പുതിയ സര്‍വേ ഫലങ്ങള്‍ പുറത്തുവന്നു, കെനിക്കും ഫിനാഗേലിനും തിരിച്ചടി

 

ഡബ്ലിന്‍: ഏറ്റവും പുതിയ അഭിപ്രായവോട്ടെടുപ്പില്‍ ഭരണകക്ഷിയായ ഫിനാഗേലിന് തിരിച്ചടി. പാര്‍ട്ടിയുടെ ജനപിന്തുണ 5 ശതമാനം കുറഞ്ഞ് 24 ശതമാനമായി. 23 ശതമാനം പിന്തുണയുമായി ഫിയന്ന ഫെയില്‍ തൊട്ടുപുറകേയുണ്ട്.

ഐറിഷ് വാട്ടര്‍ വിവാദങ്ങളും ബാങ്കിംഗ് എന്‍ക്വയറിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുമാണ് ഫിനാനേലിന്റെ ജനപിന്തുണയിടിയാന്‍ കാരണമായതെന്നാണ് സൂചനകള്‍. സണ്‍ഡേ ഇന്‍ഡിപെന്ഡന്റ്/ മില്‍വാര്‍ഡ് ബ്രൗണ്‍ സര്‍വ്വേയില്‍ ലേബര്‍ പാര്‍ട്ടി 7 ശതമാനം ജനപിന്തുണ കൂടിയിട്ടുണ്ട്. സിന്‍ഫിന്‍ പിന്തുണ വ്യത്യാസമില്ലാതെ 21 ആയി തുടരുകയാണ്. ഇന്‍ഡിപെന്റിനും മറ്റുള്ളവര്‍ക്കുമുള്ള പിന്തുണ നാലു ശതമാനമുയര്‍ന്ന് 24 ശതമാനമെത്തി.

സോഷ്യലിസ്റ്റ് പാര്‍ട്ടിക്ക് 2 ശതമാനവും പീപ്പിള്‍ ബിഫോര്‍ പ്രോഫിറ്റ, ഗ്രീന്‍ പാര്‍ട്ടി & Renua Ireland എന്നിവയ്ക്ക് 1 ശതമാനവും രാജ്യത്തെ ഏറ്റവും പുതിയ പാര്‍ട്ടിയായ സോഷ്യല്‍ ഡെമോക്രാറ്റ്‌സിന് 0.5 ശതമാനവും പിന്തുണ ലഭിച്ചിട്ടുണ്ട്.

ഫിയന്ന ഫെയ്ല്‍ മൈക്കിള്‍ മാര്‍ട്ടിനാണ് ഏറ്റവും ജനപിന്തുണയേറിയ നേതാവ്. 32 ശതമാനം വോട്ടുകളാണ് അദ്ദേഹം നേടിയത്. 30 ശതമാനം പിന്തുണയുമായി സിന്‍ഫിന്‍ ജെറി ആഡംസ് തൊട്ടുപിന്നാലെയുണ്ട്. പ്രധാനമന്ത്രി എന്‍ഡ കെനിയുടെ പിന്തുണ 7 ശതമാനം കുറഞ്ഞ് 25 ശതമാനത്തിലെത്തി. ഉപപ്രധാനമന്ത്രി ജോണ്‍ ബര്‍ട്ടന്റെ പിന്തുണയും 6 ശതമാനം കുറഞ്ഞ് 20 തിലെത്തി. Renua നേതാവ് ലൂസിന്‍ഡ ക്രെയ്ഗ്ടണിന്റെ പിന്തുണയും 5 ശതമാനമിടിഞ്ഞ് 16 ശതമാനത്തിലെത്തി.

ഫിനാഗേലിന്റെ ഭരണത്തിലുള്ള സംതൃപ്തിയില്‍ ഇടിവുണ്ടായിരിക്കുകയാണ്. ജനപിന്തുണ 4 ശതമാനം കുറഞ്ഞ് 25 ശതമാനത്തിലെത്തിയപ്പോള്‍ 27 ശതമാനം പേര്‍ ഈ സര്‍ക്കാര്‍ തന്നെ അടുത്ത തവണയും അധികാരത്തില്‍ വരുമെന്ന് രേഖപ്പെടുത്തി. ഐറിഷ് വാട്ടര്‍ യൂറോസ്റ്റാറ്റ് ടെസ്റ്റില്‍ പരാജയപ്പെട്ട ജൂലായ് 19 മുതല്‍ 30 വരെയുള്ള കാലയളവിലാണ് സര്‍വ്വേ നടത്തിയത്. ഇതേ സര്‍വ്വേയില്‍ 36 ശതമാനം പേര്‍ വാട്ടര്‍ ചാര്‍ജ് പിന്‍വലിക്കണമെന്ന് അഭിപ്രായമുള്ളവരാണ്. അതേസമയം 37 ശതമാനവും പൂര്‍ണമായും നടപ്പിലാക്കണമെന്ന് അഭിപ്രായപ്പെട്ടു.

-എജെ-

Share this news

Leave a Reply

%d bloggers like this: