എജി ഓഫീസ് വിവാദത്തില്‍ ചീഫ് ജസ്റ്റീസ് ഇടപെടുന്നു

 

കൊച്ചി: എജി ഓഫീസിനെതിരേ തുടര്‍ച്ചയായി ജസ്റ്റീസ് അലക്‌സാണ്ടര്‍ തോമസ് രംഗത്തു വരുന്ന സാഹചര്യത്തില്‍ ഹൈക്കോടതി ചീഫ് ജസ്റ്റീസ് വിഷയത്തില്‍ ഇടപെടുന്നു. ജസ്റ്റീസ് അലക്‌സാണ്ടര്‍ തോമസ് പരിശോധിച്ച ഫയലുകള്‍ വീണ്ടും പരിശോധിക്കുവാന്‍ ചീഫ് ജസ്റ്റീസ് തീരുമാനിച്ചു. ഇതിനായി അഞ്ചു കേസുകളുടെ ഫയലുകള്‍ തന്നെ ഏല്‍പ്പിക്കുവാന്‍ ചീഫ് ജസ്റ്റീസ് അശോക് ഭൂഷണ്‍ ഹൈക്കോടതി രജിസ്ട്രാറോട് ആവശ്യപ്പെട്ടു. എജി ഓഫീസ് കേസില്‍ ആവശ്യമായ വിവരങ്ങള്‍ കൈമാറിയില്ലെന്ന വിമര്‍ശനം ഉയര്‍ന്നു വന്ന സാഹചര്യത്തിലാണു ഫയലുകള്‍ വീണ്ടും പരിശോധിക്കുവാന്‍ ചീഫ് ജസ്റ്റീസ് തീരുമാനിച്ചത്.

നേരത്തെ, പയ്യന്നൂരിലെ ഭൂമി സംബന്ധമായ ഒരു ക്രിമിനല്‍ കേസ് പരിഗണിക്കുന്നതിനിടെയാണു ജസ്റ്റീസ് അലക്‌സാണ്ടര്‍ തോമസ് എജി ഓഫീസിനെതിരേ രംഗത്തു വന്നത്. പയ്യന്നൂര്‍ ഭൂമി കേസില്‍ പോലീസിന്റെ വിശദീകരണം കോടതി നിരവധി തവണ ആവശ്യപ്പെട്ടിരുന്നു. ഇത് ലഭിക്കാത്തതിനെ തുടര്‍ന്നാണ് എജി ഓഫീസിനെതിരേ കോടതി വീണ്ടും വിമര്‍ശനമുന്നയിച്ചത്. കഴിഞ്ഞയാഴ്ച ഓപ്പറേഷന്‍ കുബേരയുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുന്നതിനിടെ എജി ഓഫീസിനെതിരേയും മുഖ്യമന്ത്രിക്കെതിരേയും കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇങ്ങനെ പോയാല്‍ എജി ഓഫീസ് പൂട്ടുന്നതാണു നല്ലതെന്നും ബാര്‍ കേസില്‍ ഹാജരായ അറ്റോര്‍ണി ജനറലിനെ വിമര്‍ശിക്കാന്‍ മുഖ്യമന്ത്രിക്ക് എന്ത് അവകാശമെന്നും കോടതി ചോദിച്ചിരുന്നു.

-എജെ-

Share this news

Leave a Reply

%d bloggers like this: