവഴിക്കല്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം തൊഴില്‍ ശക്തിക്കായി €66.6 ബില്യണ്‍ ആണ് ചെലവാക്കിയത്. തൊട്ട് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2.7% വര്‍ധനയാണിത്. എന്നാല്‍ ആറ് വര്‍ഷം മുമ്പുള്ള €68.9 ബില്യണ്‍ എന്ന ചെലവഴിക്കലിലേക്ക് ഇനിയും എത്തിയിട്ടില്ല.
വ്യവസായമേഖലയിലാണ് ഏറ്റവും കൂടുതല്‍ തൊഴില്‍ ചെലവഴിക്കല്‍ ആകെ ചെലവഴിക്കലിന്‍റെ 16.1% ശതമാനവും ഈ മേഖലയിലാണ്. നിര്‍മ്മാണ മേഖലയില്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ഉണ്ടാകുന്നില്ലെന്നതിന്‍റെ സൂചനയായി ചെലവഴിക്കല്‍ കുറവുമാണ്. കണക്കുകളോടുള്ള പ്രതികരണമെന്ന നിലയില്‍ ഐറിഷ് സ്മാള്‍ ആന്‍റ് മീഡിയം എന്‍റര്‍ പ്രൈസ് അസോസിയേഷന്‍ സിഇഒ മാര്‍ക്ക് ഫീല്‍ഡിങ് വേതന കാര്യത്തില്‍ കമ്മീഷനെ നിയോഗിക്കണമെന്ന് വ്യക്തമാക്കുന്നു. സ്വകാര്യമേഖലയിലും സര്‍ക്കാര്‍ തലത്തിലും നിലനില്‍ക്കുന്ന വേതന അന്തരം വലുതാണെന്നും അഭിപ്രായപ്പെടുന്നു. ഇത് കൂടാതെ ലാന്‍സ്ഡൗണ്‍ റോഡ് എഗ്രിമെന്‍റ് പ്രകാരം വേതനം വര്‍ധിപ്പിച്ചതില്‍ സാമ്പത്തിക യുക്തിയില്ലെന്നും പറയുന്നുണ്ട്.
വോട്ട് നേടാനുള്ള വഴിയെന്നല്ലാതെ പ്രയോജനമൊന്നുമില്ലെന്നാണ് ആരോപിക്കുന്നത്. പൊതുമേഖലയില്‍ സ്വകാര്യമേഖലയിലുള്ളതിനേക്കാളും വേതനം നല്‍കുന്നുണ്ടെന്നും ഇത്തരത്തില്‍ ആവശ്യമില്ലെന്നും സൂചിപ്പിക്കുന്നു. അതേസമയം സാമ്പത്തികമായി തിരിച്ചുവരവ് പ്രകടമാകുന്നതിന്‍റെ ഗുണം ജനങ്ങളിലെത്തിക്കാന്‍ സര്‍ക്കാര്‍ പരാജയപ്പെടുന്നതാണ് കണക്കുകളിലൂടെ വെളിപ്പെടുന്നതെന്ന് സിന്‍ഫിന്‍ ആരോപിച്ചു. സാമ്പത്തികമായ തിരിച്ച വരവ് തൊഴില്‍ സംബന്ധമാണെന്ന് ഫിനഗേലും ലേബറും പറയുമ്പോള്‍ കണക്കുകള്‍ കാണിക്കുന്നത് വേതനം കുറയുകയാണെന്നും വിമര്‍ശിക്കുന്നു.
2011ല്‍ അധികാരത്തിലെത്തിയപ്പോഴുണ്ടായിരുന്നതിനേക്കാളും വേതനം നിലവില്‍ കുറവാണെന്നും ചൂണ്ടികാണിക്കുന്നു.