വേള്‍ഡ് മലയാളി കൗണ്‍സിലുകള്‍ ഒരുമിക്കുന്നു; അയര്‍ലണ്ടിലോ….?

വേള്‍ഡ് മലയാളി കൗണ്‍സില്‍ വിവിധ പ്രോവിന്‍സുകളില്‍ വിഘടിച്ച് നില്‍ക്കുന്ന ഇരു വിഭാഗവും പടലപ്പിണക്കങ്ങള്‍ മറന്ന് ഒരുമിച്ച് പ്രവര്‍ത്തിക്കുവാന്‍ തീരുമാനിക്കുകയും അമേരിക്കയിലെ ന്യു ജഴ്‌സിയിലും , യൂറോപ്പിലെ യു.കെയിലും ഇതിനോടകം ഇരു വിഭാഗങ്ങളും ചേര്‍ന്ന് പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. ഇരു വിഭാഗങ്ങളുടെയും സാന്നിധ്യമുള്ള മറ്റ് രാജ്യങ്ങളില്‍ ഇതിനോടകം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു.

യൂറോപ്പിലെ ഏറ്റവും വലിയ മലയാളി സംഘടനയായ യുക്മയുടെ പ്രവര്‍ത്തനങ്ങളുമായി സഹകരിച്ച് ആഗോളതലത്തിലെ മലയാളികളുടെ സ്വരം ഒന്നായിത്തന്നെ കേള്‍ക്കുവാനും കഴിയുംവിധം അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തുവാനും ഡബ്ല്യൂഎംസിയും യുക്മയും സഹകരിക്കാന്‍ ഇതിനോടകം ധാരണയായി.വേള്‍ഡ് മലയാളി കൗണ്‍സിലിലെ രണ്ടു പ്രബലവിഭാഗങ്ങള്‍ ആയ ആന്‍ഡ്രൂ പാപ്പച്ചന്‍ വിഭാഗവും ഡോ. ജോര്‍ജ് ജേക്കബ് വിഭാഗവും തങ്ങളുടെ പടലപ്പിണക്കങ്ങള്‍ അവസാനിപ്പിച്ചതോടെയാണു സ്ഥാപക അംഗങ്ങളുള്‍പ്പെടുന്ന യുകെ പ്രൊവിന്‍സ് ഒരുമിച്ച് യുക്മയോടൊപ്പം പ്രവര്‍ത്തം ആരംഭിക്കുന്നത്.

വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഇരുവിഭാഗത്തിലെയും നേതാക്കളായ വി.സി. പ്രവീണ്‍, എ.എസ്. ജോസ്, അഡ്വ. സിറിയക് തോമസ്, ഐസക് ജോണ്‍ പട്ടാണിപ്പറമ്പില്‍, ജോണി കുരുവിള, അലക്‌സ് കോശി എന്നീ നേതൃത്വത്തിന്റെ അനുഗ്രഹാശിസുകളോടെ ഡബ്ല്യൂഎംസി യുകെയില്‍ യുക്മയുമായി കൈകോര്‍ക്കുമ്പോള്‍ മലയാളികളുടെ ആഗോളപ്രവര്‍ത്തനത്തിന്റെ പുത്തന്‍ ഉണര്‍വിന്റെ കാഹളമുയരുകയാണ്.

വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യുജേഴ്‌സി കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ഏകദിന സെമിനാറും, പ്രമുഖ സാമൂഹിക , സാംസ്‌കാരിക, സംഘടനാ നേതാക്കളും വന്‍ ജനാവലിയും പങ്കെടുത്ത ബാങ്ക്വറ്റും ശ്രദ്ധേയമാക്കിയ സമ്മേളനത്തോടെ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഐക്യസമ്മേളനം വന്‍ വിജയമായി. രണ്ടു ഗ്രൂപ്പുകളിലായി ന്യുജേഴ്‌സി പ്രോവിന്‍സില്‍ പ്രവര്‍ത്തിച്ച സംഘടനകളിലെ നേതാക്കള്‍ ഒരേ വേദിയില്‍ അണിനിരക്കുകയും ഇരുപതാം വാര്‍ഷികം പ്രമാണിച്ച് സംയുക്തമായി കേക്ക് മുറിക്കുകയും ചെയ്തത് അവിസ്മരണീയമായ അനുഭവമായി.. ജൂണ്‍ മാസം ഇരുപതാം തീയതി ഇരു വിഭാഗവും ഒത്തുചേര്‍ന്ന് വിപുലമായ സമ്മേളനവും സംഘടിപ്പിച്ചിട്ടുണ്ട് . മലയാളി സമൂഹത്തിലെ പ്രമുഖരായ പത്തുപേരെ ചടങ്ങില്‍ അവാര്‍ഡ് നല്കി ആദരിക്കും. തുടര്‍ന്ന് 26നു നടക്കുന്ന സംയുക്ത യോഗത്തില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തുകൊണ്ട് ഒരൊറ്റ സംഘടനയായി പ്രവര്‍ത്തിക്കുവാനും തീരുമാനമായി.

എന്നാല്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ രൂപീകൃതമായതിന് ശേഷം ജന്മമെടുത്ത പല മലയാളി സംഘടനകളും തങ്ങളുടെ പ്രവര്‍ത്തന മികവിനാല്‍ ഇതിനോടകം ജനമനസുകളില്‍ സ്ഥാനം പിടിച്ചു കഴിഞ്ഞു. ഇരു വിഭാഗങ്ങളിലായി ഭിന്നിച്ച് നില്‍ക്കുന്നത് മൂലം വിവിധ പ്രോവിന്‍സുകളില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ഒരു കടലാസ് സംഘടനയായി മാറിയിരിക്കുകയാണ് എന്ന സത്യം ഭാരവാഹികള്‍ തിരിച്ചറിഞ്ഞതാണ് ഒരുമിക്കാന്‍ കാരണമായി കരുതുന്നത്.

അയര്‍ലണ്ടില്‍ ഇരു വിഭാഗങ്ങളും ഒന്നിച്ച് പ്രവര്‍ത്തിക്കുവാനുള്ള ചര്‍ച്ചകള്‍ ആരംഭിക്കുവാന്‍ യൂറോപ്പ് പ്രോവിന്‍സില്‍ നിന്നും നിര്‍ദ്ദേശമുണ്ടായതായി സംഘടനയോട് അടുത്ത വൃത്തങ്ങള്‍ റോസ് മലയാളത്തോട് പറയുകയുണ്ടായി. ചടുലമായ നേതൃനിരയോടെസംഘടനയുടെപ്രവര്‍ത്തങ്ങള്‍ വിപുലപ്പെടുത്താനും അയര്‍ലണ്ട് മലയാളികളുടെ സ്വരം ഒന്നായി അധികാരികളില്‍ എത്തിക്കുവാനും സംഘടനയുടെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കുവാനും കഴിയുമെന്നാണ് വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങളോട് താത്പര്യമുള്ള അഭ്യൂതകാംഷികകള്‍ കണക്കാക്കുന്നത്.

Share this news

Leave a Reply

%d bloggers like this: