പഞ്ചാബില്‍ മൂന്ന് ഭീകരരെ വധിച്ചു…ഏറ്റുമുട്ടല്‍ അവസാനിച്ചു

ഗുര്‍ദാസ്പൂര്‍: പഞ്ചാബില്‍ പൊലീസ് സ്‌റ്റേഷന്‍ ആക്രമിച്ച ഭീകരരുമായി സൈന്യം 12 മണിക്കൂറോളം നടത്തിയ ഏറ്റുമുട്ടല്‍ അവസാനിച്ചു. ആക്രമണത്തിന് നേതൃത്വം നല്‍കിയ മൂന്നു ഭീകരരെ വധിച്ചെന്നും കൂടുതല്‍ ഭീകരര്‍ ഉണ്ടോയെന്നറിയാന്‍ തിരച്ചില്‍ തുടരുകയാണെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. കൊല്ലപ്പെട്ടവരുടെ വിവരങ്ങള്‍ പിന്നീട് പുറത്തുവിടുമെന്നും കലക്ടര്‍ പറഞ്ഞു. പഞ്ചാബില്‍ എട്ടു വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും വലിയ ഏറ്റുമുട്ടലാണ് ദിനനഗര്‍ പൊലീസ് സ്‌റ്റേഷനു നേരെയുണ്ടായത്.

ഭീകരാക്രമണത്തിനു പിന്നാലെ രാജ്യത്ത് സുരക്ഷ ശക്തമാക്കി. ജമ്മു കശ്മീര്‍, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ കനത്ത ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. മഹാരാഷ്ട്രയിലെ നാസികിലെ എംജി റോഡില്‍ നിന്നു പ്രവര്‍ത്തനക്ഷമമായ ബോംബ് കണ്ടെത്തി. സംസ്ഥാനത്ത് സുരക്ഷയുടെ ഭാഗമായി പെട്രോളിങ് ശക്തമാക്കിയതായി ഉത്തര്‍പ്രദേശ് ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറി അറിയിച്ചു. പൊതുസ്ഥലങ്ങളിലും വാഹനങ്ങളിലും പരിശോധന നടത്താന്‍ ഉത്തരവിട്ടതായി രാജസ്ഥാന്‍ പൊലീസ് ഉദ്യോഗസ്ഥരും അറിയിച്ചു.

പഞ്ചാബിലുണ്ടായ ഭീകരാക്രമണത്തില്‍ പൊലീസ് സുപ്രണ്ട് അടക്കം ഒന്‍പതു പേരാണ് കൊല്ലപ്പെട്ടത്. എസ്പി: (ഡിക്ടറ്റീവ്) ബല്‍ജീത്ത് സിങ്ങാണ് കൊല്ലപ്പെട്ടവരില്‍ പ്രമുഖന്‍. കാര്‍ഗില്‍ യുദ്ധവിജയ വാര്‍ഷികത്തിന്റെ തൊട്ടു പിറ്റേന്നുണ്ടായ ആക്രമണം രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്.

ഭീകരരില്‍ ഒരു വനിതയുള്ളതായി പരുക്കേറ്റ സുരക്ഷാ സൈനികന്‍ അറിയിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. 140 എന്‍എസ്ജി കമാന്‍ഡോകള്‍ അടക്കം 300 സൈനികര്‍ ഓപ്പറേഷനില്‍ പങ്കെടുത്തു.

പഞ്ചാബില്‍ ആക്രമണം നടത്തിയത് അതിര്‍ത്തി കടന്നെത്തിയ ഭീകരരാണെന്ന് വ്യക്തമായതോടെ പാക്കിസ്ഥാന് ഇന്ത്യ ശക്തമായ ഭാഷയിലാണ് മറുപടി നല്‍കിയിരിക്കുന്നത്. ഇനി ആക്രമണങ്ങള്‍ തുടര്‍ന്നാല്‍ ഇന്ത്യ ശക്തമായി തിരിച്ചടിക്കും. രാജ്യസുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്ത് സമാധാന ചര്‍ച്ചകള്‍ക്കില്ല. സ്ഥിതിഗതികള്‍ വിലയിരുത്തുകയാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു.

ഇന്നു പുലര്‍ച്ചെ 5.45 ഓടെയാണ് ഗുര്‍ദാസ്പൂരില്‍ പൊലീസ് സ്‌റ്റേഷനു നേരെ ഭീകരാക്രമണമുണ്ടായത്. മാരുതി കാറില്‍ സൈനിക വേഷത്തിലെത്തിയ നാലംഗ സംഘം പൊലീസ് സ്‌റ്റേഷനിലേക്ക് ഇരച്ചുകയറുകയായിരുന്നു.

പൊലീസ് സ്‌റ്റേഷനു നേരെയുണ്ടായത് ഭീകരാക്രമണം തന്നെയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. പാക്ക് ബന്ധമുള്ള ഭീകരരാണ് ആക്രമണത്തിനു പിന്നില്‍. രാജ്യമെങ്ങും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: