കര്‍ഷക ആത്മഹത്യയ്ക്ക് കാരണം പ്രണയനൈരാശ്യവും വന്ധ്യതയും മയക്കുമരുന്ന് ഉപയോഗവുമാണെന്ന് കേന്ദ്ര കൃഷിമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്ത് കര്‍ഷക ആത്മഹത്യകള്‍ വര്‍ധിക്കുന്നതിന് കാരണം പ്രണയനൈരാശ്യവും വന്ധ്യതയും മയക്കുമരുന്ന് ഉപയോഗവുമാണെന്ന് കേന്ദ്ര കൃഷിമന്ത്രി രാഥാ മോഹന്‍ സിംഗ്. രാജ്യസഭയിലാണ് കേന്ദ്രമന്ത്രിയുടെ വിവാദ പരാമര്‍ശം. പരാമര്‍ശം വിവാദത്തിലായതോടെ വിശദീകരണവുമായി കേന്ദ്രമന്ത്രി രംഗത്തെത്തി.

ദേശീയ ക്രൈം റെക്കോര്‍ഡ്്‌സ് ബ്യൂറോയുടെ റിപ്പോര്‍ട്ട് പ്രകാരം കര്‍ഷക ആത്മഹത്യയ്ക്ക് കാരണം സാമ്പത്തിക പ്രതിസന്ധി മാത്രമല്ലെന്നും കുടുംബ പ്രശ്‌നങ്ങളും, രോഗങ്ങളും മയക്കുമരുന്ന് ഉപയോഗവും പ്രണയനൈരാശ്യവും വന്ധ്യതയുമാണെന്നാണ് താന്‍ പറഞ്ഞതെന്ന് രാധാ മോഹന്‍ സിംഗ് പറഞ്ഞു.

ഇതേസമയം വിവാദ പരാമര്‍ശം നടത്തിയ കേന്ദ്രമന്ത്രിക്കെതിരെ പ്രതിപക്ഷം രംഗത്തെത്തി. കര്‍ഷകരുടെ കുടുംബങ്ങളില്‍ പോയി അവരുടെ ദുരിതങ്ങള്‍ മനസ്സിലാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി സ്വന്തം മന്ത്രിമാരോട് ഉപദേശിക്കണമെന്ന് കോണ്‍ഗ്രസ്സ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. വ്യവസായ സുഹൃത്തുക്കള്‍ക്ക് വേണ്ടിയാണ് മോഡി ഭരിക്കുന്നതെന്നും രാഹുല്‍ ആരോപിച്ചു.

മോഡി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം രാജ്യത്ത് 26 ശതമാനം കര്‍ഷക ആത്മഹത്യകള്‍ വര്‍ധിച്ചുവെന്നതാണ് യാഥാര്‍ത്ഥ്യമെന്ന് സിപിഐ(എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കുറ്റപ്പെടുത്തി.

രാഥാ സിംഗിനെതിരെ മുന്‍ ആപ്പ് നേതാവ് യോഗേന്ദ്ര യാദവും രംഗത്തെത്തി. ‘കര്‍ഷകര്‍ മാനസികമായി പ്രശ്‌നങ്ങള്‍ ഉള്ളവരെന്നാണോ? കേന്ദ്രമന്ത്രി വളരെ പക്വതയോടെ വേണം സംസാരിക്കാന്‍. കര്‍ഷകര്‍ക്കല്ല സര്‍ക്കാര്‍ പ്രഥമപരിഗണന നല്‍കുന്നതെന്ന് ഉറപ്പായി. വ്യവസായികള്‍ക്ക് വേണ്ടിയാണ് മോഡി സര്‍ക്കാര്‍ നിലകൊള്ളുന്നത്.’ യോഗേന്ദ്ര യാദവ് ആരോപിച്ചു.

ഇതാദ്യമായല്ല കര്‍ഷക വിരുദ്ധ പരാമര്‍ശം നടത്തി ബിജെപി നേതാവ് വിവാദത്തില്‍പ്പെടുന്നത്. ആത്മഹത്യ ചെയ്യുന്ന കര്‍ഷകര്‍ ഭീരുക്കളും ക്രിമിനലുകളുമാണെന്ന ഹരിയാന കൃഷിമന്ത്രി ഒപി ധന്‍കറിന്റെ പരാമര്‍ശം കഴിഞ്ഞ ഏപ്രിലില്‍ വിവാദമായിരുന്നു.

-എജെ-

Share this news

Leave a Reply

%d bloggers like this: