ഹിമാചല്‍പ്രദേശില്‍ മണ്ണിടിച്ചില്‍; എട്ടു മരണം

 

മണികരണ്‍: ഹിമാചല്‍ പ്രദേശിലെ മണികരണ്‍ സാഹിബ് ഗുരുദ്വാരയ്ക്ക് സമീപമുണ്ടായ ഉരുള്‍പൊട്ടലില്‍ എട്ട് പേര്‍ മരിച്ചു. പത്തിലധികം പേര്‍ക്ക് പരിക്കേറ്റു. ചരിത്രപ്രസിദ്ധമായ മണികരണ്‍ സാഹിബ് ഗുരുദ്വാരയ്ക്ക് സമീപമുള്ള കെട്ടിടം ഉരുള്‍പൊട്ടലില്‍ തകര്‍ന്നു. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. പരിക്കേറ്റവരെ കുളുവിലെ സോണല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഏഴു പേരുടെ നിലഗുരുതരമാണ്.

ഇന്ന് ഉച്ച തിരിഞ്ഞാണ് ഹിമാചലിലെ കുളു ജില്ലയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായത്. കെട്ടിടത്തില്‍ നിരവധി പേര്‍ താമസിച്ചിരുന്നതിനാല്‍ തന്നെ എത്ര പേര്‍ മണ്ണിനടിയില്‍ പെട്ടുവെന്ന് വ്യക്തമല്ല. കെട്ടിടത്തില്‍ പുറത്തുനിന്നുള്ള തീര്‍ത്ഥാടകരാണ് താമസിച്ചിരുന്നത്. മരിച്ചവര്‍ ഏത് സംസ്ഥാനത്തു നിന്നുള്ളവരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

മലയുടെ മുകളില്‍ നിന്നും കൂറ്റന്‍ പാറക്കല്ലുകള്‍ ഉരുള്‍പൊട്ടലില്‍ ഗുരുദ്വാരയുമായി ബന്ധപ്പെട്ട് കിടക്കുന്ന കെട്ടിടത്തിന് മുകളിലേക്ക് വീഴുകയായിരുന്നു. പ്രദേശത്ത് കുളു അസി. മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.
-എജെ-

Share this news

Leave a Reply

%d bloggers like this: